കേരളത്തിലെത്തിയ കാര്‍ഷിക ഉത്പന്ന വില നിര്‍ണയ കമ്മീഷനുമായി ചര്‍ച്ച നടത്തിയതായും കൊപ്രയുടെ താങ്ങുവില ഉയര്‍ത്തുന്നതിന് സഹായം തേടിയതായും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊപ്രയുടെ താങ്ങുവില 9725 രൂപയാക്കാനാണ് സഹായം തേടിയത്.
കൊട്ടത്തേങ്ങയുടെ താങ്ങുവില 10700 രൂപയാക്കാനും കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പച്ചത്തേങ്ങയുടെ താങ്ങുവില ക്വിന്റലിന് 2950 രൂപയാക്കാനുമാണ് സഹായം ആവശ്യപ്പെട്ടു. കേരളത്തിലെ നാളീകേര ഉത്പാദന തളര്‍ച്ച പരിഹരിക്കാന്‍ പത്തു വര്‍ഷം കൊണ്ട് നടപ്പാക്കുന്ന വിപുലമായ നാളീകേര വികസന പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് അഞ്ച് വര്‍ഷം വീതമുള്ള രണ്ടു ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നാളീകേര വികസനം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നതിന് നാളീകേര ഏകോപന കമ്മിറ്റി രൂപീകരിച്ച് ഈ മാസം ഉത്തരവിറങ്ങും. നാളീകേരത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കാന്‍ ആദ്യത്തെ അഗ്രോപാര്‍ക്ക് കോഴിക്കോട് സ്ഥാപിക്കും. ഇതിനായി വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നാളീകേര കര്‍ഷകര്‍ക്ക് ഉത്പന്നത്തിന് മികച്ച വില ലഭിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. വി. പി. ശര്‍മ്മ പറഞ്ഞു. വെളിച്ചെണ്ണയ്ക്ക് പുറമെ മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കാനും പ്രാധാന്യം നല്‍കണം. അഭ്യന്തര വിപണിക്ക് പുറമെ വിദേശ വിപണിയും ഇവയ്ക്ക് കണ്ടെത്താനാവും. അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായം കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തില്‍ നിന്ന് കേരളം തേടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒരു മാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Related Stories
Stories by TEAM YS MALAYALAM