ആക്കുളം ടൂറിസ്റ്റ് വില്ലേജ്‌; രണ്ടാംഘട്ട വികസന പ്രവൃത്തനങ്ങള്‍ക്ക് തുടക്കമായി

0

വര്‍ഷങ്ങളായി അവഗണനയില്‍ കഴിയുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മോചനമാകുന്നു. ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളോടും കൂടി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തില്‍ അഞ്ചുകോടിയുടെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സഞ്ചാരികള്‍ക്ക് ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക.

പൂര്‍ണ തകര്‍ച്ചയിലായ ആക്കുളത്തിന് ഫിനിക്‌സ്പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളുകളാണ് വരാന്‍ പോകുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മെച്ചപ്പെടുത്തുന്നതിന് പകരം അടച്ചു പൂട്ടാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി ആക്കുളം ടൂറിസ്റ്റ് വില്ലേജ് നേരിട്ടത്. രണ്ടാംഘട്ട വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടൂറിസ്റ്റ് വില്ലേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പതിനെട്ട് മാസങ്ങള്‍ക്കകം പദ്ധതി പൂര്‍ത്തിയാക്കും. തദ്ദേശീയരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായകരമായ ടൂറിസ്റ്റ് നയമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക രീതിയിലുള്ള സംഗീത ജലധാര, കൃത്രിമ വെള്ളച്ചാട്ടം, ആംഫി തിയറ്റര്‍, ആര്‍ട്ട് ഇന്‍സ്റ്റാലേഷന്‍, സൈക്ലിംഗ് ട്രാക്ക്, റോപ്പ് വേ, റെസ്റ്ററന്റ്, പാര്‍ക്കിംഗ് ഏരിയ, യോഗ മെഡിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ രണ്ടാംഘട്ട വികസത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കും.കുളവും പരിസരവും നവീകരിച്ച് ചെറിയ നൗകകളില്‍ സഞ്ചരിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കും. ഇതിനു ചുറ്റും നടപ്പാതയും ഫൗണ്ടനും ഒരുക്കും. ക്രിക്കറ്റ് ബൗളിംഗ് പിച്ചും ഏര്‍പ്പെടുത്തും. മുകളിലുള്ള രണ്ടര ഏക്കര്‍ സ്ഥലം കാനനഭംഗിയോടെ വ്യൂപോയന്റായി വികസിപ്പിക്കും.ഇവിടെ വിവിധ കലാകാരന്‍മാരുടെ ആര്‍ട്ട് ഇന്‍സ്റ്റാലേഷന് അവസരമൊരുക്കും.

യോഗത്തില്‍ ആക്കുളം ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ ഉഷാ ടൈറ്റസ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കൗണ്‍സിലര്‍മാരായ വി.ആര്‍ സിനി, അനില്‍കുമാര്‍, ശിവദത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.