ജൈവകൃഷി വിപ്ലവത്തിനൊരുങ്ങി പൂര്‍ണ ഓര്‍ഗാനിക്‌സ്

0


ഏകദേശം ഇരുപത് വര്‍ഷം മുമ്പ് വരെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ന് ഇത് സര്‍വ്വ സാധാരണ രോഗമായി മാറിയിരിക്കുന്നു. ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ് ഈ രീതിയിലേക്ക് മനുഷ്യനെ എത്തിച്ചിരിക്കുന്നത് എന്നതില്‍ ഭിന്നാഭിപ്രായമില്ല. പ്രധാനമായും മാരകമായ കീടനാശിനികള്‍ തളിക്കുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നത് തന്നെയാണ് രോഗങ്ങള്‍ക്ക് കാരണം. എങ്കില്‍പിന്നെ എന്തുകൊണ്ട് ജൈവ കൃഷിയിലേക്ക് തിരിഞ്ഞുകൂട? ഈ ചിന്താഗതിയില്‍ നിന്നാണ് എന്ന് രാജ്യത്തിനകത്ത് ആയിരത്തോളം ഉപഭോക്താക്കളുള്ള പൂര്‍ണ ഓര്‍ഗാനിക്‌സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനം രൂപപ്പെട്ടത്. ജൈവകൃഷിക്ക് ആവശ്യമുള്ള കാര്‍ഷിക ഉല്‍പന്നങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന പൂര്‍ണ ജൈവ കൃഷിയില്‍ പുതു ചരിതത്തിനൊരുങ്ങുകയാണ്.

സ്വയം പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇതിനുള്ള സൗകര്യമെത്തിച്ച് കൊടുക്കുകയാണ് ലക്ഷ്യമെന്ന് പൂര്‍ണയുടെ സ്ഥാപകന്‍ കൂടിയായ മല്ലേഷ് തിംഗലി പറയുന്നു. സ്ഥല പരിമിതിയോ സ്ഥലമില്ലായ്മയോ കൃഷിക്ക് പ്രശ്‌നമേയല്ല. ടെറസിലോ ബാല്‍ക്കണിയിലേ എവിടെ വേണമെങ്കിലും കൃഷി ചെയ്യാം. ചെടികള്‍ നനച്ചുകൊടുക്കാന്‍ സമയമില്ലാത്തവര്‍ക്ക് സെല്‍ഫ് വാട്ടറിംഗ് ടെക്‌നോളജിവരെ സജ്ജമാക്കിയിട്ടുണ്ട്. കൃഷി ചെയ്യാന്‍ പ്രത്യേക ബോക്‌സുകളും പൂര്‍ണ വഴി ലഭ്യമാകും. ഉയര്‍ന്ന നിലവാരമുള്ള പ്ലാസ്റ്റിക് കൊണ്ടാണ് ബോക്‌സ് നിര്‍മിച്ചിരിക്കുന്നത്. മറ്റ് രാസവസ്തുക്കള്‍ ഒന്നും ബോക്‌സിലേക്ക് കടക്കില്ല. കൂടാതെ അള്‍ട്രാ വയലറ്റ് രശ്മികളെ തടയാനുള്ള ശേഷിയും ബോക്‌സുകള്‍ക്കുണ്ട്-മല്ലേഷ് പറയുന്നു.

2008ല്‍ ബംഗലൂരുവിലാണ് പൂര്‍ണ ഓര്‍ഗാനിക്‌സ് സ്ഥാപിച്ചത്. നിങ്ങളുടെ ഭക്ഷണം സ്വയം നിയന്ത്രിക്കുക-ഇതാണ് പൂര്‍ണ നല്‍കുന്ന സന്ദേശം. സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് പൂര്‍ണ ചെയ്യുന്നത്. ഇതിനായി കൃഷി ആര്‍ക്കുവേണമെങ്കിലും സാധ്യമാകുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. പച്ചക്കറികള്‍ വളര്‍ത്താനുപയോഗിക്കുന്ന ബോക്‌സിന് പുറമെ പൂര്‍ണയുടെ എല്ലാ ഉല്‍പന്നങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. കൂടാതെ കൃഷി പരിപാലനത്തിനുള്ള വിശദ വിവരങ്ങളും ഓണ്‍ലൈനിലുണ്ട്. പച്ചക്കറിതോട്ടങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചും അത് പരിപാലിക്കുന്നതിനെക്കുറിച്ചുമുള്ള എല്ലാ കാര്യങ്ങളും വായിച്ചറിയാം. ഓണ്‍ലൈന്‍ വഴി കൃഷി പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വെബ്‌സൈറ്റ് നോക്കി വീട്ടില്‍ ഏതൊരാള്‍ക്കും പച്ചക്കറി കൃഷി ചെയ്യാനാകുന്ന രീതിയിലുള്ള സംവിധാനമാണ് മല്ലേഷ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 500 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. സ്‌കൂളുകളില്‍ പച്ചക്കറിതോട്ടം നിര്‍മിക്കാനും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനുവേണ്ടി എക്കോപാല്‍, ഗാര്‍ഡന്‍ കണക്ട് എന്നീ സംവിധാനങ്ങളും ഉണ്ട്. മൂവായിരത്തോളം സ്‌കൂള്‍ കുട്ടികളിലാണ് എക്കോപ്പാല്‍ എത്തിയിട്ടുള്ളത്. വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലായി ആയിരത്തിലധികം പേര്‍ക്കാണ് ഗാര്‍ഡന്‍ കണക്ട് പരിശീലനം നല്‍കിയത്. അവര്‍ക്ക് ഇടവേളകളില്‍ ഒരു വിനോദമെന്ന രീതിയിലാണ് കൃഷി ഒരുക്കിയിരിക്കുന്നത്.

പദ്ധതി വിജയത്തിലേക്കെത്തിയ ശേഷം കൃഷിക്കുള്ള ബോക്‌സ് വാങ്ങുന്നവര്‍ക്ക് മറ്റ് കാര്‍ഷിക വസ്തുക്കളും പൂര്‍ണ സൗജന്യമായി നല്‍കുന്നുണ്ട്. അതായത് കൃഷിക്കുള്ള വിത്തുകള്‍, തൈകള്‍, ജൈവ കീടനാശിനികള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍വഴി ലഭ്യമാകും. ഓണ്‍ലൈനില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഡെബിറ്റ് കാര്‍ഡ് വഴിയോ കാഷ് ഓണ്‍ ഡെലിവറി വഴിയോ പേയ്‌മെന്റ് നല്‍കാം. വെബ്‌സൈറ്റ് നോക്കി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനാകും. എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഫോണ്‍ വഴിയും മറുപടി നല്‍കും.

ബംഗലൂരുവില്‍ തന്നെയുള്ളവര്‍ക്ക് പൂര്‍ണയിലെ ടീം അംഗങ്ങള്‍ നേരിട്ടെത്തിയും സഹായിക്കാറുണ്ട്. ജൈവ പച്ചക്കറികളുടെ വില്‍പനക്ക് മാര്‍ക്കറ്റ് ഉണ്ടാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. രാജ്യത്ത് ഒരു ജൈവകൃഷി വിപ്ലവം തന്നെയുണ്ടാക്കിയെടുക്കണം. ജൈവ ഉല്‍പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തേണ്ടതായുണ്ട്. രാജ്യത്ത് ജൈവ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കേണ്ടതായുണ്ട്. ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും കൂടുതല്‍ അവസരങ്ങളുണ്ടാക്കണം. ജൈവ ഉല്‍പന്നങ്ങളിലൂടെ മനുഷ്യന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ആരോഗ്യം തിരിച്ചു പിടിക്കണമെന്നും മല്ലേഷ് പറയുന്നു.