ഭിന്നശേഷി നിര്‍ണയ മൊബൈല്‍ യൂണിറ്റുകള്‍ ആഗസ്റ്റ് മുതല്‍

0

ഭിന്നശേഷി നിര്‍ണയ മൊബൈല്‍ യൂണിറ്റുകള്‍ ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ചലനവൈകല്യമുള്ളവര്‍ക്കുള്ള ഹൈടെക് വീല്‍ചെയര്‍ പദ്ധതിയായ ശുഭയാത്ര സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് ഗ്രാമങ്ങളിലുള്‍പ്പെടെ മൊബൈല്‍ യൂണിറ്റെത്തി ഭിന്നശേഷി നിര്‍ണയം നടത്തുന്നത്. തുടക്കത്തില്‍ 25 വാഹനങ്ങളാണുണ്ടാവുക. 

ഫിസിയോതെറാപ്പിസ്റ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മൊബൈല്‍ യൂണിറ്റിലുണ്ടാവും. വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഹൈടെക് ആയി മാറണം. അംഗപരിമിതര്‍ക്ക് കാലത്തിനനുസരിച്ച് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണം. അംഗപരിമിതര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സഹായത്തോടെ മെഗാ ക്യാമ്പ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് ഉടന്‍ ക്യാമ്പ് നടത്തും. ഭിന്നശേഷി ക്ഷേമത്തിലെ വലിയ കാല്‍വയ്പാണ് ശുഭയാത്ര പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ചലനവൈകല്യമുള്ള വിഷ്ണുവിന് ആദ്യ ഹൈടെക് വീല്‍ചെയര്‍ മന്ത്രി കൈമാറി. വ്യക്തിപരമായും സാമൂഹ്യപരമായും വലിയ നേട്ടമാണ് ശുഭയാത്ര പദ്ധതിയിലൂടെ കൈവരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കെ. മുരളീധരന്‍ എം. എല്‍. എ മുഖ്യാതിഥിയായിരുന്നു. പത്തു പേര്‍ക്കാണ് ഹൈടെക് വീല്‍ചെയറുകള്‍ നല്‍കിയത്. സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ഹൈടെക് വീല്‍ചെയര്‍ വികസിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ഭിന്നശേഷി കമ്മീഷണര്‍ ഡോ. ഹരികുമാര്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, സാമൂഹ്യനീതി ഡയറക്ടര്‍ ടി. വി. അനുപമ, കെ. എസ്. എസ്. ടി. എം ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഒ. വിജയന്‍, കെ. ജി. സജന്‍, സുഹ്‌റാബി, ഗിരീഷ് കീര്‍ത്തി, എം. ഡി കെ. മൊയ്തീന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.