പാര്‍ലമെന്ററി വ്യവസ്ഥയിലൂടെ ഫാസിസം കടന്നുവരുന്നത് തടയണം : മന്ത്രി എ.കെ. ബാലന്‍

0

പാര്‍ലമെന്ററി വ്യവസ്ഥയിലൂടെ ഫാസിസം കടന്നുവരുന്നത് തടയാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സജ്ജരാകണമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ നിയമ പാര്‍ലമെന്ററികാര്യ മന്ത്രി. എ.കെ. ബാലന്‍ പറഞ്ഞു. പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണത്തില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി ലിറ്ററസി ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. 

കൗണ്‍സിലര്‍ എം.എ. വിദ്യാ മോഹന്‍ സ്‌കൂള്‍ ലിറ്ററസി ക്ലബ്ബിന്റെ ലോഗൊ പ്രകാശനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ബിജു ലക്ഷ്മണന്‍ സ്വാഗതം ആശംസിച്ചു. കേരള സര്‍വ്വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ജോസഫ് ആന്റണി 'പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാവി' എന്ന വിഷയം അവതരിപ്പിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന ഇന്റര്‍-ഇന്‍ട്രാ സ്‌കൂള്‍ ഉപന്യാസ മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി. പി.ടി.എ പ്രസിഡന്റ് ആര്‍. സുരേഷ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സലിം, പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് ബാബു, സ്വാഗത സംഘം കണ്‍വീനര്‍ എം.ഷാജി എന്നിവര്‍ സംസാരിച്ചു.