കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച ഗൈഡിന്റെ കുടുംബത്തിന് മന്ത്രി സഹായധനം കൈമാറി

0

ബോണക്കാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച ഗൈഡ് രാജേന്ദ്രന്റെ കുടുംബത്തെ വനംമന്ത്രി കെ. രാജു സന്ദര്‍ശിച്ചു. അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ച അഞ്ചുലക്ഷം രൂപയില്‍ രാജേന്ദ്രന്റെ വിധവ സ്‌കാര്‍ലറ്റിന്റെ വിഹിതമായ 1,66,500 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഉത്തരവ് വിതുര മേമലയിലുള്ള വീട്ടിലെത്തി മന്ത്രി കൈമാറി. 

ബാക്കി തുക മക്കളായ ഷീബ, രാജേഷ് എന്നിവരുടെ പേരില്‍ അവരുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് നിക്ഷേപിക്കും. രാജേന്ദ്രന്റെ മകന് ജോലി നല്‍കുന്ന കാര്യവും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അപകടമുണ്ടായയുടന്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സഹായങ്ങളും മരണാനന്തരചെലവുകളും സര്‍ക്കാര്‍ നല്‍കിയിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രാജേന്ദ്രനൊപ്പം ഗുരുതര പരിക്കേറ്റ മറ്റൊരു ഗൈഡായ മണിയന്റെ ചികില്‍സാചെലവായി 75,000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ തുക ചികിത്സയ്ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ വഹിക്കും. അടിയന്തരസഹായമായി 10,000 രൂപയുടെ ചെക്ക് മണിയന്റെ മക്കള്‍ക്ക് മന്ത്രി നല്‍കി. ഓഫ് സീസണില്‍ വനത്തിനുള്ളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, വെള്ളനാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ജുഷ ആനന്ദ്, സതീഷ് കുമാര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.ജെ. വര്‍ഗീസ് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.