ചായപ്രേമികള്‍ക്കായി ടീ ബോക്‌സ്

0


ലോകമെങ്ങുമുള്ള ചായപ്രേമികളെ ലക്ഷ്യമിട്ടു കൊണ്ടുതുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് ടീബോക്‌സ്. ഇന്നു ഈ കമ്പനി വന്‍കിട ബിസിനസുകാരനായ രത്തന്‍ ടാറ്റയില്‍ നിന്നും വെളിപ്പെടുത്താന്‍ കഴിയാത്ത അത്ര വലിയൊരു തുക നിക്ഷേപമായി നേടിയെടുത്തു.

സംരംഭത്തെ കൂടുതല്‍ വിപുലീകരിക്കാനും പുതിയ വിപണികള്‍ കണ്ടെത്താനും രത്തന്‍ ടാറ്റയുടെ നിക്ഷേപം സഹായിക്കുമെന്ന് ടീബോക്‌സിന്റെ സ്ഥാപകനും സിഇഒയുമായ കൗശല്‍ ദുഗാര്‍ പറഞ്ഞു. ഈ രംഗത്ത് മുന്‍പരിചയമുള്ള രത്തന്‍ ടാറ്റയുടെ നേതൃത്വം ടീബോക്‌സിന്റെ വളര്‍ച്ചയ്ക്ക് ഉറപ്പായും ഗുണം ചെയ്യുമെന്നും കൗശല്‍ പറഞ്ഞു.

2012 ലാണ് കൗശല്‍ ദുഗാര്‍ ടീബോക്‌സ് തുടങ്ങുന്നത്. ഓണ്‍ലൈനിലൂടെ തേയിലപ്പൊടി വാങ്ങാവുന്ന സംരഭമാണിത്. ഡാര്‍ജിലിങ്, അസം, നീലഗിരി, നേപ്പാള്‍ എന്നിവിടങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന തേയിലപ്പൊടിയാണ് ഓണ്‍ലൈനിലൂടെ ടീബോക്‌സ് വിതരണം ചെയ്യുന്നത്.

93 രാജ്യങ്ങളില്‍ ഇവര്‍ക്ക് വിപണിയുണ്ട്. കമ്പനിയുടെ 95 ശമാനം വരുമാനവും ഇന്ത്യയ്ക്കു പുറത്തു നിന്നാണ് ലഭിക്കുന്നത്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ് എന്നിവയാണ് തങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങളെന്നും ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലും ശ്രദ്ധ വച്ചിട്ടുണ്ടെന്നും കൗശല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 2.5 ശതമാനം വളര്‍ച്ച കമ്പനിയ്ക്കുണ്ടായെന്നാണ് പറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ജാഫ്‌കോ ഏഷ്യയില്‍ നിന്നും 6 മില്യന്‍ ഡോളര്‍ നിക്ഷേപം നേടി. 2014 ല്‍ ആക്‌സല്‍ പാര്‍ട്‌നേഴ്‌സ്, ഹൊറൈസണ്‍ വെഞ്ചുവേഴ്‌സ് എന്നിവരില്‍ നിന്നായി ഒരു മില്യന്‍ ഡോളര്‍ നിക്ഷേപമായി നേടിയെടുത്തു.

കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 25 സ്റ്റാര്‍ട്ടപ്പുകളിലാണ് രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയത്. അതില്‍ യൂണികോണ്‍, ഒല, പെടിഎം, സ്‌നാപ്ഡീല്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്.

കഴിഞ്ഞ 200 വര്‍ഷങ്ങളായി തേയില കയറ്റുമതി രംഗത്ത് ഇന്ത്യയ്ക്ക് ഉയര്‍ന്ന സ്ഥാനമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ആദ്യത്തെ ആഗോള പ്രീമിയം ടീ ബ്രാന്‍ഡാകാനുള്ള പരിശ്രമത്തിലാണ് ടീബോക്‌സ്.