മാറ്റം ആവശ്യപ്പെടുന്ന രാഷ്ട്രീയ ഭാഷ: അഷുതോഷ്

0

രാഷ്ടീയ സംവാദങ്ങള്‍ വ്യക്തിപരമായ കടന്നാക്രമങ്ങളായി മാറുകയും ഭാഷ തന്നെ രാഷ്ട്രീയത്തിലെ ഒരു ആയുധമായി മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് മാറേണ്ട രാഷ്ട്രീയ ഭാഷയെക്കുറിച്ച് തന്റെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുന്നു.

ചരക്കു സേവന നികുതി ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്റ് ചര്‍ച്ചയെക്കുറിച്ച്‌ കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റി തന്റെ ഫെയ്‌സ് ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ചരക്കു സേവന നികുതിക്കപ്പുറം ആ കുറിപ്പില്‍ നിറഞ്ഞത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെ തരംതാണു പോകുന്ന ഭാഷാപ്രയോഗങ്ങളെ കുറിച്ചായിരുന്നു. സമകാലീന രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ നിലവാരത്തകര്‍ച്ച പരിശോധിച്ചാല്‍ ജെയ്റ്റ്‌ലിയുടെ വാദത്തെ തള്ളിക്കളയാനാകില്ല. പല ചര്‍ച്ചകളും വിമര്‍ശനാത്മക സംവാദം എന്ന തലം വിട്ട് വ്യക്തിപരമായ ചെളിവാരിയെറിയലായി അധപതിക്കുകയാണ്. ചില സമയം സഭ്യതയുടെ അതിര്‍വരമ്പ് ഏതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ തുടര്‍ച്ചയായി സഭ്യേതരമായ പ്രയോഗങ്ങളാണ് സംവാദത്തില്‍ ഏര്‍പ്പെടുന്നവര്‍ നടത്തുന്നത്. ഇത്തരം പ്രവണതകള്‍ രാഷ്ട്രീയത്തെ മലീമസമാക്കുകയേ ഉള്ളൂ. ക്രിമിനല്‍ പച്ഛാത്തലമുള്ളവര്‍ പോലും രാഷ്ട്രീയത്തിലൂടെ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും വിവിധ അധികാര കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനും ഇത് ഇടയാക്കുന്നുണ്ട്. രാഷ്ട്രീയത്തിലെ കീഴാള വത്കരണമോ മുഖ്യധാരയിലേക്കുള്ള പ്രാദേശിക രാഷ്ട്രീയ കടന്നു കയറ്റമോ ആണ് ഇതിന് കാരണമായി രാഷ്ട്രീയ വരേണ്യവര്‍ഗം നിരത്തുന്നത്.

അതു കൊണ്ടു തന്നെ ഗൗരവതരമായ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയമാണിത്. സ്വാതന്ത്യസമര കാലഘട്ടത്തില്‍ രാഷ്ട്രീയ നേതൃത്വം, പ്രത്യേകിച്ച കോണ്‍ഗ്രസ് നേതൃത്വം സമൂഹത്തിലെ മേല്‍ത്തട്ടിനെ പ്രതിനിധീകരിക്കുന്നതായിരുന്നു. ഇംഗ്ലണ്ടിലെ മികച്ച കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരായിരുന്നു രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലുണ്ടായിരുന്നത്. ഇംഗ്ലീഷ് ഭാഷയിലും പ്രയോഗത്തിലും പ്രാവീണ്യമുള്ള ഇവര്‍ ഇംഗ്ലീഷ് പാര്‍ലമെന്ററി പാരമ്പര്യത്തോടും അടുത്ത് നിന്നവരായിരുന്നു. ഈ പാരമ്പര്യത്തെ തകര്‍ത്താണ് മഹാത്മാ ഗാന്ധി ഖാദിയുമായെത്തിയത്. 

ഗാന്ധിയുടെ വസ്ത്രധാരണത്തോട് വിയോജിച്ച് വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ ഗാന്ധിയെ വിശേഷിപ്പിച്ചത് അര്‍ധ നഗ്നനായ ഫക്കീര്‍ എന്നായിരുന്നു. എന്നാല്‍ ജനങ്ങളോട് അടുത്ത് നില്‍ക്കാന്‍ വിദേശ ഭാഷയും വിദേശ വസ്ത്രവുമല്ല ആവശ്യമെന്നത് തിരിച്ചറിഞ്ഞായിരുന്നു ഗാന്ധി ഖാദി പ്രചരണത്തെ മുറുകെ പിടിച്ചത്. ഇത് വിജയകരവുമായിരുന്നു.

അതേസമയം ഇംഗ്ലീഷ് ഭാഷയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ശൈലിയായിരുന്നു നെഹ്‌റു വെച്ചു പുലര്‍ത്തിയിരുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ നല്ല സ്വാധീന ശക്തിയുണ്ടായിരുന്ന അദ്ദേഹം അതിന് കഴിയുന്നവരുമായി ആശയവിനിമയം നടത്താനും ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് ശേഷം വന്നവരില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് മാത്രമായിരുന്നു ഇംഗ്ലീഷ് വശമില്ലാതെ പോയത്. 

പക്ഷേ ഭാഷാ തടസത്തെ അതിജീവിച്ചതും വരേണ്യ രാഷ്ട്രീയവല്‍ക്കരണത്തെ മറികടന്നതും റാം മനോഹര്‍ ലോഹ്യ ആയിരുന്നു. അദ്ദേഹമായിരുന്നു കോണ്‍ഗ്രസ് വിരുദ്ധ, പിന്നാക്ക വിഭാഗ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ്. അതു വരെ ബ്രാഹ്മണരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസായിരുന്നു രാജ്യത്തെ മുഖ്യ പാര്‍ട്ടി. എന്നാല്‍ ജനസംഖ്യാടിസ്ഥാനത്തില്‍ അധികാരം കൈമാറണമെന്ന ആവശ്യം ലോഹ്യ മുന്നോട്ടു വെച്ചു. 

ഇത് അധികാരത്തിലിരുന്ന വരേണ്യ വര്‍ഗ്ഗങ്ങള്‍ക്കെതിരെയുള്ള കൃത്യമായ ജനാധിപത്യ വീക്ഷണമായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ ആധിപത്യം കാണാന്‍ കാത്തു നില്‍ക്കാതെ അദ്ദേഹം വിടപറഞ്ഞുവെങ്കിലും1990കളുടെ തുടക്കത്തില്‍ മണ്ഡല്‍ കമ്മീഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോടെ പുതിയ നേതൃ നിര രംഗത്തു വന്നു.

ലാലു പ്രസാദ്, മുലായം, മായാവതി, കാന്‍ഷീറാം,. കല്യാണ്‍ സിംഗ്, ഉമാഭാരതി തുടങ്ങിയ വര്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരായിരുന്നില്ല. തെരുവില്‍ നിന്നും വളര്‍ന്നു വന്ന ഇവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ഭാഷക്ക് തുടക്കമിട്ടു. 

അതുവരെ അധികാരം കയ്യാളിയിരുന്ന വരേണ്യവര്‍ഗ്ഗത്തിന് ഈ ഭാഷയോട് എതിര്‍പ്പുമുണ്ടായിരുന്നു. ലാലുവും, മുലായവും മായാവതിയും ഭാഷയുടെ പേരില്‍ കളിയാക്കപ്പെട്ടവരായി മാറി. 

ഇവരില്‍ പലര്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന് ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഇവരെ പുച്ഛത്തോടെയാണ് മേല്‍ജാതിയില്‍പെട്ടവര്‍ കണ്ടിരുന്നത്. അഴിമതിയും കഴിവില്ലായ്മയും ഇവരുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമങ്ങളുമുണ്ടായി. എന്നാല്‍ ജനാധിപത്യത്തിലെ ഭൂരിപക്ഷത്തെ ഒരിക്കല്‍ അധികാരത്തില്‍ ഇരുന്ന ഇവര്‍ക്ക് അംഗീകരിക്കേണ്ടതായി വന്നു.

ഭാഷാപരമായി ചിന്തിക്കുകയാണെങ്കില്‍ ഇത്തരം കീഴാളവത്ക്കരണം കൊണ്ടു മാത്രമാണ് ഭാഷയുടെ നിലവാരം താഴേക്ക് പോയത് എന്ന് കരുതുക വയ്യ. മറിച്ച് ഈ വ്യവഹാരത്തില്‍ പുതിയ ഒരു ഭാഷക്കും കൂടി അവസരം കൈവന്നു എന്നതാണ് യാഥാര്‍ഥ്യം. പ്രാദേശിക ഭാഷകള്‍ക്ക് മുന്നില്‍ ഇംഗ്ലീഷ് വഴിമാറുന്ന കാഴ്ചയായിരുന്നു അത്. ഈ പുതിയ ഭാഷാ സംസ്‌കാരം ഇംഗ്ലീഷ് സംസാരിക്കുന്ന വിഭാഗത്തിന് ഒരു ഞെട്ടല്‍ തന്നെയായിരുന്നു. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് പ്രധാനവിഭാഗങ്ങള്‍ക്കിടയിലെ അന്തര്‍ധാരയായി പരിണമിച്ചു. ഇവര്‍ക്കിടയിലെ വേര്‍തിരിവ് അടിസ്ഥാനപരവും കൂടുതല്‍ കയ്പ്പു നിറഞ്ഞതുമായി മാറി. മേല്‍ കീഴ് വിഭാഗങ്ങള്‍ ഒരേ രാഷ്ട്രീയ ഭൂമികക്കു വേണ്ടി പോരാടുന്ന കാഴ്ചയായിരുന്നു പിന്നീട്. ആരും വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. രാഷ്ട്രീയ വ്യത്യാസം രാഷ്ട്രീയ വൈര്യമായി മാറുകയായിരുന്നു. സംവാദം സഭ്യേതരമായ പ്രയോഗങ്ങള്‍ക്ക് വഴിമാറി.

ഈ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി പുതിയ ഒരു തലം കൊണ്ടു വന്നു. അതു വരെ ആരും കാണാത്ത പുതിയ ഒരു രാഷ്ട്രീയ ഇടപെടലായിരുന്നു അത്. അത് സാമ്പ്രദായിക രാഷ്ട്രീയത്തില്‍ നിന്ന് വേറിട്ടു നിന്നു. അധികാരത്തിലെ പഴമക്കാര്‍ക്ക് പുതിയ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഏറെ പ്രയാസമായിരുന്നു. എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളും എ എ പിക്ക് എതിരായ പരാമര്‍ശങ്ങളാണ് നടത്തിയിരുന്നത്. അഴുക്കു ചാലിലെ എലികളായി വിലയിരുത്തി. 

ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി മോദി ആം ആദ്മി പാര്‍ട്ടിക്കാര്‍ കാട്ടില്‍ താമസിക്കുന്ന നക്‌സലുകളാണെന്ന് കളിയാക്കി. നിര്‍ഭാഗ്യവാന്‍മാര്‍ എന്നും പരാമര്‍ശിച്ചു. ബി ജെ പി നേതാവ് ഗിരിരാജ് സിംഗ് ഇവരെ രാക്ഷസരെന്ന് വിളിച്ചപ്പോള്‍ ഒരു പടി കടന്ന് സാത്വി നിരഞ്ജന്‍ ജ്യോതി ഇവരെ പിതൃശൂന്യരെന്ന് അപഹസിച്ചു. ബി ജെ പി നേതൃത്വം ഇവരെ നിയന്ത്രിക്കാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ല.

2007ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോദി സോണിയ ഗാന്ധിയേയും ഇലക്ഷന്‍ കമ്മീഷണര്‍ ജെ എം ലിഗ്‌ദോയെക്കുറിച്ചും പറഞ്ഞത് ഇന്നും ഓര്‍മയിലുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് യശ്വന്ത് സിന്‍ഹ ശിഖണ്ഡി എന്നു വിളിച്ച് കളിയാക്കിയതും ഓര്‍മ്മയിലുണ്ട്. അന്ന് വാജ്‌പേയ് സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. ഇന്ന് അരവിന്ദ് കേജ്രിവാള്‍ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ് ജെയ്റ്റിലിയും മുതിര്‍ന്ന ബി ജെ പി നേതാക്കളും.

മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും സ്വയം ഉള്ളിലേക്ക് നോക്കാതിരിക്കുകും ചെയ്യുന്നത് ശരിയായ നയമല്ല. എ എ പിയുടെ രൂപീകരണത്തിന് മുമ്പ് തന്നെ എം പിമാരുടെ പെരുമാറ്റചട്ടത്തെക്കുറിച്ച് എത്തിക്‌സ് കമ്മിറ്റി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ നിലവിലുണ്ട്. എന്നാല്‍ ഇത് ഇതു വരെ ആരും ഗൗരവമായി എടുത്തിട്ടില്ല. ഉത്തരം നിസാരമാണ്. ഇന്ത്യയിലെ രാഷ്ട്രീയം മാറിക്കഴിഞ്ഞു. ചരിത്രപരമായ കാരണങ്ങള്‍ക്കപ്പുറം മുതിര്‍ന്ന പാര്‍ട്ടികള്‍ക്കെല്ലാം പ്രാതിനിധ്യം എന്നത് ഒരു പ്രധാന പ്രശ്‌നമായി മാറിക്കഴിഞ്ഞു. ആരും അധികാരമെന്ന കസേര ഉപേക്ഷിക്കാന്‍ തയ്യാറല്ല. ഇന്ന് ചരിത്രവും വര്‍ത്തമാനവും തെറ്റായി ഉപയോഗിക്കപ്പെടുന്ന ഭാഷാപ്രയോഗങ്ങളുടെ സന്നിഗ്ധ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ഒരു കാര്യം ഉറപ്പായി പറയാം. ഇവിടെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ അത് നല്ലതിനായുള്ള മാറ്റമാണെന്ന പ്രത്യാശയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.