ടൂറിസ്റ്റുകള്‍ക്കായി 'ടേക്ക് എ ബ്രേക്ക്'

0

ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച ടേക്ക് എ ബ്രേക്ക് സംവിധാനം സൂപ്പര്‍ഹിറ്റ്. സംസ്ഥാനത്തെ പ്രധാന പാതകള്‍ക്ക് സമീപം സഞ്ചാരികള്‍ക്കായി റസ്‌റ്റോറന്റ് കം ടോയിലറ്റ് സൗകര്യമൊരുക്കുകയാണ് ടേക്ക് എ ബ്രേക്ക് പദ്ധതികൊണ്ട് ലക്ഷ്യമിട്ടത്.

തലസ്ഥാനത്ത് ശംഖുംമുഖത്താണ് പദ്ധതി നടപ്പാക്കിയത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക വളരെ പ്രയോജനപ്രമായി മാറിയിരിക്കുകയാണ് ഈ സംവിധാനം. കടല്‍ക്കാറ്റും കൊണ്ട് സ്വസ്ഥമായി

ഇരുന്ന് വിശ്രമിക്കാനും കാപ്പി കുടക്കാനും ഇത് വളരെ സൗകര്യപ്രദമായ ഇടമായി മാറിയിരിക്കുകയാണ്. കഫറ്റീരിയ, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകള്‍, സുവനിയര്‍ ഷോപ്പ്, എ ടി എം കൗണ്ടര്‍, ഇരിപ്പിട സൗകര്യം എന്നിവയാണ് ടേക്ക് എ ബ്രേക്ക് കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്.

ദിവസവും ധാരാളം സഞ്ചാരികള്‍ വന്നു പോകുന്ന സ്ഥലമാണ് ശംഖുംമുഖം. എത്തുന്നവരില്‍ ഭൂരിഭാഗവും സ്വദേശികളായ സഞ്ചാരികളാണ്. ഇവിടേക്ക് മറുനാടന്‍ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ശംഖുംമുഖത്ത് നേരത്തെ കോഫി ഹൗസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനടുത്തായാണ് 'ടേക്ക് എ ബ്രേക്ക്' തയ്യാറാക്കിയിട്ടുള്ളത്. 22 സെന്റ് സ്ഥലം ഇതിനായി വിനിയോഗിച്ചിട്ടുണ്ട്. പുല്‍ത്തകിടിയും 700 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച മന്ദിരവുമാണ് ഇവിടെയുള്ളത്. ഞണ്ടിന്റെ മാതൃകയിലാണ് മന്ദിരം. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ശംഖുംമുഖത്ത് 'ടേക്ക് എ ബ്രേക്ക്' തയ്യാറാക്കിയത്. സമ്പൂര്‍ണ ശുചിത്വമുള്ളതാണ് ഭക്ഷണശാലയും ടോയ്‌ലറ്റുകളും.

കോഴിക്കോട് സര്‍വകലാശാലാ കാമ്പസിലാണ് മറ്റൊരു ടേക്ക് എ ബ്രേക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത്. ലഘുഭക്ഷണശാലയും സജ്ജമാക്കിയിട്ടുണ്ട്. എ ടി എം, മാഗസിന്‍ഷോപ്പ്, വൈഫൈ സംവിധാനം എന്നിവയും ഒരുങ്ങുന്നുണ്ട്.

കെട്ടിട സൗകര്യം ഒരുക്കുന്നത് ടൂറിസം വകുപ്പാണെങ്കിലും ഉടമസ്ഥാവകാശവും മേല്‍നോട്ടവും സര്‍വകലാശാലയ്ക്കാണ്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ പ്രത്യേക റൂം, അംഗപരിമിതര്‍ക്ക് പ്രത്യേക സൗകര്യം, പുസ്തകശാല എന്നിവ ഇതിന്റെ ഭാഗമായി ക്രമീകരിക്കും. സര്‍വകലാശാലയില്‍ തേഞ്ഞിപ്പലം പഞ്ചായത്ത് നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡിനോട് ഏകദേശം അടുത്താണ് ടേക്ക് എ ബ്രേക്ക് വരുന്നതെന്നതും യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്.

തിരുവനന്തപുരം എറണാകുളം സംസ്ഥാന പാതയുടെ സമീപം തിരുവല്ല മഴുവങ്ങാടിച്ചിറയുടെ സമീപത്തും പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തുമാണ് മറ്റ് ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്.

കോന്നിയില്‍ കൊച്ചി ഫാക്ടിന്റെ ഭാഗമായ എഫ് ആര്‍ ബി എല്ലിനാണ് നിര്‍മാണ ചുമതല. ജിപ്‌സം, ഗല്‍സ് ഫൈബര്‍ എന്നിവ കൊണ്ടുള്ള പ്രത്യേകതരം പാനല്‍ ഉപയോഗിച്ചാണ് നിര്‍മാണം. സംസ്ഥാനത്ത് എട്ടിടത്താണ് ടേക്ക് എ ബ്രേക്ക് ആരംഭിക്കുന്നത്.