വ്യാവസായിക വികസന ഇടനാഴി കൊച്ചി വരെ നീട്ടണമെന്ന് കേരളം  

0

വ്യാവസായിക വികസന ഇടനാഴി കൊച്ചി വരെ നീട്ടണമെന്ന് കേരളം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ബാംഗ്‌ളൂര്‍-ചെന്നൈ ഇടനാഴിയാണ് നേരത്തെ അംഗീകരിച്ചിട്ടുള്ളത്. ഇത് സേലം-കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് അനുകൂല പ്രതികരണമാണ് യോഗത്തില്‍ ലഭിച്ചതെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാളികേരം എണ്ണക്കുരുവായി പ്രഖ്യാപിക്കണമെന്ന് കേരളത്തിനായി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം വ്യാപകമായി നാളികേര ഉത്പാദനമുള്ള പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ യോഗം വിളിക്കാമെന്ന് കൗണ്‍സില്‍ സമ്മതിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന 27ാമത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മേഖലാ കൗണ്‍സില്‍ യോഗത്തിനാണ് തിരുവനന്തപുരം ആതിഥേയത്വം വഹിച്ചത്.

വ്യാവസായിക വികസന ഇടനാഴി സംബന്ധിച്ച കേരളത്തിന്റെ ആവശ്യം നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്‍േറഷന്‍ ട്രസ്റ്റ് നിലവില്‍ വരുമ്പോള്‍ സംസ്ഥാനം അവിടെ ഉന്നയിക്കും.അതിവേഗ റെയില്‍ പദ്ധതി കാസര്‍കോട് വരെയാണ് കേരളം പരിഗണിച്ചിരുന്നത്. ഇത് മംഗലാപുരം-ഉഡുപ്പി വരെ നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തടസവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. എന്നാല്‍ അവര്‍ക്ക് ഇക്കാര്യത്തിനായി തുക വകയിരുത്താനാവില്ല എന്നറിയിച്ചിട്ടുണ്ട്. ഇതിനായി റെയില്‍വേയുടെ നേതൃത്വത്തില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും കൈമാറാന്‍ നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഇത് മേഖലയിലെ ആരോഗ്യസംരക്ഷണരംഗത്ത് വലിയ സഹായമാകും.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബന്ധപ്പെടുത്തി 'ടൂറിസം ട്രെയിന്‍' ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍ കുടിശ്ശിക തുക ലഭിക്കാനുള്ളത് കേരളം ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഇടപെടാമെന്ന് സമ്മതിച്ചിട്ടുണ്ട്. കേന്ദ്ര തൊഴില്‍ നികുതി ഈടാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള 2500 രൂപ എന്ന ഉയര്‍ന്നപരിധി പരിഷ്‌കരിക്കണമെന്നും ആവശ്യമുയര്‍ന്നു.

ഭവനമേഖല അടിസ്ഥാനസൗകര്യമായി കണക്കാക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സ്‌പെഷ്യല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കാറ്റില്‍ നിന്ന് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി കേരളത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര ഊര്‍ജസെക്രട്ടറി രണ്ട് സംസ്ഥാനങ്ങളെയും വിളിച്ചുചേര്‍ത്ത് സാധ്യത പരിശോധിക്കുമെന്നറിയിച്ചതായും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും പരിപാലിക്കാന്‍ സാധ്യമായ നടപടികളെല്ലാം കൈക്കൊള്ളുമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സാമൂഹിക-സാമ്പത്തിക വികസനം പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പൊതുവേദിയാണ് മേഖലാ കൗണ്‍സിലുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്രമന്ത്രിയെയും മറ്റു സംസ്ഥാന മന്ത്രിമാരെയും അദ്ദേഹം സ്വീകരിച്ചു. യോഗത്തില്‍ ചര്‍ച്ചക്കെടുത്ത 22 വിഷയങ്ങളില്‍ 16 എണ്ണം തീര്‍പ്പാക്കി. അടുത്ത വര്‍ഷത്തെ യോഗം കര്‍ണാടകത്തില്‍ ചേരാനും ധാരണയായി. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകോപനവും പരിപോഷിപ്പിക്കാനാണ് അഞ്ച് മേഖലാകൗണ്‍സിലുകള്‍ രൂപീകരിച്ചത്. സാമ്പത്തിക-സാമൂഹിക-ആസൂത്രണം, അതിര്‍ത്തി തര്‍ക്കങ്ങള്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍, അന്തര്‍സംസ്ഥാന ഗതാഗതം തുടങ്ങി പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് മേഖലാകൗണ്‍സിലുകളെ ചുമതലപ്പെടുത്തിയിട്ടുള്ളത്.