ആ പോസ്റ്റര്‍ സുമേഷിന്റേത്..

0


സുമേഷിന്റെ ഫേസ് ബുക്ക് പോസ്റ്റര്‍ വൈറലാകുന്നു. ഝാര്‍ഖണ്ഡില്‍ 15 വയസുകാരനുള്‍പ്പെടെ രണ്ട് പോത്ത് കച്ചവടക്കാരെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെ സമകാലിക ഇന്ത്യയുടെ അവസ്ഥയിലേക്ക് ചൂണ്ടിക്കാട്ടിയാണ് മലപ്പുറം സ്വദേശി സുമേഷ് ചാലിശ്ശേരി ഫേസ് ബുക്ക് പോസ്റ്റിട്ടത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. 

ഇംഗ്ലീഷില്‍ ഇന്ത്യ എന്നെഴുതുമ്പോള്‍ ആദ്യവും നാലാമതും ഉള്ള ഐ എന്ന അക്ഷരത്തിന് പകരം രണ്ട് പേര്‍ തൂങ്ങിനില്‍ക്കുന്നതായി ചിത്രീകരിച്ചാണ് പോസ്റ്റര്‍. ദേശീയ തലത്തില്‍ വരെ പോസ്റ്റര്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

പോസ്റ്ററിനോട് അനുഭാവം പ്രകടിപ്പിച്ച് തങ്ങളുടെ പ്രൊഫൈല്‍ ചിത്രം പോസ്റ്ററാക്കി മാറ്റിയവരും ഏറെ. മലപ്പുറം തൃത്താല ചാലിശേരിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുകയാണ് സുമേഷ്. ചാമപ്പറമ്പില്‍ സുബ്രഹ്മണ്യന്റെയും ഭാരതിയുടെയും മകനാണ്.

ഫേസ് ബുക്കില്‍ കണ്ട ഒരു സുഹൃത്തിന്റെ പോസ്റ്റാണ് ഇത്തരം ഒരു ചിത്രത്തിലേക്ക് മനസിനെ എത്തിച്ചതെന്ന് സുമേഷ് പറയുന്നു. മരിച്ച കുട്ടിയുടെ ചിത്രം നല്‍കിയശേഷം പാകിസ്ഥാനെതിരായ ഇന്ത്യയുടെ ജയം ആഘോഷിക്കാന്‍ ഒരാള്‍ കുറഞ്ഞു എന്നായിരുന്നു സുഹൃത്തിന്റെ പോസ്റ്റ്.

ജലസംരക്ഷണ സന്ദേശവുമായി ബന്ധപ്പെടുത്തി സുമേഷ് രചിച്ച വാട്ടര്‍ പോസ്റ്റര്‍ അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകളുടെ പ്രശംസ നേടിയിരുന്നു. ലോഗോ രൂപ കല്‍പന ചെയ്യുന്നതിലും സുമേഷ് കഴിവ് തെളിയിച്ചിട്ടുണ്ട്.

ഝാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരികളായ രണ്ട് പേരെയാണ് തൂക്കിക്കൊന്നത്. ബലുമഠ്- ഹേര്‍ഹഞ്ജ് എന്ന സ്ഥലത്തെ റോഡരികിലെ മരത്തിലായിരുന്നു 32 കാരനായ മസ്ലു അന്‍സാരി, 13കാരനായ ഇംതിയാസ് ഖാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്.