അംഗപരിമിത സൗഹൃദ സംസ്ഥാനത്തിന് അനുയാത്ര കാമ്പയിന്‍  

0

കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അനുയാത്ര എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കാമ്പയിന് രൂപം നല്കി.അംഗപരിമിത മേഖലയിലെ പ്രശ്‌നങ്ങളില്‍ സമഗ്രമായ ജീവനചക്ര സമീപനത്തിലൂടെ ഇടപെടുക എന്നതാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

വൈകല്യങ്ങള്‍ പ്രതിരോധിക്കുന്നതുമുതല്‍ സുസ്ഥിരമായ പുനരധിവാസം വരെ ഉള്‍പ്പെടുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് അനുയാത്രയില്‍ വിഭാവനം ചെയ്യുന്നത്. ഇതിനാവശ്യമായ മനുഷ്യവിഭവ വികസനം, സാങ്കേതികസഹായ ലഭ്യത, സ്ഥാപനതല ശാക്തീകരണം, ആരോഗ്യ സാമൂഹിക സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

വൈകല്യങ്ങള്‍ തടയുക, വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന അവസ്ഥകള്‍ പ്രതിരോധിക്കുക തുടങ്ങിയവയ്ക്കായി സമഗ്രമായ ബോധവത്കരണ പരിപാടികളും സാമൂഹിക വിദ്യാഭ്യാസ പരിപാടികളും നടപ്പാക്കും. നവജാത ശിശുക്കളെ സമഗ്രമായ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നതിന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നവജാത ശിശുക്കളുടെ കേഴ്‌വി പരിശോധനാസംവിധാനം സാര്‍വത്രികമാക്കും. ഇതിനായി മൊബൈല്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. എല്ലാ ജില്ലകളിലും ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ (ഡി.ഇ.ഐ.സി) സ്ഥാപിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒരു യൂണിറ്റ് എന്ന നിലയില്‍ സംസ്ഥാനത്ത് 25 മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകളും ആരംഭിക്കും. പട്ടികവര്‍ഗ മേഖലകള്‍, പട്ടികജാതി സങ്കേതങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയ പ്രത്യേക പരിഗണന ആവശ്യമുള്ള പ്രദേശങ്ങളില്‍ ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അട്ടപ്പാടിയില്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

അങ്കണവാടി തലത്തില്‍തന്നെ മാനസിക വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിചരണങ്ങള്‍ നേരത്തേ നല്‍കുന്നതിനു സ്‌പെഷ്യല്‍ അങ്കണവാടികള്‍ ആരംഭിക്കും. കോഴിക്കോട് ജില്ലയ്ക്കു പുറമേ ഈ വര്‍ഷം കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലേക്കും തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. അംഗപരിമിതര്‍ക്ക് തൊഴില്‍ പരിചയവും, നിയമനവും ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വിഴിഞ്ഞം ഹാര്‍ബര്‍, കൊച്ചി മെട്രോ, ടെക്‌നോപാര്‍ക്ക് തുടങ്ങിയ ഇടങ്ങളില്‍ ഇവരുടെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തും. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഓട്ടിസം സെന്റര്‍ സ്ഥാപിക്കും.

അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും യു.ഡി.ഐ.ഡി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രാരംഭമായി അംഗപരിമിത സെന്‍സസില്‍ കണ്ടെത്തിയ 5.83 ലക്ഷം ആളുകള്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അംഗപരിമിതര്‍ക്കുളള സ്വാവ്‌ലംബന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ആദ്യ ഘട്ടമായി ഒരു ലക്ഷം പേര്‍ക്ക് ഉറപ്പാക്കും. കാതോരം എന്ന പേരില്‍ കോക്ലിയാര്‍ ഇംപ്ലാന്റ് പദ്ധതിയും പ്രോജക്ട് ഓട്ടിസം എന്ന പേരില്‍ ഓട്ടിസം ബാധിച്ചവര്‍ക്കായുളള പദ്ധതിയും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. അഷീല്‍, ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് എന്നിവരും സംബന്ധിച്ചു.