വരട്ടാര്‍: ഉദാത്തമായ അനുകരണീയ മാതൃക

0

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വരട്ടാറിനെ വീണ്ടെടുക്കുന്നതിന് ജനകീയപങ്കാളിത്തത്തോടെ നടക്കുന്ന പുനരുജ്ജീവന പ്രവര്‍ത്തനത്തിന് ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ പ്രശംസ. നദിയുടെ പുനര്‍ജനിക്കായി നാടു മുഴുവന്‍ കൈകോര്‍ക്കുകയാണ്. പുനരുജ്ജീവന പ്രവര്‍ത്തനത്തിന് ഒരിടത്തുനിന്നും എതിര്‍പ്പുണ്ടായില്ല. ഇതു കേരളത്തിലൊരു പുതിയ അനുഭവമാണ്. അത്രയ്ക്കു വലിയ ജനകീയ അംഗീകാരം വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായതാണ് ഇതിനു കാരണം. ഉദാത്തമായ അനുകരണീയ മാതൃകകളുടെ സങ്കലനമാണ് വരട്ടാറെന്നും ധനമന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ധനമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : '30 വര്‍ഷമായി വരണ്ടുകിടക്കുന്ന ഒരു പുഴ. സ്വാഭാവികമായും നദീതടം സമീപസ്ഥരെല്ലാം കൈയേറി കൃഷി ചെയ്യുന്നു. ചിലരാകട്ടെ മതിലും പണിതു. പുഴയൊരു മങ്ങിയ ഓര്‍മ മാത്രം. അതിനെ വീണ്ടെടുക്കുമ്പോള്‍ എങ്ങനെയായിരിക്കും ഇവരുടെ പ്രതികരണം. ഇതായിരുന്നു, തുടക്കത്തില്‍ പൊതുവിലുണ്ടായിരുന്ന ഒരാശങ്ക. അതുകൊണ്ട് തല്‍ക്കാലം ഒരു ചാലു മാത്രം കീറിയാല്‍ മതിയെന്നായിരുന്നു അന്നു നിശ്ചയിച്ചത്. പക്ഷേ, ആരും മുന്‍കൂട്ടി നിശ്ചയിക്കാതെ എത്ര പെട്ടെന്നാണ് ഗതി മാറിയത്. ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ദേവീ പ്രസാദിന്റെ വാര്‍ഡാണ് ആദി പമ്പയുടെ നദീമുഖം. അവിടെയൊരു നൂറു നൂറ്റിയിരുപതു മീറ്ററെങ്കിലും പണ്ടു പമ്പയൊഴുകിയിരുന്നതാണ്. ചപ്പാത്തു പണിതതോടെ ചെളി വന്നടിഞ്ഞ് നദീമുഖം മൂടി. ചെറിയ ചാലു കീറാനല്ല നദീമുഖം പൂര്‍ണമായും തുറക്കാനാണ് ദേവി പ്രസാദ് തിരുമാനിച്ചത്.

വിസ്മയമെന്നു പറയട്ടെ, ഒരാളും എതിര്‍ക്കാനുണ്ടായില്ല. പിന്നെ ബാക്കിക്കാര്യം പമ്പ ചെയ്തു. ഏതാനും ദിവസം നിറഞ്ഞങ്ങൊഴുകി. നദി പലേടത്തും അതിന്റെ തടം തിരിച്ചുപിടിച്ചു. എന്റെ ഭൂമിയെടുത്തോളൂ, നദിയൊഴുകട്ടെ എന്നു പറഞ്ഞവര്‍ ഏറെയാണ്. ഏവര്‍ക്കും പ്രചോദനമായി മാറിയത് തേവര്‍ മണ്ണില്‍ ടി കുരുവിള എന്ന പ്രവാസിയാണ്. മതിലു പൊളിച്ച് തന്റെ കൈവശഭൂമിയാകെ നദിയ്ക്കു വിട്ടുകൊടുത്തു. തുടര്‍ന്ന് ഈ മാതൃക അനുകരിക്കാന്‍ അശ്വതി ഭവനില്‍ രവീന്ദ്രന്‍ തുടങ്ങി ഒട്ടേറെ പേര്‍ മുന്നോട്ടു വന്നു. കുറ്റൂര്‍ തിരുവന്‍വണ്ടൂര്‍ ഭാഗത്ത് വരട്ടാര്‍ എതാണ്ട് പഴയവീതിയില്‍ത്തന്നെ വീണ്ടെടുക്കാനുള്ള പരിശ്രമം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. ഒരിടത്തുനിന്നുപോലും എതിര്‍പ്പുണ്ടായില്ല. ഇതു കേരളത്തിലൊരു പുതിയ അനുഭവമാണ്.

കാരണം വ്യക്തമാണ്. അത്രയ്ക്കു വലിയ ജനകീയ അംഗീകാരം വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായി. നദിയുടെ പുനര്‍ജനിയ്ക്ക് ഒരു നാടു മുഴുവന്‍ കൈകോര്‍ക്കുകയാണ്. ഒരാളും മാറി നില്‍ക്കുന്നില്ല. മാറി നില്‍ക്കാനാവുകയുമില്ല. എല്ലാവരുമടങ്ങുന്ന ഈ കൂട്ടായ്മകളുടെ സ്വാഭാവിക സംഘടനാരൂപമായിരുന്നു നാട്ടുകൂട്ടങ്ങള്‍. പ്രത്യേകിച്ച് നേതാവോ അജണ്ടയോ ഇല്ല. ഓരോ പ്രദേശത്തുള്ളവര്‍ കൂടുന്നു, അതവരുടെ നാട്ടുകൂട്ടം. ഞാന്‍ പങ്കെടുത്ത നാട്ടുകൂട്ടങ്ങളിലെല്ലാം ഭൂമി തിരികെ പിടിക്കണമെന്നത് ഒരു പ്രധാന ആവശ്യമായിരുന്നു.

നദിയൊഴുകിയപ്പോള്‍ വന്ന മാറ്റങ്ങള്‍ വലുതാണ്. പള്ളിയോടങ്ങള്‍ നീരണിഞ്ഞു. ആറന്മുള ജലോത്സവത്തിന് വരട്ടാറിലൂടെതന്നെ പള്ളിയോടങ്ങള്‍ പോകും. കിണറുകളിലെല്ലാം വീണ്ടും നല്ലവെള്ളം കിനിയും. കൃഷി വീണ്ടും പുനരുജ്ജീവിക്കുമെന്ന് കര്‍ഷകര്‍ക്കൊരു പ്രതീക്ഷ. ഇനിയും ചെയ്യാനേറെയുണ്ട്. അതു മുഖ്യമായും സര്‍ക്കാരിന്റെ ചുമതലയാണ്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം തിരുവനന്തപുരത്ത് ജലവിഭവ മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. പത്താം തീയതിയാകുമ്പോഴേയ്ക്കും ഇപ്പോള്‍ നടക്കുന്ന ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ചില അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ സ്വാഭാവികം. ഇത്രയും വ്യത്യസ്തരായ രാഷ്ട്രീയ പ്രവര്‍ത്തകരും രാഷ്ട്രീയമൊന്നുമില്ലാത്തവരുമെല്ലാം കൈകോര്‍ത്തു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

രാഷ്ട്രീയവും സാമുദായികവും സാമ്പത്തികവുമായ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള ജനപങ്കാളിത്തം, സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍, കരാറുകള്‍ ഉറപ്പിക്കല്‍, മോണിട്ടറിംഗ്, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, നാട്ടുകൂട്ടങ്ങള്‍ ചേര്‍ന്ന് തീരുമാനമെടുക്കല്‍ തുടങ്ങി എത്രയോ ഉദാത്തമായ അനുകരണീയമായ മാതൃകകളുടെ സങ്കലനമാണ് വരട്ടാര്‍'.