സ്റ്റാര്‍ട്ട് അപ്പിന്റെ കരം പിടിച്ച് ശ്രീനിവാസ് രചിക്കുന്ന വിജയഗാഥകള്‍

0

ഹൈദ്രാബാദിനെ സ്റ്റാര്‍ട്ട് അപ് ലോകത്തിന്റെ തലപ്പത്തെത്തിക്കാന്‍ ' ടി ഹബ്' എന്ന പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സാരഥിയാണ് ശ്രീനിവാസ് കൊല്ലിപ്ര. ശ്രീനിവാസ് തന്റെ ജീവിതവും ലക്ഷ്യവും യുവര്‍സ്‌റ്റോറിയുമായി പങ്കുവെക്കുകയാണ്.

കുട്ടിക്കാലത്ത് ചോദ്യങ്ങള്‍ മനസില്‍ രൂപപ്പെടുകയും അവ ചോദിച്ചു വളരുകയും ചെയ്യുന്ന കുട്ടികള്‍ വ്യത്യസ്തരായിരിക്കും. തന്റെ കുട്ടിക്കാലത്ത് താനും പുതിയ കാര്യങ്ങള്‍ അറിയാന്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തു സംശയം ഉണ്ടായാലും അച്ഛനോട് സംശയം ചോദിക്കുക എന്നത് തന്റെ ശീലമായിരുന്നു. ആകാശത്ത് മേഘങ്ങള്‍ക്ക് എങ്ങനെ രൂപവും വ്യത്യസ്ത നിറങ്ങളും കൈവരുന്നു? നമുക്ക് എങ്ങനെ പനി വരുന്നു, നമ്മുടെ ശരീരത്തിന് അപ്പോള്‍ ചൂട് എങ്ങനെ വരുന്നു? തെറ്റില്ലാതെ കാല്‍ക്കുലേറ്ററിന് എങ്ങനെ കണക്കുകൂട്ടാനാകുന്നു? തുടങ്ങി ഒട്ടനവധി ചോദ്യങ്ങളാണ് താന്‍ ചോദിച്ചിരുന്നത്. അക്കാലത്ത് തൊട്ടതെല്ലാം ചോദ്യങ്ങളായി താന്‍ ചോദിക്കുമായിരുന്നുവെന്നാണ് ശ്രീനിവാസ് ഓര്‍ക്കുന്നത്. 

ബ്രിട്ടണില്‍ ഡോക്ടറായിരുന്ന തന്റെ അച്ഛന്‍ തന്നെ നിരാശപ്പെടുത്തിയിരുന്നില്ല. താന്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയിരുന്നു. ചോദ്യം ചോദിക്കുന്ന ഈ ശീലത്തില്‍ നിന്ന് താന്‍ മനസിലാക്കിയ കാര്യം ശരിയായ സമയത്ത് ശരിയായ ആളോട് ചോദ്യം ചോദിച്ചാല്‍ ഉത്തരം കിട്ടുമെന്ന് തന്നെയാണ്. ചോദ്യങ്ങളുടെ ഈ വഴിയിലൂടെയാണ് സംരഭകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ടി ഹബ്ബിന്റെ സി ഇ ഒ ആയി ശ്രീനിവാസ് ഇന്ന് സംരഭകലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്.

ചെറുപ്പകാലത്ത് ചോദ്യങ്ങള്‍ ചോദിച്ച് ആര്‍ജ്ജിച്ചെടുത്ത കരുത്തില്‍ നിന്നാണ് ഇന്ന് ഇന്ന് സംരഭകരുടെ വിശ്വസനീയ ഉപദേഷ്ടാവ് എന്ന നിലയിലേക്ക് ശ്രീനിവാസ് വളര്‍ന്നത്. സംരഭകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയല്ല മറിച്ച് എന്റെ ചോദ്യങ്ങളിലൂടെ സ്വയം ഉത്തരങ്ങളിലേക്ക് എത്താന്‍ അവരെ സഹായിക്കുകയാണ് ഞാന്‍ ചെയ്യുന്നതെന്ന് ശ്രീനിവാസ് പറയുന്നു. സംരഭകര്‍ ലോകം തന്നെ മാറ്റി മറിക്കാന്‍ കഴിവുള്ളവരാണ്. രാജ്യത്ത് വിജയത്തിന്റെ വലിയ കഥകള്‍ രചിക്കണമെങ്കില്‍ വിജയത്തിന്റെ വികസനത്തിനായി ഒട്ടനവധി കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നാണ് ശ്രീനിവാസിന്റെ ചിന്ത. അതിനാലാണ് ബാംഗ്ലൂരിനൊപ്പം ഹൈദ്രാബാദിനേയും സ്റ്റാര്‍ട്ട് അപ്പിന്റെ വലിയ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം ഏറ്റെടുത്തത്. അങ്ങനെയാണ് ടി ഹബിന് തുടക്കമായതും വിജയത്തിന്റെ പടവുകള്‍ ശ്രീനിവാസ് കയറിത്തുടങ്ങിയതും.

2015, നവംബര്‍ അഞ്ചിനാണ് ടി ഹബ്ബിന് തുടക്കമിട്ടത്. വിഖ്യാത വ്യവസായിയായ രത്തന്‍ ടാറ്റാ, തെലുങ്കാന ഗവര്‍ണര്‍ നരസിംഹന്‍, ഐ ടി മന്ത്രി താരക് രാമറാവു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ടി ഹബ് പൊതു സ്വകാര്യ സംരംഭത്തില്‍ ആരംഭിച്ച ആദ്യ സംരംഭം എന്ന നിലയില്‍ വ്യത്യസ്തമായിരുന്നു. ടി ഹബ് മറ്റു പ്രമുഖ കേന്ദ്രങ്ങളുമായുള്ള സഹകരണം ഉറപ്പാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ ലോകത്ത് സംരംഭകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുക എന്നതാണ് ടി ഹബ് ലക്ഷ്യം വെക്കുന്നത്. ഐ ഐ ടി ഹൈദ്രാബാദിന് സമീപം 70000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ടി ഹബ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ലോക നിലവാരത്തിലുളള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്‍ക്യുബേറ്റര്‍ സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്ന അവര്‍ക്ക് പ്രോത്സാഹനമേകാന്‍ പ്രത്യേക സംവിധാനം തന്നെ ടി ഹബ് ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്റ്റാര്‍ട്ട് അപ് ജീവിതത്തില്‍ നിന്ന് താന്‍ പഠിച്ച 3 കാര്യങ്ങള്‍ എന്തെന്ന് ശ്രീനിവാസ് അടിവരയിടുന്നു

1. ലോകത്ത് ജനനന്മക്കായി പ്രവര്‍ത്തിക്കുക

2. മനസു പറയുന്നതില്‍ വ്യാപൃതനാവുക, മനസിന് ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കുക

3. സാമുഹ്യനന്‍മക്കായി തന്റെ സ്റ്റാര്‍ട്ട് അപ് പാരമ്പര്യം മുന്നോട്ട് കൊണ്ടു പോവുക