പന്‍മന; മാറ്റത്തിന്റെ കാറ്റുവീശുന്ന വ്യവസായ ഗ്രാമം

പന്‍മന; മാറ്റത്തിന്റെ കാറ്റുവീശുന്ന വ്യവസായ ഗ്രാമം

Wednesday October 28, 2015,

3 min Read


കൊല്ലം ജില്ലയില്‍ 16.85 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പന്മന പഞ്ചായത്ത് സംസ്ഥാനത്തെ ചെറിയ ഒരു ഭൂപ്രദേശം മാത്രമാണെങ്കിലും സംസ്ഥാനത്തെ വ്യാവസായിക ഭൂപടത്തില്‍ പന്മനക്ക് ഇനി മുതല്‍ ചരിത്രപരമായ സ്ഥാനമാണുണ്ടാവുക. സംസ്ഥാനത്തെ ആദ്യ വ്യവസായ ഗ്രാമമെന്ന പെരുമയിലാകും പന്‍മന പഞ്ചായത്ത് ഇനി സംസ്ഥാന വികസന ഭൂപടത്തില്‍ അറിയപ്പെടുക. കടല്‍ കടന്ന് പോയ കൊല്ലം തീരത്തെ ധാതു മണല്‍ത്തരികളുടെ പ്രാധാന്യം കൊണ്ട് വന്‍ വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുള്ള ഭൂപ്രദേശത്തേക്കാണ് ചെറുകിട വ്യാവസായിക സംരഭങ്ങളുടെ കാറ്റു വീശുന്നത്.

image


ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ ഈ നാടിന് വ്യവസായങ്ങളുമായുളള ബന്ധം കയറു പോലെ ഇഴപിരിയാത്തതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇവിടെ നിന്നും വിദേശത്തേക്ക് കയറ്റി അയക്കപ്പെട്ട കയറില്‍ മോണോസൈറ്റിന്റെ തരികള്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഷെര്‍ഹാംബര്‍ഗ് കണ്ടെത്തിയത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ലോഹമണല്‍ വേര്‍തിരിക്കുന്ന വ്യവസായം തുടക്കത്തില്‍ ചെറുകിട വ്യവസായയൂണിറ്റുകളായി ആരംഭിക്കുകയും 1940കള്‍ ആയപ്പോഴേക്കും പാശ്ചാത്യരുടെ നേതൃത്വത്തില്‍ വലിയ വ്യവസായ ശൃംഖലയായി വളരുകയും ചെയ്തു. ഇന്ന് പന്‍മന പഞ്ചായത്തില്‍ നിലകൊള്ളുന്ന കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് എന്ന വന്‍ വ്യവസായശാലയുടെ ചരിത്രത്തിന് പിന്നിലും ധാതുസമ്പുഷ്ടമായ ഈ മണ്‍തരികളുടെ സാന്നിധ്യമാണുള്ളതെന്ന് വിസ്മരിക്കാനാവില്ല. ഗ്രാമപഞ്ചായത്തിലെ ഓരോ കുടുംബത്തേയും സാമ്പത്തികമായി ശാക്തീകരിക്കാന്‍ രൂപം നല്‍കിയിട്ടുള്ള വ്യവസായ ഗ്രാമം പദ്ധതിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള സ്വയം സംരഭക പ്രവര്‍ത്തനങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഇവിടെ.

image


കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിലെ ചവറ ബ്‌ളോക്കുപരിധിയിലാണ് പന്മന പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചവറ ബ്‌ളോക്കില്‍ ഏറ്റവും കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതുമായ പഞ്ചായത്താണിത്. ഒരു ചതുരശ്രകിലോമീറ്ററില്‍ 3000ത്തിനടുത്താണ് ഇവിടുത്തെ ജനസാന്ദ്രത. കരുനാഗപ്പള്ളി , തൊടിയൂര്‍, മൈനാഗപ്പള്ളി, ചവറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും പന്മന പഞ്ചായത്തിന്റെ അതിര്‍ത്തി പങ്കിടുന്നു.

ചവറ പന്മന തേവലക്കര ചകിരി കൊണ്ടു പിഴയ്ക്കണം' എന്ന പഴംചൊല്ല് തന്നെ പന്‍മനക്ക് ചെറുകിട സംരഭങ്ങളുമായുടെ ചരിത്രപരമായ ബന്ധം വെളിവാക്കുന്നതാണ്. പഞ്ചായത്തുകളുമായി സഹകരിച്ച് ചെറുകിട വ്യവസായ സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ജില്ലാ വ്യാവസായിക ഓഫീസര്‍ താലൂക്ക് വ്യവസായ ഓഫീസ് മുഖേന നടത്തിയ സര്‍വ്വേയിലാണ് സ്വയം സംരഭക വ്യവസായങ്ങള്‍ക്ക് സന്നദ്ധത അറിയിച്ച് പന്‍മന പഞ്ചായത്ത് മുന്നോട്ട് വന്നത്. കഴിഞ്ഞ വര്‍ഷം നടന്ന സര്‍വേയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായതോടെ സ്വയം സംരഭക പദ്ധതിയിലൂടെ പഞ്ചായത്തിന്റെ മുഖം തന്നെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍.പഞ്ചായത്തിലെ കുടുബങ്ങളിലെ ഒരാളെങ്കിലും സ്വയംസംരഭക പദ്ധതിയില്‍ പങ്കാളിയാക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് വ്യവസായ ഗ്രാമം പദ്ധതി മുന്നോട്ട് വച്ചിട്ടുള്ളത്. പ്രതിവര്‍ഷം 500 കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ച് ചെറുകിട സംരഭങ്ങള്‍ പഞ്ചായത്തില്‍ വ്യാപകമാക്കുകയാണ് ലക്ഷ്യമെന്ന് പന്‍മന പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ യൂസഫ് കുഞ്ഞ് പറയുമ്പോള്‍ സംസ്ഥാനം ഇന്നു വരെ കാണാത്ത വ്യവസായ കൂട്ടായ്മക്കാണ് പഞ്ചായത്ത് മാതൃകയാവുന്നത്.

image


ഇലക്‌ട്രോണിക് ചോക്ക് നിര്‍മ്മാണം, ഓട്ടോഡ്രൈവിംഗ് പരിശീലനം, പശുവളര്‍ത്തല്‍ തുടങ്ങി പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന സംരഭങ്ങള്‍ക്ക് പുറമേ കുടുംബശ്രീയുമായി സഹകരിച്ചുള്ള നിരവധി സ്വയംസംരഭക പദ്ധതികളുമായാണ് പന്‍മന പഞ്ചായത്ത് മുന്നോട്ട് കുതിക്കുന്നത്. ഇലക്‌ടോണിക്ക് ചോക്ക് നിര്‍മ്മാണ സംരഭത്തിനായി ഈ വര്‍ഷം ഏഴ് ലക്ഷം രൂപ പഞ്ചായത്ത് ബജറ്റ് വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ഇലക്‌ട്രോണിക് ചോക്ക് നിര്‍മ്മാണ യൂണിറ്റ് അടുത്തമാസം തന്നെ ആരംഭിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇതിനാവശ്യമായ പ്രാഥമിക പരിശീലനം 180 പേര്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു. ഇതിനാവശ്യമായ കൂടുതല്‍ പരിശീലനം ഈ മാസം തന്നെ നല്‍കും. ഇതിനു പുറമേ ആയുര്‍വേദ മരുന്ന് പാക്കിംഗ് യൂണിറ്റ്, സി എഫ് എല്‍ ലാമ്പ് പാക്കിംഗ് യൂണിറ്റ്, ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് യൂണിറ്റ്, പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ നിര്‍മ്മാണ യൂണിറ്റ്, സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണം തുടങ്ങി നിരവധി പദ്ധതികളൊരുക്കിയാണ് പഞ്ചായത്തിനെ സമ്പൂര്‍ണ വ്യാവസായിക ഗ്രാമമായി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

image


മൊത്തം 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒരോ വാര്‍ഡില്‍ നിന്നും ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കിയാണ് ഓരോ പദ്ധതിയും വിഭാവന ചെയ്തിട്ടുള്ളത്. ഒരു വാര്‍ഡില്‍ നിന്ന് കുറഞ്ഞത് രണ്ട് പേരെയെങ്കിലും ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. പദ്ധതികള്‍ക്കായി ആവശ്യമുള്ള പരിശീലനം പ്രാദേശികമായും കുടുംബശ്രീ ജില്ലാ മിഷന്‍ കേന്ദ്രങ്ങള്‍ വഴിയും നല്‍കിയാണ് സംരഭകരെ പദ്ധതികള്‍ക്കായി സജ്ജരാക്കുന്നത്. ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സ്വയംസംരഭക പ്രോജക്ടുകളുമായി മുന്നോട്ട് വരുന്നവര്‍ക്കാവശ്യമായ ബാങ്ക് ലോണ്‍ സൗകര്യങ്ങളും സബ്‌സിഡി ആനുകൂല്യങ്ങളും പഞ്ചായത്ത് മുന്‍കയ്യെടുത്താണ് അനുവദിച്ചു നല്‍കുന്നത്. വാര്‍ഡുതല സമിതികള്‍ ചേര്‍ന്ന് പദ്ധതികള്‍ക്ക് സന്നദ്ധരായവരെ തിരഞ്ഞെടുക്കുകയും ഇവര്‍ പിന്നീട് പദ്ധതിക്കു വേണ്ടി അപേക്ഷ നല്‍കുകയുമാണ് ചെയ്യുന്നത്. ഗ്രാമസഭചേര്‍ന്ന് വ്യവസായ ഗ്രാമം പദ്ധതിയുടെ സമ്പൂര്‍ണ പങ്കാളിത്തമുറപ്പാക്കിയാണ് പഞ്ചായത്ത് നേതൃത്വം പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ഇഷ്ടികക്ക് ബദലായി സിമന്റ് കട്ട നിര്‍മ്മിക്കുന്ന 37 യൂണിറ്റുകള്‍ ഇപ്പോള്‍ തന്നെ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോള്‍ മുന്നോട്ട് വച്ചിട്ടുള്ള പദ്ധതികള്‍. പഞ്ചായത്തിനെ സംസ്ഥാനത്തെ ആദ്യ വ്യവസായ ഗ്രാമമായി പ്രഖ്യാപിച്ചു കൊണ്ട് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ മെയ്മാസം അവസാനം പഞ്ചായത്തില്‍ ഉദ്ഘാടന ചടങ്ങും നടന്നിരുന്നു. പ്രസിഡന്റ് അഡ്വ. ഇ യൂസഫ് കുഞ്ഞിന് പുറമേ വൈസ് പ്രസിഡന്റ് ആര്‍ രാജി, വികസന, ക്ഷേമ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മാമൂലയില്‍ സേതുക്കുട്ടന്‍,, ഷെമി, ത്യാഗരാജന്‍,പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ് ഖാന്‍, കുടുബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബേബി സലീന, ചാര്‍ജ്ജ് ഓഫീസര്‍ സലീം എന്നിവരും വാര്‍ഡ് മെമ്പര്‍മാരുമടങ്ങുന്ന ഭരണ സമിതിയാണ് പഞ്ചായത്തിന്റെ വ്യാവസായിക വികസനത്തിന് ചുക്കാന്‍ പിടിക്കുന്നത്.