പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ തിരുവനന്തപുരം നഗരസഭ

പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍ തിരുവനന്തപുരം നഗരസഭ

Saturday October 29, 2016,

1 min Read

തിരുവനന്തപുരം നഗരഭ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്. 1940 ഒക്‌ടോബര്‍ 30 നാണ് നഗരസഭ രൂപപ്പെട്ടത്. പൈതൃക നഗരം എന്ന നിലയില്‍ ലോകശ്രദ്ധയില്‍ വന്നിട്ടുള്ള നഗരമാണ് തിരുവനന്തപുരം. ഈ നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങളോട് ഫലപ്രദവും ക്രിയാത്മകവുമായി പ്രതികരിച്ചുകൊണ്ട് ഭരണത്തിലും സേവനത്തിലും വലിയ മാറ്റങ്ങള്‍ ഉളവാക്കുന്നതിന് നഗരസഭ ഭരണാധികാരികള്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. അടിസ്ഥാനപരമായ ആവശ്യങ്ങളോട് ഏറ്റവും വേഗത്തില്‍ ഇടപെട്ടും പ്രതികരിച്ചുകൊണ്ടാണ് നഗരം മുന്നോട്ടു പോകുന്നത്. 

image


പ്രതിസന്ധികള്‍ അതിജീവിച്ചുകൊണ്ട് മാലിന്യ സംസ്‌കരണരംഗത്ത് പുതുമയാര്‍ന്ന മാതൃക സൃഷ്ടിച്ചും ചേരിപരിഷ്‌ക്കരണത്തില്‍ വേറിട്ട മാതൃക സൃഷ്ടിച്ചും നഗരസഭ മുന്നോട്ടു പോകുന്നു. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് സാമൂഹ്യസുരക്ഷ പെന്‍ഷന്‍ സമ്പൂര്‍ണ്ണമായി ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യപ്രാപ്തിയിലേയ്ക്ക് എത്തുന്നതിന് അധികദൂരമില്ല. നഗരത്തെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള അംഗീകാരത്തിന് ഒരു പടയോട്ടം തന്നെ നടത്തുകയാണ്. അതോടൊപ്പം ഈ നഗരസഭ കൗണ്‍സിലിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ കര്‍മ്മപരിപാടികളാണ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചുവരുന്നത്. ഈ പശ്ചാത്തതലത്തിലാണ് നഗരസഭ അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്. അതോടൊപ്പം മഹാകവി ഒ.എന്‍.വി കുറുപ്പ് നട്ട നെല്ലിമരത്തെ സംരക്ഷിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഒരു സ്മൃതി മണ്ഡപം തീര്‍ത്തിട്ടുണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെടുകയാണ്.

 നഗരത്തിലെ തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശമാനമാക്കുന്നതിനും കറന്റ് ലാഭപ്പെടുത്തുന്നതിനും നഗരം എല്‍.ഇ.ഡി യിലേയ്ക്ക് മാറുന്നു. കൂടാതെ ഒ.ഡി.എഫ് പ്രഖ്യാനം, ശുചിത്വവാര്‍ഡുകളുടെ പ്രഖ്യാപനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിക്കും. എല്‍.ഇ.ഡി ധാരണപത്രം കൈമാറല്‍ വെദ്യുതി-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ഒ.എന്‍.വി സ്മൃതിമണ്ഡപം ഉദ്ഘാടനം സുഗതകുമാരി ടീച്ചര്‍ നിര്‍വ്വഹിക്കും. 

പരിപാടിയുടെ പ്രധാന ആകര്‍ഷണം എന്ന് പറയുന്നത് നഗരത്തിന്റെ ചരിത്രം വിളിച്ചോതുന്ന പുരാരേഖ പ്രദര്‍ശനമാണ്. നഗരചരിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ആര്‍ക്കിയോളജി , ആര്‍ച്ചീവ്‌സ് എന്നീ വകുപ്പുകള്‍ ചേര്‍ന്ന് നഗരസഭ കൗണ്‍സില്‍ ലോഞ്ചില്‍ രാവിലെ 11 മണിമുതല്‍ പുരാരേഖ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന പരിപാടിയ്ക്ക് ശേഷം കേരള കലാമണ്ഡലം, തൃശ്ശൂര്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും മഹാകവി ഒ.എന്‍.വി യുടെ 'അമ്മ' എന്ന കവിതയുടെ നൃത്താവിഷ്‌ക്കാരമാണ് നൃത്തസന്ധ്യയിലെ പ്രധാന പരിപാടി.