ടെക്‌സ്പാര്‍ക്‌സ് 2016ന്‌  ആവേശോജ്വല തുടക്കം

7

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് സമ്മിറ്റായ യുവര്‍‌സ്റ്റോറിയുടെ ടെക്‌സ്പാര്‍ക്‌സിന് ആവേശോജ്വല തുടക്കം. ആരവങ്ങള്‍ക്ക് നടുവില്‍ യുവര്‍സ്‌റ്റോറിയുടെ ടെക്‌സ്പാര്‍ക്‌സ് ഏഴാം എഡിഷന് കര്‍ണാടക ഐ ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ തിരികൊളുത്തി. ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്നറിയുന്ന രാജ്യത്തിന്റെ ഐ ടി തലസ്ഥാനമായ ബാംഗ്ലൂരിലില്‍ തുടങ്ങിയ ടെക്‌സ്പാര്‍ക്കിന് തിരികൊളുത്തിയത്. സമ്മിറ്റില്‍ വ്യാവസായിക, ഐ ടി മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യന്‍ ടെക്‌നോളജി വിപ്ലവത്തില്‍ ബാംഗ്ലൂരിന് സ്തുത്യര്‍ഹമായ സ്ഥാനമുണ്ടെന്നും രാജ്യത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന നഗരങ്ങളില്‍ മുന്‍നിരയിലാണ് ബാഗ്ലുരെന്നും മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ബാംഗ്ലൂരില്‍ തന്നെ 4000ല്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനം മുന്നോട്ടു വെക്കുന്ന സ്റ്റാര്‍ട്ട് അപ് ബൂസ്റ്റര്‍ കിറ്റ് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും വളരാനും അനുയോജ്യമാണെന്നും സംസ്ഥാനം സ്റ്റാര്‍ട്ടപ്പ് സൗഹൃദ നയങ്ങളാണ് പിന്തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംരംഭകത്വവും വ്യവസായവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ വ്യവസായ-ഐ ടി മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ സമൂഹമധ്യത്തിലേക്കെത്തിക്കുന്നതില്‍ ടെക്‌സ്പാര്‍ക്ക് പോയ വര്‍ഷങ്ങളില്‍ നിസ്തുലമായ പങ്കാണ് വഹിച്ചതെന്ന് യുവര്‍‌സ്റ്റോറി സ്ഥാപകയും സി ഇ ഒയുമായ ശ്രദ്ധ ശര്‍മ്മ ആമുഖ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 2010ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി തുടങ്ങിയ ആദ്യ ടെക്‌സ്പാര്‍ക്ക്‌സിന്റെ ഓര്‍മ്മകള്‍ ശ്രദ്ധ ശര്‍മ്മ പങ്കുവെച്ചു.

സംരംഭകത്വം, വളര്‍ച്ച, ആദായവത്കരണം എന്നീ ആശയത്തിലൂന്നിയാണ് ഈ വര്‍ഷം ടെക്‌സ്പാര്‍ക്‌സ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. അടിസ്ഥാനപരമായ വളര്‍ച്ചയാണ് ടെക്‌സ്പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. കണക്കുകളിലെ വളര്‍ച്ച എന്നതില്‍ നിന്ന് വ്യത്യസ്തമായി സംരംഭത്തിന്റെ യഥാര്‍ഥ വളര്‍ച്ചക്ക് സാധ്യമാകുന്ന തരത്തിലാണ് ടെക്‌സ്പാര്‍ക്ക് 2016 വിഭാവന ചെയ്തിട്ടുള്ളത്.

രണ്ടു ദിവസം നീളുന്ന സമ്മിറ്റില്‍ കര്‍ണാടക ഐ ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്ക് പുറമേ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഫ്യൂച്ചര്‍ ഗ്രൂപ്പിലെ കിഷോര്‍ ബിയാനി, ടാറ്റാ സണ്‍സ് ബ്രാന്റ് കസ്‌റ്റോഡിയന്‍ ഡോ. മുകുന്ദ് രാജന്‍, മാപ് മൈ ജെനോംസിന്റെ അനു ആചാര്യ, സെന്‍ഡെകിലെ ജൂലി നൈറ്റ്, ബുക്ക് മൈ ഷോയെ പ്രതിനിധീകരിച്ച് ആഷിഷ് ഹേമ്രജാനി, സെക്വയ ക്യാപിറ്റലിനെ പ്രതിനിധീകരിച്ച് ശൈലേന്ദ്ര സിംഗ്, സെന്‍ഡെസ്‌കിന്റെ മോര്‍ട്ടന്‍ പ്രിന്‍ഡല്‍, ഷോപിഫൈസിന്റെ ബ്രം സുഗര്‍മന്‍, സെസ്റ്റ് മണിയുടെ ലിസി ചാപ്മാന്‍, കുനാല്‍ ഷാ, ബേബി ചക്രയെ പ്രതിനിധീകരിച്ച് നയ്യാ സാഗി, വിസ്റ്റ റൂംസിന്റെ അന്‍കിത സേത്, ടെന്‍ ടെന്‍ ടെന്‍ ഡിജിറ്റല്‍ പ്രോഡക്ട്‌സിന്റെ രമേശ് ശ്രീവത്സ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.

സെന്‍ഡെസ്‌ക്, ആക്‌സിസ് ബാങ്ക് , സെക്വയ ക്യാപിറ്റല്‍ ഇന്ത്യാ അഡൈ്വട്ടേഴ്‌സ്, ഡിജിറ്റല്‍ ഓഷന്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ വെബ് സര്‍വീസസ്, ടാര്‍ഗറ്റ്, അകമൈ, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ തുടങ്ങി വ്യവസായ ഐടി ലോകത്തിന്റെ ശക്തമായ പിന്തുണയോടെയാണ് ടെക്‌സ്പാര്‍ക്‌സ് 2016 നടത്തുന്നത്. വിവിധ സ്റ്റാര്‍ട്ടപ്പുകളുടേതായി സമ്മിറ്റില്‍ 60ലേറെ സ്റ്റാളുകളുകളടങ്ങുന്ന പ്രദര്‍ശന നഗരിയും ഒരുക്കിയിട്ടുണ്ട്.