2016 അവസാനത്തോടെ 100 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കാന്‍ ഗൂഗിള്‍

2016 അവസാനത്തോടെ 100 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കാന്‍ ഗൂഗിള്‍

Sunday January 31, 2016,

2 min Read

ഇന്റര്‍നെറ്റ് ഉപയോക്താക്കളായ റെയില്‍വെ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം പകരുന്നൊരു വാര്‍ത്തയാണ് അടുത്തിടെ ഗൂഗിള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ നൂറോളം റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യമായി വൈഫൈ നല്‍കുമെന്നാണ് ഗൂഗിള്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

image


ഇന്ത്യയുടെ ജീവരക്തമാണ് ട്രെയിനുകള്‍. പല റെയില്‍വേ സ്റ്റേഷനുകളും പട്ടണത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണുള്ളതും. ഇന്ത്യയിലെ 23 ദശലക്ഷം ജനങ്ങള്‍ പ്രതിദിനം റെയില്‍വേ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗവും ഏറെ സമയം റെയില്‍വേ സ്‌റ്റേഷനുകളില്‍ കഴിച്ചുകൂട്ടുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ സ്‌റ്റേഷനില്‍ ചെലവഴിക്കുന്ന സമയം ഫലപ്രദവും രസകരമാക്കാനുമായാണ് സൗജന്യമായി ഹൈസ്പീഡ് വൈഫൈ സംവിധാനം ഗൂഗിള്‍ നല്‍കുന്നത്. ആദ്യ ഘട്ടം എന്ന നിലയില്‍ മുംബയ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഈ സേവനം ലഭ്യമാക്കിക്കഴിഞ്ഞു. ഇത് സാധ്യമാക്കാനായി ഗൂഗിളും ഇന്ത്യന്‍ റെയില്‍വേയും റെയില്‍ടെലുമായി പങ്കാളിത്തം ചേര്‍ന്നു.

ഇനിമുതല്‍ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റിലൂടെ അവര്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ കാണുകയോ ഇമെയില്‍ അയക്കുകയോ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ആകാം. ഉപയോക്താക്കള്‍ക്ക് ആദ്യ ഒരു മണിക്കൂറില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. അടുത്ത മണിക്കൂറില്‍ വേഗത കുറയും, എന്നാല്‍ അപ്പോഴും ഇന്റര്‍നെറ്റില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

2015 സെപ്തംബറില്‍ ഡിജിറ്റല്‍ ഇന്ത്യ പ്രാരംഭപദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഗിളിന്റെ യു.എസിലെ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയപ്പോഴാണ് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചായ് ഈ പ്രഖ്യാപനം നടത്തിയത്.

മുംബയ് സെന്‍ട്രലില്‍ എത്തുന്നവര്‍ക്ക് വൈഫൈ ലഭ്യമാകാന്‍

railware.co.in എന്ന വെബ്‌സൈറ്റില്‍ നിന്നും റെയില്‍വയര്‍ വൈഫൈ നെറ്റ്വര്‍ക്ക് തിരഞ്ഞെടുക്കുക.

വെരിഫിക്കേഷന്‍ കോഡ് ലഭിക്കുന്നതിനായി ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍ അതില്‍ രേഖപ്പെടുത്തുക.

നാല് അക്ക കോഡ് എന്റര്‍ ചെയ്ത് റെയില്‍വയറില്‍ കണക്ട് ചെയ്യുക

ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലും മറ്റ് രണ്ട് ഡിവൈസുകളിലും ഇന്റര്‍നെറ്റ് ലഭിക്കും.

ഈ സേവനത്തിന്റെ ഏറ്റവും വലിയ മേന്മ അതിന്റെ വേഗതയാണ്. ഇന്ത്യയിലെ മിക്ക ജനങ്ങള്‍ക്കും വേഗതയേറിയ ഇന്റര്‍നെറ്റ് ലഭ്യമല്ല. ദൗര്‍ഭാഗ്യവശാല്‍ ഇവ ഏഷ്യയിലെ തന്നെ ഏറ്റവും വേഗത കുറഞ്ഞ കണക്ഷനുകളാണ്. രാജ്യത്തെ നാല് ദശലക്ഷത്തോളം വരുന്ന വീടുകളില്‍ വെറും 1.3 ബില്യണ്‍ ജനങ്ങള്‍ക്ക് മാത്രമാണ് ഒരു എച്ച്.ഡി സിനിമ സ്ട്രീം ചെയ്യാന്‍ സാധിക്കുന്ന അത്ര വേഗതയുള്ള ഇന്റര്‍നെറ്റ് സൗകര്യം ഉള്ളത് എന്നാണ് ചില വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

റെയില്‍ടെലിനും മറ്റ് പങ്കാളികള്‍ക്കുമൊപ്പം ചേര്‍ന്ന് സുസ്ഥിരമായ രീതിയില്‍ ഇന്റര്‍നെറ്റ് സൗകര്യം കൂടുതല്‍ സ്‌റ്റേഷനുകളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നതാണ് ഗൂഗിളിന്റെ ദീര്‍ഘകാല ലക്ഷ്യം. ഇത്തരത്തില്‍ 2016 അവസാനിക്കുന്നതോടെ 100 സ്‌റ്റേഷനുകളിലേക്കും ഇതെത്തിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. അടുത്തതായി അലഹബാദ്, ജയ്പൂര്‍, പാട്‌ന, റാഞ്ചി എന്നീ സ്റ്റേഷനുകളാണ് പട്ടികയിലുള്ളത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ 400 റെയില്‍വേ സ്റ്റേഷനിലേക്കും സൗജന്യ വൈഫൈ ലഭ്യമാക്കാനാണ് ഗൂഗിളിന്റെ പദ്ധതി.

    Share on
    close