എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം

0

പുരാവസ്തു വകുപ്പ് എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം ആരംഭിക്കുന്നു. പുരാവസ്തു വകുപ്പിന് നിലവില്‍ 12 പൈതൃക മ്യൂസിയങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിനുപുറമെ 14 ജില്ലകളിലും പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരാവസ്തു വകുപ്പ് ആരംഭിച്ചു. ഇതോടെ പുരാവസ്തുവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് 26 പൈതൃക മ്യൂസിയങ്ങളാകും.

എട്ട് ജില്ലകളില്‍ പൈതൃക മ്യൂസിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എറണാകുളത്ത് ബാസ്റ്റണ്‍ ബംഗ്ലാവ്, തിരുവനന്തപുരം ശ്രീപാദം കൊട്ടാരം, തൃശ്ശൂരില്‍ ചെമ്പൂക്കാവ് കൊല്ലങ്കോട് കൊട്ടാരം, പാലക്കാട് കല്‍പ്പാത്തി മണി അയ്യര്‍ ഓഡിറ്റോറിയം, വയനാട് മാനന്തവാടി പഴശ്ശി കുടീരം, പത്തനംതിട്ട കോന്നി ആനത്താവളം, ഇടുക്കി ജില്ലാ പഞ്ചായത്ത് കാര്യാലയം, മലപ്പുറം തിരൂരങ്ങാടി ഗസൂര്‍ കച്ചേരി എന്നീ സ്ഥലങ്ങള്‍ക്ക് 'ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ജില്ലാ പൈതൃക മ്യൂസിയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി ഇവ പൊതു ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം. തിരുവനന്തപുരം ശ്രീപാദം കൊട്ടാരത്തിന്റെയും തൃശ്ശൂര്‍ ചെമ്പൂക്കാവ് കൊല്ലങ്കോട് കൊട്ടാരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതില്‍ തൃശ്ശൂര്‍ ജില്ലാ മ്യൂസിയം മൂന്നു മാസത്തിനകം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജി പ്രേംകുമാര്‍ പറഞ്ഞു.

ഓരോ ജില്ലകളില്‍ നിന്നും ലഭിക്കുന്ന പുരാവസ്തുക്കള്‍ അതത് ജില്ലാ മ്യൂസിയങ്ങളില്‍ സൂക്ഷിക്കും. പുതിയ തലമുറയ്ക്ക് മനസ്സിലാകുന്നതിനായി ചരിത്രങ്ങളും രേഖകളും മിനിയേച്ചര്‍, ചിത്രങ്ങള്‍ തുടങ്ങിയ രൂപത്തില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍ പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്ത കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മ്യൂസിയം സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പുരാവസ്തു വകുപ്പ് ഡയരക്ടര്‍ പറഞ്ഞു.

എല്ലാ പൈതൃക മ്യൂസിയങ്ങളിലും പരിശീലനം നല്‍കി പുതിയ ഗൈഡുകളെ നിയമിക്കാനും പുരാവസ്തു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്കിയോളജി, ഹിസ്റ്ററി, മ്യൂസിയോളജി എന്നിവയില്‍ ഉപരിപഠനം നടത്തിയവരെയാണ് 21 ദിവസത്തെ പരിശീലനം നല്‍കി നിയമിക്കുന്നത്. ഇതിനുപുറമെ പുരാവസ്തുക്കളുടെ ശാസ്ത്രീയ സംരക്ഷണത്തിന് യോഗ്യരായവരെയും നിയോഗിക്കും. സംസ്ഥാനത്തെ 173 സംരക്ഷിത സ്മാരകങ്ങളുടെ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരെ നിയമിക്കാനും പുരാവസ്തു വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. സംരക്ഷിത സ്മാരകങ്ങള്‍ക്കു നേരെ സാമൂഹികവിരുദ്ധ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.