സംശയങ്ങള്‍ക്കുള്ള ഉത്തരമായി ബൈജൂസ് ആപ്പ്

0

അഴീക്കോട് എന്നു പറയുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി വരുന്ന പേര് കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്ന സുകുമാര്‍ അഴീക്കോടിനെയാണ്. കേരളത്തിലെ കുഞ്ഞുങ്ങള്‍ക്കു പോലും അറിയാവുന്ന ഒരു പേരായിരുന്നു അത്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന അഴീക്കോടുകാരന്റെ പേര് അധികമാരും അറിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ പുറത്തിറങ്ങിയ ഒരു ആപ്ലിക്കേഷന്‍ ഇന്ന് രാജ്യമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ ആവേശത്തോടെ ഉപയോഗിക്കുകയാണ്. 

ബൈജൂസ് എന്ന തന്റെ പേരിലുള്ള ലേണിംഗ് ആപ്പിന്റെ സഹായത്തോടെ ആറാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണക്ക്, സയന്‍സ് പഠനം എളുപ്പമാക്കുകയും വിഷയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്യുകയാണ് ബൈജൂസ് ആപിന്റെ ഉടമയായ ബൈജു രവീന്ദ്രന്‍. കണ്ണൂരിലെ അഴീക്കോടുള്ള ബൈജു രവീന്ദ്രന്‍ ഇന്ന് ഇന്ത്യയിലെ എജ്യുക്കേഷന്‍ ടെക്‌നോളജി മേഖലയിലെ തിളങ്ങുന്ന പേരാണ്. ഇന്ത്യയിലെ എജ്യൂക്കേഷന്‍ ടെക്‌നോളജി മേഖലയില്‍ ഏറ്റവുമധികം മൂലധന സമാഹരണം നടത്തുന്ന സ്റ്റാര്‍ട്ട് അപ് സംരംഭം ഈ അഴീക്കോടുകാരന്റെയാണ്. ബൈജു രവീന്ദ്രന്റെ നേതൃത്വത്തില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തില്‍ 510 കോടി രൂപ (7.5 കോടി ഡോളര്‍) യുടെ മൂലധന നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 'ഇന്ത്യയിലെ എജ്യൂക്കേഷന്‍ ടെക്‌നോളജി മേഖലയില്‍ ഏറ്റവുമധികം മൂലധന സമാഹരണം നടത്തുന്ന സ്റ്റാര്‍ട്ട് അപ് സംരംഭമായി ഇതോടെ 'ബൈജൂസ്' (തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്) മാറി. നേരത്തെ രണ്ട് ഘട്ടങ്ങളിലായി 215 കോടി രൂപ സമാഹരിച്ചിരുന്നു. അന്താരാഷ്ട്ര വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനികളായ സെക്വയ, സോഫിന എന്നിവ ചേര്‍ന്നാണ് ഇപ്പോള്‍ 510 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നത്. ഇതനുസരിച്ച് കമ്പനിയുടെ മൂല്യം ഏതാണ്ട് 3,000 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.

അധ്യാപകരുടെ മകനായി ജനിച്ച്, സാധാരമ മലയാളം മീഡിയം ക്ലാസില്‍ പഠി്ച്ചാണ് അദ്ദേഹം ഇന്ന് രാജ്യമറിയുന്ന സംരംഭകനായി ഉയര്‍ന്നത്. പഠനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ ചെറുപ്പം മുതല്‍ തന്നെ സ്‌പോര്‍ട്്സമായും ബൈജുവിന് താത്പര്യം ഏറെയുണ്ടായിരുന്നു. മകനെ കളിക്കളത്തിലേക്ക് വിടാന്‍ ആ മാതാപിതാക്കള്‍ക്കും താത്പര്യമായിരുന്നു. യൂണിവേഴ്‌സിറ്റി തലത്തില്‍ ക്രിക്കറ്റും, ഫുട്‌ബോളും, ബാറ്റ്മിന്‍ഡനുമടക്കം ആറു കായിക ഇനങ്ങളിലാണ് പങ്കെടുത്തതെന്ന് ബൈജു അഭിമാനപൂര്‍വ്വം പറയുന്നു. സ്‌കൂള്‍ കോളജ് പഠനത്തിനു ശേഷം എഞ്ചിനീയറായി മാറിയ ബൈജു ഐ ടി മേഖലയില്‍ വിദേശത്തടക്കം ജോലി ചെയ്തു. എന്നാല്‍ 2003ല്‍ ബാംഗ്ലൂരില്‍ ഒരു അവധിക്കാലത്ത് സുഹൃത്തുകള്‍ക്ക് നല്‍കിയ ഒരു പരിശീലനക്കളരിയാണ് ബൈജുവിന്റെ ലോകം മാറ്റിമറിച്ചത്. CAT പരീക്ഷക്കായി തന്റെ ചില സുഹൃത്തുക്കളെ പരിശീലിപ്പിച്ചപ്പോള്‍ അവര്‍ക്കെല്ലാം നല്ല രീതിയില്‍ ആ പരീക്ഷയില്‍ വിജയിക്കാനായി. വെറുതേ ബൈജു ആ പരീക്ഷ എഴുതിയപ്പോള്‍ 100 ശതമാനം മാര്‍ക്കും നേടാനായി. വീണ്ടും തന്റെ ജോലിയില്‍ വ്യാപൃതനായ ബൈജു രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ഇത്തരത്തില്‍ വീണ്ടും തന്റെ സുഹൃത്തുക്കളെ പരിശീലിപ്പിക്കുന്നത് തുടര്‍ന്നു. തന്റെ അധ്യാപനത്തെക്കുറിച്ച് വളരെ നല്ല ്അഭിപ്രായമാണ് ബൈജുവിന് ലഭിച്ചത്. മാതാപിതാക്കളുടെ അധ്യാപന മേഖലയിലേക്ക് തന്നെ കാലെടുത്തു വെക്കാന്‍ ബൈജുവിനെ പ്രചോദിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. ഈ മേഖലയെ വളരെ ഗൗരവമായി സമീപിച്ച ബൈജു തന്റെ സോഫ്റ്റവെയര്‍ മേഖലയിലെ ജോലി രാജിവെച്ചു.

ബൈജു പരിശീലിപ്പിക്കുന്ന കുട്ടികള്‍ക്ക് എങ്ങനെയാണ് നല്ല മാര്‍ക്ക് വാങ്ങാന്‍ കഴിയുന്നത് എന്നത് ഒരു ചോദ്യമാണ്. പോയ വര്‍ഷത്തെ ചോദ്യപേപ്പര്‍ ചെയ്തതു കൊണ്ടോ ഷോര്‍ട്ട് കട്ടുകള്‍ കൊണ്ടോ അല്ല. മറിച്ച് ചോദ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തെ മനസിലാക്കുന്നതു കൊണ്ടാണ് വിദ്യാര്‍ഥികള്‍ക്ക് ഉത്തരത്തിലേക്ക് സ്വാഭാവികമായി ചെന്നെത്താന്‍ കഴിയുന്നതെന്നാണ് ബൈജുവിന്റെ അനുഭവം. എന്‍ട്രന്‍സ് പരീക്ഷക്കായുള്ള പരീശീലം നല്‍കിയതില്‍ നിന്ന് ബൈജുവിന് ഒരു കാര്യം മനസിലായി, വിഷയങ്ങളില്‍ അടിസ്ഥാന വിവരം ഇല്ലാതെയാണ് പലരും ഇത്തരം പരീക്ഷകള്‍ എഴുതാന്‍ വരുന്നതെന്ന്. വിവിധ തരം എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി തയ്യാറാക്കിയ മെറ്റീരിയല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ടാ്ബ് കുട്ടികള്‍ക്ക് നല്‍കിരുന്ന ബൈജു മൊബൈല്‍ സാങ്കേതിക വിദ്യയില്‍ വന്ന കുതിച്ചു ചാട്ടത്തിന്റെ കാലത്താണ് മൊബൈല്‍ സൗഹൃദ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്. 2011ല്‍ തുടങ്ങിയ സംരംഭം 2015ലാണ് മൊബൈല്‍ ആപ്പിലൂടെ ക്ലാസ് ലഭ്യമാക്കാന്‍ തുടങ്ങിയത്. ആറു മാസം കൊണ്ട് 25 ലക്ഷം പേരാണ് ബൈജൂസ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 1.20 ലക്ഷം പേര്‍ വാര്‍ഷിക പെയ്ഡ് വരിക്കാരാണ്. നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളാണ് 'ബൈജൂസ്', മൊബൈല്‍ ആപ്പിലൂടെ പഠിപ്പിക്കുന്നത്. ഇതിനുപുറമെ, പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കുന്നുണ്ട്. വിപണി സാധ്യത മാത്രമല്ല, ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം മാറ്റിമറിക്കാന്‍ സഹായിക്കുന്ന ഉദ്യമം പടുത്തുയര്‍ത്തുന്നതിനാലാണ് ബൈജൂസില്‍ നിക്ഷേപം നടത്തുന്നതെന്ന് സെക്വയ ക്യാപിറ്റല്‍ ഇന്ത്യ അഡ്വൈസേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ ജി.വി. രവിശങ്കറിന്റെ അഭിപ്രായം.

ബാംഗ്ലൂരിലെ കോറമണ്ടലയിലാണ് അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് ഓഫീസ്. തുടര്‍ന്ന് അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനാണ് ബൈജു രവീന്ദ്രന്റെ പദ്ധതി. പുതുതായി ലഭിക്കുന്ന മൂലധനം ഉപയോഗിച്ച് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലേക്കു കൂടിയുള്ള പരിശീലനം ആരംഭിക്കും. താഴേത്തട്ടില്‍ തന്നെ അടിത്തറ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒന്നു മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ഒരുക്കുന്നത്. കണക്ക്, ശാസ്ത്രം എന്നിവയ്ക്ക് പുറമെ, മറ്റ് വിഷയങ്ങളും പുതിയ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം.