കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിക്കാന്‍ 'ഫാം ടു പ്ലേറ്റ്' മിഷന്‍

കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിക്കാന്‍ 'ഫാം ടു പ്ലേറ്റ്' മിഷന്‍

Saturday October 31, 2015,

3 min Read

ഗുജറാത്തിലെ ദാഹോദ് എന്ന ചെറുപട്ടണത്തിലെ ഒരു കാര്‍ഷിക കുടുംബത്തിലെ അന്തേവാസിയാണ് കേതന്‍ പാര്‍മര്‍. ചെറിയ പ്രായം മുതല്‍ക്കെ വീട്ടിലെ മുതിര്‍ന്നവരില്‍ നിന്നും കൃഷി രീതികളെക്കുറിച്ചും വിത്തിനങ്ങളുടെ വീര്യത്തെക്കുറിച്ചും ആരോഗ്യമുള്ള വിളകള്‍ക്കായി എങ്ങനെ മണ്ണിനെ മാറ്റിയെടുക്കാമെന്നുമെല്ലാം കേതന്‍ കേട്ടു തുടങ്ങിയതാണ്. 'ജൈവ കൃഷി' പേരെടുക്കുന്നതിനും മുമ്പേ തന്നെ ആ രീതിയിലുള്ള കൃഷി നടത്തിയിരുന്ന കര്‍ഷകനായിരുന്നു അവന്റെ മുത്തച്ഛന്‍.

image


ഇതു കണ്ടു വളര്‍ന്ന കേതന് മറ്റ് കര്‍ഷകരെപ്പോലെ വിളവു വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതിനോട് താല്‍പര്യമില്ലായിരുന്നു. കുഗ്രാമങ്ങളില്‍ പോലും മാരകമായ രാസവസ്തുക്കള്‍ വയലുകളില്‍ തളിക്കുന്നതായി കേതന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന് ഒരറുതി വരുത്താനും കര്‍ഷകര്‍ക്കിടയില്‍ ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കാനുമായി 2011 കേതന്‍ ഒരു സാമൂഹ്യ സംരഭത്തിന് തുടക്കമിട്ടു.കൃഷി നാച്ചുറല്‍സ് എന്നായിരുന്നു അതിന് പേരിട്ടത്. ഇന്ന് അത് കേതന്റെ ജീവിതത്തിന്റെ ലക്ഷ്യമായി മാറിയിരിക്കുകയാണ്.

സ്വപ്‌ന പദ്ധതി

കര്‍ഷക കുടുംബത്തിലെ സന്തതിയാണെങ്കിലും കേതന്‍ എച്ച്. ആര്‍ മാനേജ്‌മെന്റ് ബിരുദധാരി കൂടെയാണ്. ഗ്രാമങ്ങളിലെ ആദിവാസി സ്ത്രീകളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒരു എന്‍.ജി.ഒ സംഘടനയ്‌ക്കൊപ്പം കുറച്ച് കാലം പ്രവര്‍ത്തിച്ച ശേഷമാണ് കേതന്‍ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്) ഒരു സാമൂഹ്യ സംരംഭക കോഴ്‌സില്‍ ചേരുന്നത്. ഇതായിരുന്നു അവന്റെ ജീവിതത്തിലെ വഴിത്തിരിവായത്. വിവിധ തരത്തിലുള്ള സംരംഭങ്ങളെപ്പറ്റി ടിസ്സില്‍ നിന്നും കേതന്‍ മനസിലാക്കി. തുടര്‍ന്ന് ജൈവകൃഷിയുടെ വിവിധ വശങ്ങളെപ്പറ്റി കേതന്‍ കൂടുതലായി മനസിലാക്കാന്‍ ആരംഭിച്ചു. ഇതോടൊപ്പം നമ്മുടെ രാജ്യത്തുള്ള പശുക്കളെ പരിപാലിക്കുന്നതിലും കേതന് താല്‍പര്യം ഉണ്ടായി.

തന്റെ പഠനത്തിന്റെ ഭാഗമായി കേതന് ഒരു ഓണ്‍ ഗ്രൗണ്ട് പ്രോജക്ട് ചെയ്യേണ്ടതായുണ്ടായിരുന്നു. അതിനായി ജൈവ കൃഷി എന്ന വിഷയം തന്നെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രോജക്ട് നടപ്പിലാക്കകാന്‍ തന്റെ സംസ്ഥാനം തന്നെയാണ് കേതന്‍ തെരഞ്ഞെടുത്തത്.

image


ജൈവ കൃഷിയെപ്പറ്റി കര്‍ഷകര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനായി കേതന്‍ ചെറിയ കര്‍ഷക സംഘങ്ങള്‍ രൂപീകരിച്ചു. മൂന്ന് മാസത്തെ ശ്രമഫലമായി 50 കര്‍ഷകരിലേക്ക് ഇത് എത്തിക്കുവാന്‍ അവന് സാധിച്ചു. അവരില്‍ നിന്നും ലഭിച്ച പിന്തുണയാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേതന് പ്രേരണയായത്. ഇതോടൊപ്പം ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞ് വച്ച തന്റെ മുത്തച്ഛനും കേതന്റെ തീരുമാനത്തിന് ബലമേകി. അങ്ങനെ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി അവന്റെ സ്വപ്‌ന പദ്ധതിയായി മാറി.

ഇന്ന് കൃഷി നാച്ചുറല്‍സ് ടീമില്‍ 12 അംഗങ്ങളാണുള്ളത്. കൂടുതല്‍ കര്‍ഷകരെ പഠിപ്പിക്കാനും അതിനായുള്ള വിവിധ വഴികളുമെല്ലാം ഇവരുടെ ടീമിന്റെ പ്രധാന ദൗത്യങ്ങളാണ്. കൃഷി നാച്ചുറല്‍സിന് രണ്ട് വകഭേദങ്ങളുണ്ട്- ഒന്ന് ഹരിയാലി ടോപ്ലി എന്ന ജൈവ കൃഷി രീതി, രണ്ട് പശു സംരക്ഷണത്തിനായി ഗിരിജ് എന്ന പദ്ധതി. 70-80 കര്‍ഷകരാണ് ഇതുവരെ ഹരിയാലി ടോപ്ലിയില്‍ പങ്കാളികളായിരിക്കുന്നത്. വഡോദരയില്‍ 400 കുടുംബങ്ങളും ഈ ജൈവ കൃഷി രീതിക്ക് പിന്തുണയുമായി രംഗത്തുണ്ട്.

വയലില്‍ നിന്നും പാത്രത്തിലേക്ക്

കൃഷി നാച്ചുറല്‍സ് കര്‍ഷകര്‍ക്ക് ജൈവ കൃഷി രീതികളെപ്പറ്റി ഉപദേശങ്ങള്‍ നല്‍കുന്നതിനൊപ്പം അവര്‍ക്ക് സാങ്കേതികമായ സഹായങ്ങളും നല്‍കി വരുന്നുണ്ട്. ഈ രീതിയോട് താല്‍പര്യം പ്രകടിപ്പിക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി ഈ കൃഷി രീതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നു. നോളജ് പാര്‍ട്ടേണേഴ്‌സ് എന്ന പേരില്‍ പരിശീലനം ലഭിച്ച ജൈവ കര്‍ഷകരാണ് ക്ലാസുകള്‍ എടുക്കുന്നത്. പരിശീലനം നേടുന്ന കൃഷിക്കാര്‍ക്ക് വിപണി ലഭ്യമാകുന്നുണ്ടെന്നും കൃഷി നാച്ചുറല്‍സ് ഉറപ്പാക്കാറുണ്ട്.

image


ഉപഭോക്താക്കളുടെ ആവശ്യം മുന്‍കൂര്‍ മനസിലാക്കുകയും അതിന് വിപണിവില അനുസരിച്ച് വില്‍ക്കുകയുമാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ പ്ലാസ്റ്റിക് കുട്ടകളും ത്രാസും മറ്റും കൃഷി നാച്ചുറല്‍സ് നല്‍കും. തയ്യാറാക്കുന്ന പച്ചക്കറികള്‍ തൂക്കി വൃത്തിയായി പൊതിഞ്ഞ് അവ മിനി ട്രക്കുകളിലും ലോറികളിലും കയറ്റി ഉപഭോക്താക്കളിലെത്തിക്കും.

ഗിരിജ് പദ്ധതിയില്‍ മികച്ച ഗുണമേന്മയുള്ള പശുക്കളേയും കാളക്കിടാങ്ങളേയും കൃഷി നാച്ചുറല്‍സ് പരിപാലിക്കുന്നുണ്ട്. എ2 (നമ്മുടെ ദേശത്തെ പശുക്കളുടെ പാലിനെ പറയുന്നത് എ2 എന്നാണ്) ഇനത്തിലുള്ള പാല് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഈ മോഡല്‍ പ്രകാരം തങ്ങള്‍ മാത്രമാണ് എ2 പാല്‍ നല്‍കുന്നതെന്നും കേതന്‍ പറഞ്ഞു. ഓരോ 12 പശുക്കള്‍ക്കും അവരുടെ കര്‍ഷകര്‍ക്ക് നല്ലൊരു തുകയും നല്‍കാറുണ്ട്.

ഡി.ബി.എസ് ബാങ്കിന്റെ പിന്തുണ

വാമൊഴിയിലൂടെ മാത്രമാണ് കേതന്റെ സംരംഭത്തെപ്പറ്റി നാട്ടുകാര്‍ അറിഞ്ഞതും അത് വളര്‍ന്നതും. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുളള പ്രചരണമാണ് സഹായകമെന്നും തങ്ങളുടെ ഉപഭോക്താക്കളാണ് വിപണനത്തിനുള്ള തങ്ങളുടെ ശ്രോതസ്സെന്നും കേതന്‍ പറയുന്നു.

ഒരു പുതിയ സംരംഭത്തിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ കേതന് ചില വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കര്‍ഷകരെക്കൊണ്ട് ജൈവകൃഷി രീതി ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അവയില്‍ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ തന്റെ ഉപഭോക്താക്കളുടെ സഹായത്തോടെ അവയെല്ലാം തനിക്ക് മറികടക്കാനാകുമെന്ന് കേതന്‍ വിശ്വസിച്ചു. അതിന് അവന് സഹായഹസ്തവുമായി ഡി.ബി.എസ് ബാങ്ക് ഇന്ത്യ സംഘവും എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡി.ബി.എസ് ബാങ്ക് ഇന്ത്യ പിന്തുണച്ച 21 സംരംഭങ്ങളില്‍ ഒന്നാണ് കൃഷി നാച്ചുറല്‍സ്. അതോടെ ആവശ്യമായ ഫണ്ടിന്റെ കാര്യത്തില്‍ കേതന് ആശ്വാസമായി.


ഡി.ബി.എസ് ബാങ്ക് തങ്ങളെ സാമ്പത്തികമായി മാത്രമല്ല നിലനില്‍പ്പിനും സഹായിച്ചതായും കേതന്‍ വ്യക്തമാക്കി. എല്ലാ മൂന്ന് മാസം കൂടുമ്പോഴും ഡി.ബി.എസിന്റെ ഒരു സംഘം കൃഷി നാച്ചുറല്‍സിന്റെ പ്രവര്‍ത്തന മികവിനെ വിലയിരുത്തുകയും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവയെ മറികടക്കാനപള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യും. ഡി.ബി.എസ് ബാങ്കിന്റെ സഹായത്തോടെ തങ്ങള്‍ക്ക് കര്‍ഷകരുടെ ഇടയില്‍ കൂടുതല്‍ ജനസമ്മതി ലഭിച്ചെന്നും ഇപ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നുണ്ടെന്നും കേതന്‍ പറഞ്ഞു.

അടുത്തതായി സൂറത്ത്, അഹമ്മദാബാദ്, രാജ്‌കോട്ട് എന്നിവിടങ്ങളിലെ വലിയ വിപണികളാണ് കേതന്റെ ലക്ഷ്യം. ആരോഗ്യകരമായ കൃഷിക്കൊപ്പം ഈ പ്രദേശങ്ങളിലുള്ള കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 കര്‍ഷക കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്നും കേതന്‍ ആഗ്രഹിക്കുന്നു. സുസ്ഥിര കൃഷി മുന്നോട്ട് കൊണ്ടു പോകാന്‍ ജൈവ കൃഷിയാണ് മികച്ച വഴിയെന്നും അതിനാല്‍ വരുന്ന ദശാബ്ദത്തില്‍ കൂടുതല്‍ കര്‍ഷകരും ഉപഭോക്താക്കളും മുന്നോട്ട് വരണമെന്നുമാണ് കേതന്റെ ആഗ്രഹം

    Share on
    close