സംഭവബഹുലമായി സംരഭങ്ങളുടെ 2015

സംഭവബഹുലമായി സംരഭങ്ങളുടെ 2015

Thursday December 31, 2015,

3 min Read

ഒട്ടേറെ പുതു സംരംഭകര്‍ കടന്നുവന്ന വര്‍ഷമായിരുന്നു 2015. വന്‍കിട കമ്പനികളായ ആലിബാബ, ഇന്‍ഫോസിസ് തുടങ്ങിയവര്‍ മാത്രമല്ല മറ്റു നിരവധിപേരും ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഉയര്‍ച്ച താഴ്ചകള്‍ മാറി മറിഞ്ഞ വര്‍ഷത്തില്‍ ചില മേഖലകള്‍ ലാഭമുണ്ടാക്കി, മറ്റു ചിലര്‍ക്ക് നഷ്ടവുമുണ്ടായി. 2015ന് വിടചൊല്ലുമ്പോള്‍ 2016 വളരെ പ്രതീക്ഷയോടെയാണ് പുതുസംരംഭകര്‍ കാണുന്നത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊപ്പം തന്നെ ചില സംശയങ്ങളും ബാക്കിനില്‍ക്കുന്നു

2015 ല്‍ വാര്‍ത്താപ്രാധാന്യം നേടിയ സംരഭക ലോകത്തെ വിശേഷങ്ങള്‍ യുവര്‍‌സ്റ്റോറി പരിശോധിക്കുന്നു

ധനവിനിയോഗങ്ങള്‍

സെക്വയ ക്യാപിറ്റല്‍ ഇന്ത്യ ഈ വര്‍ഷം 32 നിക്ഷേപങ്ങള്‍ നടത്തി ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ പട്ടികയില്‍ ഒന്നാമതാണ്. 29 നിക്ഷേപങ്ങളുമായി ടൈഗര്‍ ഗ്ലോബലാണ് തൊട്ടുപിന്നില്‍. ഇന്‍ഫോസിസ്, രത്തന്‍ ടാറ്റ, എന്‍.ആര്‍. നാരായണ മൂര്‍ത്തി, കുണാള്‍ ബഹല്‍ ഉള്‍പ്പെടെ മറ്റു നിരവധി പേര്‍ അനേകം പുതിയ സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയെന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.

ഈ വര്‍ഷം ഇന്ത്യയിലേക്ക് കടന്നുവന്ന ചൈനയിലെ ഇകൊമേഴ്‌സ് കമ്പനിയായ 'ആലിബാബ' പേ ടിഎമ്മില്‍ നിക്ഷേപമിറക്കിയതു മാത്രമല്ല ബാംഗ്ലൂരില്‍ മൊബൈല്‍, വാണിജ്യ മേഖലകള്‍ക്കായി ഇന്‍ക്യുബേറ്റര്‍ സ്ഥാപിക്കുകയും ചെയ്തു. ചൈനയിലെ മറ്റൊരു കമ്പനിയായ ഷിയോമി ഇ-കോമേഴ്‌സ് വെയര്‍ഹൗസുകള്‍ സ്ഥാപിച്ച് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

image


ടാക്‌സി വിപ്ലവം

ടാക്‌സിരംഗത്ത് സ്വകാര്യകമ്പനികളുടെ വന്‍ കുതിച്ചുചാട്ടം തന്നെ ഉണ്ടായി. ഓണ്‍ ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലയും യൂബറും മുംബൈയിലും കേരളത്തിലും ചില തൊഴിലാളി പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും 2015 അവര്‍ നേട്ടം കൊയ്ത വര്‍ഷമായിരുന്നു. മറ്റു ടാക്‌സി കമ്പനികളായ മെറുവും ജുഗ്‌നുവും നേട്ടമുണ്ടാക്കി. അമേരിക്കന്‍ ടാക്‌സി കമ്പനിയായ യൂബര്‍ ഒരു ബില്യന്‍ ഡോളറാണ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്. അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ.

സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റം ആശങ്ക ഉണര്‍ത്തുന്നതാണെങ്കിലും സര്‍ക്കാര്‍ കൃത്യമായ നിയമം നടപ്പിലാക്കിയത് ഏറെ ആശ്വാസം നല്‍കുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയം ടാക്‌സി കമ്പനികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നു പരിശോധിച്ചു ഉറപ്പുവരുത്തിയതിനു ശേഷമേ ലൈസന്‍സ് നല്‍കാവൂ എന്നതും കര്‍ശനമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് 'ഒല'യുടെ ഡല്‍ഹിയിലോടുന്ന കാറുകളിളെല്ലാം പ്രകൃതി വാതക സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ജനുവരി മുതല്‍ ഒറ്റ, ഇരട്ട റജിസ്‌ട്രേഷന്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ റോഡിലിറങ്ങാവൂ എന്ന് ഡല്‍ഹി സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. യൂബര്‍, ഒല, മേരു, ബസ് ഷട്ടില്‍ സര്‍വീസായ സിപ് ഗോ തുടങ്ങിയവയെല്ലാം തന്നെ ഈ പദ്ധതിയോട് സഹകരിക്കാന്‍ തയ്യാറാണെന്ന കാര്യം ഉറപ്പു നല്‍കിയിട്ടുണ്ട്.

സംസ്ഥാന പദ്ധതികള്‍

പുതുസംരംഭകരുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാരും മികച്ച പിന്തുണയാണ് നല്‍കിയത്. വിദേശ കമ്പനികള്‍ക്ക് ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ (എഐഎഫ്എസ്) നിക്ഷേപം നടത്താനുള്ള അനുമതി ജൂലൈയില്‍ സര്‍ക്കാര്‍ നല്‍കി. ഇതു സംരംഭക രംഗത്തെ തുടക്കക്കാര്‍ക്ക് കൂടുതല്‍ പണം ലഭ്യമാക്കുകയും ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ഇതേറെ ഗുണകരമാവുകയും ചെയ്തു.

രാജ്യാന്തര ഇടപെടലുകള്‍

ഏതാനും ചില സംരംഭകര്‍ വിദേശരാജ്യങ്ങളില്‍ നിക്ഷേപം നടത്താനുള്ള ധൈര്യവും ഈ വര്‍ഷം കാണിച്ചു. സോസ്റ്റല്‍ വിയറ്റ്‌നാമിലും റൂംസ് ടോണിറ്റ് ദുബായിലും തുടക്കം കുറിക്കാന്‍ തയാറായി. റെഡ് ബസ് സൗത്ത് ഏഷ്യയില്‍ 8 മില്യന്‍ ഡോളര്‍ നിക്ഷേപം നടത്തി. ജുഗ്‌നൂ ഫിലിപ്പീന്‍സില്‍ അധികം വൈകാതെ പ്രവര്‍ത്തനം തുടങ്ങും.

ഡിഡി ക്വായ്ഡി, ഗ്രാബ് ടാക്‌സി, ലിഫ്റ്റ് എന്നിവയുമായി കൈാകോര്‍ത്തതിലൂടെ ഒല രാജ്യാന്തര വാര്‍ത്താപ്രാധാന്യം നേടി. നാലു കമ്പനികളും ചേര്‍ന്ന് ഏഴു ബില്യന്‍ ഡോളറാണ് സമാഹരിച്ചത്. ഡിഡി ക്വായ്ഡി ചൈനയിലെ 360 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈഫ്റ്റ് യുഎസില്‍ 200 നഗരങ്ങളിലും ഗ്രാബ് ടാക്‌സി മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്!ലന്‍ഡ് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഈ കമ്പനികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ രാജ്യാന്തര യാത്രക്കാര്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഈ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താനുള്ള ബുക്കിങ് ചെയ്യാന്‍ സൗകര്യമുണ്ടായി. ഇത് യൂബറിന് വലിയൊരു തിരിച്ചടിയായിട്ടുണ്ട്.

വമ്പന്‍മാര്‍ വാണ വര്‍ഷം

പേ ടിഎം, സൊമാറ്റോ, ക്വിക്ര്‍ എന്നിവ ഒല, ഫ്‌ലിപ്കാര്‍ട്, സ്‌നാപ്ഡീല്‍, ഇന്‍മോബി, മ്യു സിഗ്മ എന്നിവയുമായി കൈകോര്‍ത്തു. ഇതില്‍ സൊമാറ്റോ ആണ് ഈ വര്‍ഷം മുഴുവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. യുഎസ് വ്യാപാര രംഗത്ത് സൊമാറ്റോ ഭക്ഷണം അതതു സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന ഒരു ആപ്പിന് രൂപംകൊടുത്തു. ഓണ്‍ലൈന്‍ ഭക്ഷണ വ്യപാര രംഗത്തെ പല സംരഭങ്ങളും തകര്‍ന്നപ്പോഴും സൊമാറ്റോ നിലനിന്നു. സ്പൂണ്‍ജോയ്, ഈറ്റ്‌ലോ, ഡാസോ എന്നിവയെല്ലാം വരുമാനമില്ലാതായതോടെ അടച്ചുപൂട്ടി. ടൈനിഓള്‍ 200 തൊഴിലാളികളെ പിരിച്ചുവിടുകയും ചില നഗരങ്ങളിലെ ഓഫിസുകള്‍ പൂട്ടുകയും ചെയ്തു.

ഫ്‌ലിപ്കാര്‍ട്ടിന്റെ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫോബ്‌സ് മാഗസിന്റെ ധനവാന്മാരുടെ പട്ടികയില്‍ ഇടംനേടിയത് യൂണികോണ്‍സിന് പുതിയ ഉണര്‍വേകി. ഫ്രീചാര്‍ജ് ഉള്‍പ്പെടെയുള്ള സംരംഭങ്ങളില്‍ സ്‌നാപ്ഡീല്‍ ഒരു ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്തി.

ഇകൊമേഴ്‌സ് രംഗത്തെ അഭിവൃദ്ധി

ഇകൊമേഴ്‌സ് വ്യാപരരംഗവും ഈ വര്‍ഷം വാര്‍ത്തകള്‍ ഉണ്ടാക്കി. വന്‍മുതല്‍ മുടക്ക് നിക്ഷേപിച്ചും ആഘോഷ കാലങ്ങളില്‍ കച്ചവടം പൊടിപൊടിച്ചും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. പെടിഎം ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് പുതിയ തരംഗങ്ങള്‍ തന്നെ സൃഷ്ടിച്ചു. ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവ പുതിയ മൊബൈല്‍ വെബ്‌സൈറ്റുകള്‍ തുടങ്ങി.

ചിത്രം ഇനിയും ബാക്കി

2016 ജനുവരിയില്‍ 'സ്റ്റാര്‍ട്ട്അപ് ഇന്ത്യ സ്റ്റാന്‍ഡ്അപ്' ഇന്ത്യ പദ്ധതിക്ക് തുടക്കമാകും. എന്നാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ സംരംഭ ലോകത്ത് അവശേഷിക്കുന്നുണ്ട്. ഇന്‍ഫോസിസ് ആറു സംരംഭങ്ങളില്‍ നിക്ഷേപം നടത്തി. അതില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നത് ഒരെണ്ണം മാത്രമാണ്. ഈ പ്രവണത ഇനിയും തുടരുമോ? ഇന്ത്യയിലെ സംരംഭങ്ങള്‍ക്ക് ലോകശ്രദ്ധ നേടാനാകുമോ? യൂബര്‍ 50 മില്യന്‍ ഡോളര്‍ മുതല്‍ മുടക്കി ഹൈദരാബാദില്‍ ഗ്ലോബല്‍ ഓഫിസ് തുറക്കുന്നു, ഇന്ത്യയില്‍ ഗതാഗത രംഗത്ത് പുതിയ മല്‍സരങ്ങള്‍ക്ക് ഇതു തുടക്കം കുറിക്കുമോ. ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയുണ്ട്. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം കാലത്തിനു മാത്രമായിരിക്കും നല്‍കാനാവുക.