ഇംഗ്ലീഷ് പഠനം അനായാസമാക്കാന്‍ വേഡ്‌സ് വര്‍ത്ത് പദ്ധതിയുമായി വര്‍ഷ വര്‍ഗ്ഗീസ്

0

ഇംഗ്ലീഷില്‍ എം എ പാസായാലും നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും ഇംഗ്ലീഷ് ഭാഷാസ്വാധീനമില്ലാത്തതിനാല്‍ പല സ്ഥലങ്ങളില്‍ നിന്നും വിദ്യാഭ്യാസമുള്ളവര്‍ പോലും മാറ്റിനിര്‍ത്തപ്പെടുന്നു. നമ്മുടെ ഇംഗ്ലീഷ് പഠനരീതിയും ഭാഷാപ്രയോഗത്തിനുളള അവസരമില്ലായ്മയുമാണ് ഇതിന് കാരണം. അടുത്ത തലമുറക്ക് ഈ അനുഭവം ഉണ്ടാകാതിരിക്കാന്‍ ഒരു പരിഹാരമാര്‍ഗ്ഗമായാണ് മലയാളിയായ വര്‍ഷ വര്‍ഗ്ഗീസ് തുടങ്ങിവെച്ച വേഡ്‌സ് വര്‍ത്ത് പദ്ധതി. ഡല്‍ഹിയിലെ സ്റ്റീഫന്‍സ്‌ കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ വര്‍ഷ, യംഗ് ഇന്ത്യാ ഫെല്ലോപ്പിന്റെ ഭാഗമായി ആരംഭിച്ച വേഡ്‌സ് വര്‍ത്ത് പ്രോഗ്രാമാണ് ഭാവിയിലെ കുരുന്നുകള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പഠനത്തില്‍ വഴികാട്ടിയാകുന്നത്.

ദുബായിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വര്‍ഷ ഡിഗ്രി പഠനത്തിനായാണ്രജ്യതലസ്ഥാനത്തേക്കെത്തുന്നത്. പഠനശേഷം കോര്‍പ്പറേറ്റ് മേഖലയല്ല തന്റെ പ്രവര്‍ത്തനരംഗമെന്നത് ബിരുദത്തിന്റെ ആദ്യ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്നെ വര്‍ഷ തിരിച്ചറിഞ്ഞു. ഇങ്ങനെയാണ് മേക്ക് എ ഡിഫറന്‍സ്(മാഡ്) പദ്ധതിയുടെ ഭാഗമായി കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപക വോളണ്ടിയറായി ചേരുന്നത്. മൂന്നാം വര്‍ഷമാകുമ്പോഴേക്ക് അധ്യാപക വോളണ്ടിയര്‍മാരെ പരിശീലിപ്പിക്കുന്ന വ്യക്തിയായി വര്‍ഷ മാറി. അവര്‍ക്കുള്ള ഇംഗ്ലീഷ് പ്രോജക്ടും വര്‍ഷ തന്നെ കൈകാര്യം ചെയ്തു. അധ്യാപനവും പരിശീലനവുമാണ് തന്റെ തട്ടകമെന്ന് തിരച്ചറിയുന്ന നിമിഷമായിരുന്നു അതെന്ന് വര്‍ഷ ഓര്‍മ്മിക്കുന്നു.

ഈ അധ്യാപന കാലഘട്ടമാണ് തന്നെ പുതിയ കാഴ്ച്ചപാടുകളിലേക്ക് നയിച്ചതെന്ന് വര്‍ഷ പറയുന്നു. ഭാഷയും വാക്കുകളുമാണ് വളര്‍ന്നു വരുന്ന തലമുറയെ ശാക്തീകരിക്കുന്നതില്‍ പ്രധാന ശക്തിയാവുക എന്ന തിരിച്ചറിവ് തനിക്ക് അങ്ങനെയാണ് വന്ന് ചേര്‍ന്നത്. മക്കളുടെ ഭാവി മെച്ചപ്പെടാന്‍ വേണ്ടി സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ പോലും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ട് പഠിപ്പിക്കുന്നു. എന്നാല്‍ തന്റെ അധ്യാപക കാലഘട്ടത്തില്‍ കുട്ടികള്‍ ഭാഷാ പഠനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ വര്‍ഷ നേരിട്ട് മനസിലാക്കി. നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് ഇംഗ്ലീഷ് പഠിച്ച ശേഷം അവര്‍ വീട്ടിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇംഗ്ലീഷ് പരിപോഷിപ്പിക്കാന്‍ അവസരം ലഭിക്കുന്നില്ല. ഓര്‍മ്മശക്തിയും ബുദ്ധിശക്തിയുമുളള കുട്ടികള്‍ പോലും ഇംഗ്ലീഷ് ഭാഷ മനസിലാക്കാതെയാണ് അഭ്യസിക്കുന്നതെന്ന് വര്‍ഷ മനസിലാക്കി. ഭാഷാപഠനത്തെ ചുവരുകളുടെ ചട്ടക്കൂടിന് വെളിയിലേക്ക് മാററണമെന്ന കാഴ്ചപ്പാടാണ് എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന പഠനരീതിയെക്കുറിച്ച് ചിന്തിക്കാന്‍ ഇട നല്‍കിയത്.

ബിരുദത്തിന് ശേഷം യംഗ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് നേടി ബിരുദാനന്തര ഡിപ്ലോമ ചെയ്യവേയാണ് പഠനത്തിന്റെ ഭാഗമായി സാമൂഹ്യപ്രസക്തിയുള്ള ഒരു പ്രോജക്ട് ചെയ്യേണ്ടി വന്നത്. തന്റെ ഇത്രനാളുമുള്ള ഭാഷാ പരിശീല അനുഭവം മനസില്‍ വെച്ചാണ് വര്‍ഷ ഇതിനായി വേഡ്‌സ് വര്‍ത്ത് പ്രോഗ്രാം ആവിഷ്‌ക്കരിക്കുന്നത്. ലേഡി ശ്രീറാം കോളജില്‍ ബിരുദം പൂര്‍ത്തിയാക്കിയ പ്രിയങ്കയും വൃദ്ധസദനങ്ങളില്‍ പരിശീലനം നല്‍കി പരിചയമുള്ള രാഹുലും പ്രോഗ്രാമിന്റെ ഭാഗമായി. തുടര്‍ന്ന് ഡല്‍ഹിയിലുള്ള കുടുംബ് ഫൗണ്ടേഷനുമായും രണ്ട് കമ്മ്യൂണിറ്റി സെന്ററുമായും ചേര്‍ന്ന് 2014 ഒക്ടോബറില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അടിസ്ഥാനപരമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കാത്ത ഒരുകൂട്ടം കുട്ടികളെ ലക്ഷ്യം വെച്ചാണ് പദ്ധതിയുടെ പ്രരംഭഘട്ടം ആരംഭിച്ചത്. അവര്‍ക്ക് ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ക്ലാസുകള്‍ നല്‍കി. എന്നാല്‍ പല കുട്ടികളും പ്രാദേശിക ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മനസെത്തിക്കാന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് ബോധ്യമായി. ഭാഷയില്‍ അടിസ്ഥാനമില്ലാത്തത് പലകുട്ടികള്‍ക്കും ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടുണ്ടാക്കി. വാക്കുകളും അര്‍ത്ഥങ്ങളും അറിയാമായിരുന്നിട്ടും വാക്യം തയ്യാറാക്കാന്‍ കഴിയാത്ത കുട്ടികളെ അതിന് പ്രാപ്തരാക്കുകയായിരുന്നു ആദ്യപടി. ഇതിനായി പ്രത്യേക ചോദ്യാവലികള്‍ തയ്യാറാക്കി അതിലൂടെയുള്ള പ്രത്യേക പരിശീലനം നല്‍കുന്ന രീതിയാണ് വേഡ്‌സ വര്‍ത്ത് പ്രോഗ്രാമിലൂടെ വര്‍ഷ ആവിഷക്കരിച്ചത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള കഥകള്‍ വളരെ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ അവര്‍ക്ക് നല്‍കി. ലൈബ്രറികളില്‍ പലപ്പോഴും അവരുടെ ഭാഷാ നൈപുണ്യം വളര്‍ത്താനുതകുന്ന പുസ്തകങ്ങള്‍ ലഭിക്കാതെ വന്നതോടെ വര്‍ഷ അവ വാങ്ങി നല്‍കാന്‍ തുടങ്ങി.

ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമായി വെര്‍ഡസ്‌വര്‍ത്ത് പദ്ധതി മാറ്റണമെന്നതാണ് വര്‍ഷയുടെ ആഗ്രഹം. താത്പര്യമുള്ളവര്‍ക്ക് തന്റെ വേഡ്‌സ് വര്‍ത്ത് പ്രോഗ്രാം അവരുടെ സ്ഥലത്ത് തുടങ്ങുവാന്‍ കഴിയുന്ന വിധം ഒരു സ്റ്റാര്‍ട്ടര്‍ കിറ്റ് വികസിപ്പിക്കുക, തന്റെ പദ്ധതി പല മേഖലകളിലേക്ക് വ്യാപിപ്പിക്കുക, പദ്ധതിയുടെ തുടര്‍നടത്തിപ്പിനായി സ്ഥിരമായ സാമ്പത്തിക ശ്രോതസ് കണ്ടെത്തുക എന്നിവയാണ് വര്‍ഷയുടെ മുന്നിലുള്ള ലക്ഷ്യങ്ങള്‍