വരള്‍ച്ച ബാധിച്ച ഗ്രാമം മാതൃകാ ഗ്രാമമായ മാജിക്ക്

വരള്‍ച്ച ബാധിച്ച ഗ്രാമം മാതൃകാ ഗ്രാമമായ മാജിക്ക്

Sunday November 01, 2015,

2 min Read


ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിപക്ഷവും താമസിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഈ കഥ മഹാരാഷ്ട്രയിലെ ഹിവാരെ ബാസാര്‍ എന്ന ഗ്രാമത്തെക്കുറിച്ചാണ്. വരള്‍ച്ച ബാധിച്ച ആ ഗ്രാമത്തെ അവിടുത്തെ മുന്‍ സര്‍പാഞ്ചായ പൊപാത്രോ പവാര്‍ എന്ന വ്യക്തി മാതൃകാ ഗ്രാമമാക്കി മാറ്റിയെടുത്തു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ പല മേഖലകളില്‍ നിന്നുള്ള പാഠങ്ങളാണ് ചുവടെ.

image


അധികാരം

ഒരു ഗ്രാമത്തിന് നേതാവ് വേണമെന്നില്ല. സമൂഹത്തെ ശാക്തീകരിക്കാനും തീരുമാനമെടുക്കുവാനുമുള്ള നടപടികളാണ് ആവശ്യം. ഇതാണ് പൊപാത്രോയുടെ ഫിലോസഫി. പല പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനും ഈ സമീപനമാണ് എടുക്കാറുള്ളത്. ഗ്രാമത്തിന് വേണ്ടി ഓരോ തവണയും ഗവണ്‍മെന്റ് ഫണ്ട് അനുവദിക്കുമ്പോള്‍ ഗ്രാമവാസികള്‍ ഒന്നിച്ചിരുന്ന് എങ്ങനെ തങ്ങളുടെ സമൂഹത്തെ മികച്ച രീതിയില്‍ സേവിക്കാമെന്ന് തീരുമാനിക്കുന്നു. ഈ ഗ്രാമത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഡല്‍ഹിയിലല്ലെന്നും ഈ ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന ഗ്രാമവാസികള്‍ തന്നെയാണെന്നും പൊപാത്രോ പറഞ്ഞു.

ജലം

മിക്ക ഇന്ത്യന്‍ ഗ്രാമങ്ങളിലേയും പ്രധാന പ്രശ്‌നം ജലമാണ്. ഹിവാരെ ബസാറിലും 20 വര്‍ഷം മുമ്പ് ഇത് തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഇന്ന് ഇവിടുത്തെ ജല നിര്‍വഹണ പദ്ധതികള്‍ യൂണിവേഴ്‌സിറ്റികളിലെ പാഠ്യ വിഷയമാണ്. അവരത് ചെയ്തത് എങ്ങനെയാണെന്നോ? ധാരാളം വെള്ളം ആവശ്യമായി വരുന്ന കരിമ്പ്, വാഴ എന്നിവയുടെ കൃഷി ഇവിടെ നിരോധിച്ചു. മഴവെള്ളം സംഭരിക്കാന്‍ ചാലുകള്‍ നിര്‍മിച്ചു. അങ്ങനെ ഗ്രാമത്തിന് ആവശ്യമുള്ളതിലും അധികം ജലം ഇവിടെ ലഭ്യമായിത്തുടങ്ങി. ജലദൗര്‍ലഭ്യമുള്ള സമീപ ഗ്രാമങ്ങളിലേക്കും ഇവര്‍ ജലം വില്‍ക്കാറുണ്ട്.

വിദ്യാഭ്യാസം

20 വര്‍ഷം മുമ്പ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് വെറും 30 ശതമാനമായിരുന്നു. എന്നാല്‍ ഇന്നത് 95 ശതമാനമാണ്. മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനായി അവര്‍ മുതല്‍മുടക്കുകയാണ് ചെയ്തത്. അങ്ങനെ അവിടുത്തെ സ്‌കൂളുകള്‍ പ്രശസ്തമാവുകയും മറ്റ് ഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ അവിടെ പഠിക്കാനായി എത്തുകയും ചെയ്തു. നേതാക്കളുടെ പ്രതിമകള്‍ ഉയര്‍ത്തുന്നതിലല്ല, ആ പണം സ്‌കൂളുകള്‍ക്കായി മുടക്കുന്നതാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും പൊപാത്രോ പറയുന്നു. സ്‌കൂള്‍ ഒരു മുതല്‍മുടക്കാണ്. അതിനാല്‍ ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നൊന്നും തന്നെ പണം ഈടാക്കാറില്ല. പഠനം പൂര്‍ത്തിയായാല്‍ അവര്‍ ഈ ഗ്രാമത്തില്‍ തന്നെ നിന്നു കൊള്ളാം എന്നൊരു പേപ്പറില്‍ ഒപ്പിട്ട് വാങ്ങുക മാത്രമാണ് ചെയ്യുന്നത്.

തൊഴില്‍

ഇന്ന് ഇന്ത്യയിലെ മറ്റേതൊരു പട്ടണത്തേക്കാളും വികസനമുള്ള ഗ്രാമമാണ് തങ്ങളുടേതെന്ന് പൊപാത്രോ അഭിമാനത്തോടെ പറയുന്നു. പണ്ട് ഈ ഗ്രാമത്തില്‍ നിന്നും കുടിയൊഴിഞ്ഞു പോയ കുടുംബങ്ങളെല്ലാം ഇന്ന് തിരിച്ചു വരാന്‍ ആഗ്രഹിക്കുകയാണ്. ഇവിടെ വെറും മൂന്ന് കുടുംബങ്ങള്‍ മാത്രമാണ് ദാരിദ്യ രേഖയ്ക്ക് താഴെ കഴിയുന്നത്. ഗ്രാമത്തിലെ ജോലി സാധ്യതകള്‍ മെച്ചപ്പെടുത്താനായി ജനങ്ങള്‍ ലോണ്‍ വിതരണം, പശു വളര്‍ത്തല്‍, ആശാരിപ്പണി, തയ്യല്‍ എന്നിവയാണ് ചെയ്യുന്നത്. പുതിയ ജോലികള്‍ ആരംഭിക്കുന്നതില്‍ അവര്‍ വിജയിക്കുന്നുണ്ടെന്നും മറ്റ് ഗ്രാമങ്ങളില്‍ നിന്നു പോലും ജനങ്ങള്‍ ജോലി തേടി ഇവിടെ എത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അസാധ്യമായി ഒന്നുമില്ല

ഹിവാരെ ബാസാറില്‍ ഒരു കൊതുകിനെ കണ്ടുപിടിച്ച് കൊടുത്താല്‍ അവര്‍ക്ക് താന്‍ 100 രൂപ നല്‍കാമെന്ന് പൊപാത്രോ വെല്ലുവിളിച്ചു. തങ്ങളുടെ ഗ്രാമം ശുചിത്വമുള്ളതാണെന്നും മലേറിയ മുക്തമാണെന്നും ഇവിടെ കൊതുകുകളേയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തമായ ഈ 'അത്ഭുത' ഗ്രാമം സന്ദര്‍ശിക്കാന്‍ രാഷ്ട്രീയക്കാരും, വി.ഐ.പികളും 21 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഇവിടെയെത്തിയിട്ടുണ്ട്.എച്ച്.ഐ.വി/ എയിഡ്‌സ് എന്നിവയ്‌ക്കെതിരെ പോരാടാനായി വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഗ്രാമത്തിലുള്ളവര്‍ ചേര്‍ന്ന് തീരുമാനിച്ചു. ഇന്ത്യയില്‍ ഈ തീരുമാനമെടുത്ത ഏക ഗ്രാമവും ഇതു തന്നെയാണ്.

പ്രഭാവം പരത്തുക

തങ്ങളുടെ വികസന മോഡലിന്റെ പ്രഭാവം പരത്താനായി മറ്റ് ഗ്രാമങ്ങള്‍ ദത്തെടുക്കാനും ഹിവാരെ ബാസാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇവര്‍ ദത്തെടുത്ത ഒരു ഗ്രാമം ആത്മഹത്യാ നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയായിരുന്നു. എന്നാല്‍ തങ്ങളുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയതോടെ ഇവിടെ നിന്നും ഒരു ആത്മഹത്യ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊപാത്രോ വ്യക്തമാക്കി. നിലവില്‍ മഹാരാഷ്ട്ര സംസ്ഥാന ഗവണ്‍മെന്റിന്റെ മോഡല്‍ ഗ്രാമ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് പൊപാത്രോ പവാര്‍.