റെമി സൃഷ്ടിച്ച 'മാതൃക ഗ്രാമം' : ടാന്‍സാനിയയിലെ മാറ്റത്തിന്റെ ചെറുകാറ്റ്..

0

ടാന്‍സാനിയില്‍ മൊറോഗൊറോയില്‍ നിന്ന് 60 കിലോമീറ്റര്‍ കിഴക്ക് മാറി ബ്വവാനി എന്ന വലിയ ഗ്രാമത്തിനുള്ളിലെ ചെറിയ ഒരു ഗ്രാമമാണ് ലുക്ക്വാംബേ. എന്‍ഗെരിവ് എന്ന വികസന പ്രോജക്ട് തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഗൂഗിള്‍ മാപ്പില്‍ നോക്കിയാല്‍ മൊറോഗൊറോയ്ക്ക് ചുറ്റും പച്ച നിറത്തിലുള്ള വലിയ വട്ടത്തിന് ചുറ്റുമായി ഒരു ഗ്രേ നിറം കാണാം. സ്‌കൂളുകള്‍, ചില ഗ്രാമങ്ങള്‍, പുഴകള്‍ എന്നിവയെക്കുറിച്ച് അവ്യക്തമായ വിവരങ്ങള്‍ ലഭിക്കും. എന്താണ് ഈ ഗ്രേ നിറം കൊണ്ട് അര്‍ത്ഥമാക്കുന്നത് ?

അത് എന്താണ് എന്നറിയാന്‍ ഗൂഗിള്‍ എര്‍ത്ത് നമ്മളെ സഹായിച്ചേക്കും, എന്നാല്‍ അതിന്റെ ഒരു ചുരുങ്ങിയ വിശദീകരണം ഞാന്‍ ഇവിടെ നല്‍കാം. ചിതറിക്കിടക്കുന്ന ഗ്രാമങ്ങള്‍, കൃഷിയിടങ്ങള്‍. വിവിധ എന്‍ ജി ഒകളും ജീവകാരുണ്യ പ്രവര്‍ത്തന സംഘടനകളും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന

അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും ദാരിദ്ര്യവും അനുഭവിക്കുന്ന സ്ഥലങ്ങളാണ് ഇവ.

വന്‍ മരങ്ങളും മഞ്ഞപ്പുല്ലുകളും ചുവന്ന മണ്ണുമുള്ള ലുക്ക്വാംബേ. ഇവിടെയാണ് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി റെമീഗിയസ് മുഷേംഗാ, എന്‍ഗെരിവ് എക്കോ ക്യാമ്പ് ആരംഭിച്ചത്. മറ്റു പദ്ധതികളും ഈ പദ്ധതിയും തമ്മിലുള്ള പ്രധാന വ്യത്യാസം റെമി തന്നെയാണ്. ബ്വവാനിയാണ് റെമിയുടെ ജന്മദേശം. വിവാഹിതാനായ റെമി തന്റെ കുട്ടികളെയും ഇവിടെ തന്നെയാണ് വളര്‍ത്തിയത്. ഇത് ലോകത്തിലെ ആദ്യത്തെ സംഭാവം അല്ല എങ്കിലും വളരെ തുച്ഛമായ വരുമാനത്തിലൂടെ സ്വന്തം സമുദായത്തെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ റെമി നടത്തുന്ന അധ്വാനം പ്രശംസനീയമാണ്.

റെമി എന്ന് തന്നെ വിളിക്കുന്നത് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഈ മനുഷ്യന്‍ ജനിച്ചത് ലേക്ക് വിക്ടോറിയക്കടുത്താണ്. സെക്കന്‍ഡറി വിദ്യാഭാസത്തിനു ശേഷം ആറ് ഗ്രാമങ്ങളുടെ റവന്യൂ ഇന്‍സ്‌പെക്ടറായി ബഗാമായോ സംസ്ഥാന കൗണ്‍സിലില്‍ റെമി ജോലി ചെയ്തു തുടങ്ങി. 'ഗ്രാമത്തിലെ ഏറ്റവും താഴെതട്ടിലുള്ളവരെയറിഞ്ഞ് ജോലി ചെയ്തപ്പോഴാണ് ഇവരുടെ യഥാര്‍ത്ഥ അവസ്ഥ എനിക്ക് മനസ്സിലായത്. വിദ്യാഭ്യാസമില്ലയ്മയും സമൂഹത്തിന്റെ മുകളിലും താഴെയും നില്‍ക്കുന്നവര്‍ തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഇവര്‍ ഒന്നിനൊന്ന് അധ:പതിക്കാനുള്ള കാരണം.'

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം റെമി തന്റെ ജോലി ഉപേക്ഷിച്ചിട്ട് അസോസിയേഷന്‍ ഫോര്‍ റൂറല്‍ ചില്‍ഡ്രന്‍ ന്യൂട്രീഷ്യന്‍ ഇംപ്രൂവ്‌മെന്റ്(ARCNI) എന്ന പേരില്‍ സ്വന്തമായി ഒരു സംഘടന ആരംഭിച്ചു. ഇതിലൂടെ അവിടെയുള്ള അമ്മമാര്‍ക്ക് അവിടെ ലഭ്യമായ പദാര്‍ത്ഥങ്ങള്‍ കൊണ്ട് എങ്ങനെ കുഞ്ഞുങ്ങള്‍ക്ക് മികച്ച ഭക്ഷണം നല്‍കാം എന്ന് അദ്ദേഹം പഠിപ്പിച്ചു. അതിന് വടക്ക് കിഴക്കന്‍ മേഖലയിലെ മികച്ച സംരഭകനുള്ള ക്യാഷ് അവാര്‍ഡ് റെമിക്ക് ലഭിച്ചു. അതിനു ശേഷം തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ക്ക് വിദ്യാഭ്യാസപരമായ ഉന്നമനം, പരിസ്ഥിതി സംബന്ധമായ ബോധവല്‍ക്കരണവും അതിന്റെ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി എന്‍ഗേര്‍ റിവര്‍ ഓര്‍ഗനൈസേഷന്‍ റെമി ആരംഭിച്ചു.

ദാരിദ്ര്യം തുടച്ചു നീക്കുക എന്നതാണ് തന്റെ പരമപ്രധാനമായ ലക്ഷ്യം എന്ന് റെമി പറയുന്നു. ഉപജീവനമാര്‍ഗ്ഗമായി ഗ്രാമത്തിലുള്ളവര്‍ക്ക് തേനീച്ച വളര്‍ത്തല്‍, ജൈവ കൃഷി, മരം നട്ടു പിടിപ്പിക്കല്‍, സ്ഥിരമായ കല്‍ക്കരി പ്രോജക്ടുകള്‍, മത്സ്യ കൃഷി എന്നിങ്ങനെയുള്ള തൊഴിലുകള്‍ പരിശീലിപ്പിച്ചു. റെമി, റെമിയുടെ മകന്‍ സില്‍വാനസ്, ഹെറിട്ടേജ് പ്രിസര്‍വേഷന്‍ ആന്‍ഡ് ടൂറിസ്റ്റ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ സിമ എന്നിവര്‍ അടങ്ങുന്നതാണ് ഈ ടീം. ഈ ടീമിലെ മിക്കവരും തന്റെ ലുക്ക്വാംബേ സമുദായത്തില്‍ നിന്ന് തന്നെ വന്നവരാണ് എന്നതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നത് എന്ന് റെമി പറയുന്നു.

സമുദായത്തിലുള്ളവരെ ഈ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുതുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. ആദ്യം നമ്മള്‍ അവരെ ബന്ധപ്പെട്ട് ഉണ്ടാകുന്ന ദുഷ്ഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി. ഉദാഹരണത്തിന് മരം നാട്ടു പിടിപ്പിക്കല്‍. മരങ്ങള്‍ കത്തിച്ച് അതിന്റെ കല്‍ക്കരി എടുക്കുന്നത് പല കുടുംബങ്ങളുടെയും വരുമാന മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു. ഞങ്ങള്‍ ആയിരത്തോളം വിത്തുകള്‍ വാങ്ങി നട്ടു. എന്നിട്ട് ഞങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മരത്തൈകള്‍ ലുക്ക്വാംബേയിലെ സമുദായക്കാര്‍ക്ക് നല്‍കി. ഒരു മരം കത്തിച്ചു കളഞ്ഞാല്‍ അതിനു പകരം മറ്റൊരു മരം നട്ട് പ്രകൃതി വിഭവങ്ങള്‍ക്ക് ദോഷം വരുത്താതിരിക്കുക. ഫലം നല്‍കുന്ന വൃക്ഷങ്ങള്‍ നട്ടാല്‍ അത് അവര്‍ക്ക് ഒരു വരുമാനമായി മാറുകയും ചെയ്യും എന്ന് അവരെ ബോധ്യപ്പെടുത്തി.

ടാന്‍സാനിയയിലെ ഉള്‍ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ ആരംഭിക്കാനായി ലണ്ടനിലെ ഹാപ്പി ബ്രിക്‌സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന താത്പര്യം അറിയിച്ചു. അതിന്റെ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാല്‍ അവര്‍ ചെയ്യുന്ന ജോലിക്ക് അനുസൃതമായ വരുമാനം അവര്‍ക്ക് ലഭിക്കുന്നില്ല. റെമിയുടെ ഭാര്യ നടത്തിവരുന്ന മെഡിക്കല്‍ ഷോപ്പില്‍ നിന്നുള്ള വരുമാനമാണ് ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സഹായകരമാകുന്നത്.

എന്നാല്‍ എന്തൊക്കെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നാലും തുടങ്ങിയ കാര്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് റെമിയുടെ പക്ഷം. 'ഇവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലും ഞാന്‍ ഇവരുടെ കൂടെ ഉണ്ടാകാറുണ്ട്. ലുക്ക്വാംബേ സമൂഹത്തിലെ പലരും എന്റെ ഈ പ്രവര്‍ത്തിയെ പ്രശംസിക്കുന്നുമുണ്ട് നമുക്കൊപ്പം സഹകരിക്കുന്നുമുണ്ട്. ഇതിനു വേണ്ടി പണം കണ്ടെത്താനും മറ്റും ഞാന്‍ ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്.ഞാന്‍ വളരെ ക്ഷീണിതനാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് ലുക്ക്വാംബേ സമൂഹത്തിനു സംഭവിച്ച മാറ്റം കണക്കിലെടുക്കുമ്പോള്‍ എന്‍ഗേര്‍ എത്രത്തോളം അവരില്‍ സ്വാധീനം ചെലുത്തിയെന്ന് മനസ്സിലാകും.'

'വാസുങ്കു'( സ്വാഹിലിയിലെ വെളുത്ത ആളുകള്‍) സമൂഹത്തെപ്പറ്റി ചിന്തിക്കൂ..10 വര്‍ഷം മുന്‍പ് വാസുങ്കുക്കളെ കണ്ടാല്‍ ഗ്രാമത്തിലുള്ളവര്‍ ഓടി മറയും. ഇപ്പോള്‍ ലോകമെമ്പാടു നിന്നും വോളന്റിയര്‍മാര്‍ എന്‍ഗേര്‍ എന്‍ഗേര്‍ റിവര്‍ ക്യാമ്പിലേക്ക് എത്തുന്നു. അവര്‍ അവിടെ വസിക്കുന്നു, ആഹാരം പാചകം ചെയ്യുന്നു, അത് ഭക്ഷിക്കുന്നു, ഗ്രാമത്തിലുള്ളവരുമായി ഒരുമിച്ച് ജോലി ചെയ്ത് അവര്‍ അറിവ് പകര്‍ന്നു നല്‍കുന്നു. ലുക്ക്വാംബേയിലെ ആളുകള്‍ക്ക് ഇപ്പോഴും വെളുത്ത ആളുകളെക്കുറിച്ച് ചില മിഥ്യാധാരണകളുണ്ട്. അവര്‍ എല്ലാം ധനികരാണ് എന്നാണ് അവരുടെ വിചാരം. എന്നാല്‍ അവരുമായി അടുത്തിടപഴകിയപ്പോള്‍, ലുക്ക്വാംബേക്കാര്‍ ആ ചിന്ത മാറിക്കിട്ടി.

റെമിയുമായി സംസാരിക്കുമ്പോള്‍ നമുക്ക് അദ്ധേഹത്തിന്റെ നിശ്ചയദാര്‍ഡ്യം മനസ്സിലാക്കാന്‍ കഴിയും. ആ ഗ്രാമത്തെ അദ്ദേഹം എല്ലാ തരത്തിലുമുള്ള ഒരു 'മാതൃക ഗ്രാമ'മാക്കി മാറ്റിക്കഴിഞ്ഞു. അവിടം ഇപ്പോള്‍ മികച്ച വാണിജ്യ അന്തരീക്ഷവും ഉണ്ടായിക്കഴിഞ്ഞു. ആ ഗ്രാമത്തില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാണ്.

റെമിക്ക് അറിയാം എങ്ങനെ അവിടത്തെ ആളുകളെ സമീപിക്കണമെന്നും അവരുടെ മനസ്സ് മാറ്റണമെന്നും. അതിനായി അദ്ദേഹം കൈയും മെയ്യും മറന്ന് ഇറങ്ങുകയും ചെയ്തു. എന്‍ഗെരിവ് പൂര്‍ണ്ണമായും ലക്ഷ്യത്തിലെത്തിയിട്ടില്ല എന്ന് റെമി പറയുന്നുവെങ്കിലും അതിന്റെ പൂര്‍ണ്ണതയില്‍ എന്‍ഗെരിവ് എത്തുക തന്നെ ചെയ്യും എന്ന് റെമിയെ പോലെ നമുക്കും ഉറപ്പുണ്ട്.