തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ-പരിഹാരം

തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ-പരിഹാരം

Tuesday April 19, 2016,

2 min Read


തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ചട്ടലംഘനങ്ങള്‍ക്ക് പരിഹാരമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ പരിഹാരം. സംസ്ഥാനത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. പൊതുജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും ഇ പരിഹാരത്തിലേക്ക് നല്‍കിയാല്‍ നടപടി ഉണ്ടാകും.

മതിലില്‍ ആരെങ്കിലും അനുവാദമില്ലാതെ എഴുതുകയോ പോസ്റ്റര്‍ ഒട്ടിക്കുകയോ ചെയ്താലും അനധികൃതമായി മൈക്ക് പ്രവര്‍ത്തിപ്പിച്ചാലും മറ്റെന്തെങ്കിലും ചട്ടലംഘനം കാട്ടിയാലുമെല്ലാം ഇ പരിഹാരത്തിലൂടെ പ്രശ്‌നം പരിഹരിക്കാം. പരിഹരിക്കുന്ന പ്രശ്‌നങ്ങള്‍ എസ് എം എസ് ആയി പരാതിക്കാരനെ അറിയിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റ് പരിശോധിച്ചാലും പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് മനസിലാക്കാം. ഇ പരിഹാരത്തിനു പുറമേ ഇ അനുമതി, ഇ വാഹനം തുടങ്ങിയ സംവിധാനങ്ങളും തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപ്പാക്കിയിട്ടുണ്ട്.

image


കമ്മിഷനു വേണ്ടി ഐ ടി മിഷനാണ് ഇവ തയാറാക്കിയിരിക്കുന്നത്. e-pariharam.kerala.gov.in എന്ന വിലാസത്തിലാണ് പരാതികള്‍ നല്‍കേണ്ടത്. തുടക്കത്തില്‍ നമ്മുടെ മൊബൈല്‍ നമ്പര്‍ ചോദിക്കും. അത് നല്‍കിയാല്‍ പാസ്‌വേര്‍ഡ് എസ് എം എസ് ആയി മൊബൈലില്‍ ലഭിക്കും. അതു നല്‍കി സൈറ്റില്‍ കയറി പരാതിയോ നിര്‍ദേശമോ നല്‍കാം. വോട്ടര്‍ക്ക് എന്തു പരാതിയും നല്‍കാം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ ഇതുവരെ 550 പരാതികള്‍ ലഭിച്ചതില്‍ 500 എണ്ണവും പരിഹരിച്ചതായി ഐ ടി മിഷന്‍ പറയുന്നു. പരാതി പരിഹരിച്ചാല്‍ ഉടന്‍ നമുക്ക് എസ് എം എസ് സന്ദേശം ലഭിക്കും. എസ്എംഎസ് ലഭിക്കുന്നില്ലെങ്കില്‍ പാസ്‌വേര്‍ഡ് നല്‍കി സൈറ്റില്‍ കയറി പരാതിയുടെ അവസ്ഥ മനസിലാക്കാം. സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രത്തില്‍ പത്ത് രൂപ നല്‍കി പരാതി നല്‍കാനും അവസരമുണ്ട്.

ആറു തരം അനുമതികള്‍ വാങ്ങണം തിരഞ്ഞെടുപ്പു കാലത്ത് മൈക്ക്, സ്റ്റേജ്, യോഗം, ഹെലികോപ്റ്റര്‍ തുടങ്ങി രാഷ്ട്രീയക്കാര്‍ക്ക് ആറു തരം അനുമതികള്‍ അത്യാവശ്യമാണ്. ഇതിനായി ഇ അനുമതി സംവിധാനത്തിലൂടെ അപേക്ഷിച്ചാല്‍ മതിയാകും. e-anumathi.kerala.gov.in ആണ് വിലാസം. വിവിധ അനുമതികള്‍ക്ക് ആവശ്യമായ ഫീസ് ഓണ്‍ലൈനായി അടയ്ക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല വകുപ്പുകളാണ് അനുമതി നല്‍കേണ്ടതെങ്കിലും ഇത്തരമൊരു ഏകജാലക സംവിധാനമുള്ളത് രാഷ്ട്രീയക്കാര്‍ക്കു വലിയ സഹായമാണ്. ഇ പരിഹാരം പോലെ മൊബൈല്‍ നമ്പര്‍ നല്‍കി പാസ്‌വേര്‍ഡ് ലഭിച്ച ശേഷമാണ് ഇതിലും അപേക്ഷിക്കേണ്ടത്. 1825 അപേക്ഷകള്‍ ഇതിനോടകം ലഭിച്ചതില്‍ 673 എണ്ണം തള്ളി. ബാക്കി പരിശോധനയിലാണ്.

image


അനുമതി ലഭിച്ചാല്‍ എസ് എം എസിലൂടെ അറിയിക്കും. ഈ അനുമതി അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ ഏതൊക്കെ രാഷ്ട്രീയ കക്ഷികള്‍ക്ക് എന്തെല്ലാം അനുമതി നല്‍കിയിട്ടുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് പരിശോധിച്ച് അറിയാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ മാത്രം ആവശ്യത്തിനുള്ളതാണ് ഇ വാഹനം എന്ന പ്രത്യേക സംവിധാനം. ഇതു പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിച്ചിരിക്കുന്ന വാഹനങ്ങളുടെയും മറ്റും വിശദാംശങ്ങള്‍ മനസ്സിലാക്കാം. ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങള്‍ ആവശ്യമുണ്ടെങ്കിലും ഇതിലൂടെ അറിയിക്കാം. പൊതുജനങ്ങള്‍ക്ക് ഇതു പരിശോധിക്കാനാവില്ല. വോട്ടിന്റെ വിശദാംശങ്ങള്‍ കണ്ടു ബോധ്യപ്പെടാം. സംസ്ഥാനത്തെ 12 നിയോജക മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടര്‍മാര്‍ക്ക് തങ്ങള്‍ ചെയ്ത വോട്ടിന്റെ വിശദാംശങ്ങള്‍ കണ്ടു ബോധ്യപ്പെടുന്നതിനുള്ള സംവിധാനം തിരഞ്ഞെടുപ്പു കമ്മിഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

വോട്ട് ചെയ്ത സ്ഥാനാര്‍ഥി, ചിഹ്നം, സീരിയല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന പ്രിന്റ് ഏഴു സെക്കന്‍ഡ് നേരം വോട്ടര്‍ക്ക് കാണാം. തുടര്‍ന്ന് ഇത് പ്രത്യേക ട്രേയിലേക്ക് വീഴും. ഇതു രഹസ്യമായി തിരഞ്ഞെടുപ്പു കമ്മിഷന്‍ സൂക്ഷിക്കും. വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോര്‍ത്ത്, കണ്ണൂര്‍(ടൗണ്‍ മാത്രം) മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് പുതിയ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക.