ആദ്യകേരള മന്ത്രിസഭ 60-ാം വാര്‍ഷികം; സെമിനാറുകള്‍ക്ക് തുടക്കം

ആദ്യകേരള മന്ത്രിസഭ 60-ാം വാര്‍ഷികം; സെമിനാറുകള്‍ക്ക് തുടക്കം

Sunday April 30, 2017,

1 min Read

ഇന്ത്യന്‍ ഭരണഘടനയുടെ 356-ാം അനുച്ഛേദം ജനാധിപത്യത്തിന്റെ ശക്തിയല്ല, ദൗര്‍ബല്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകളെ പിരിച്ചുവിടുന്നത് ജനാധിപത്യത്തിന്റെ ഗളച്ഛേദമാണ്. 356 ഉപയോഗിച്ച ഒരു സന്ദര്‍ഭത്തിലും അതിന് പ്രയോഗിക്കേണ്ട സന്ദര്‍ഭവുമായോ ചരിത്രവുമായോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. തീരെ മുന്നോട്ടുപോവാന്‍ വയ്യാത്ത സന്ദര്‍ഭങ്ങളില്‍ താത്കാലികമായ ഒരു സസ്‌പെന്‍ഷന്‍ എന്ന നിലയിലേക്ക് അനുച്ഛേദം 356-ന്റെ വ്യാപ്തിയെ ചുരുക്കുന്ന ഭരണഘടന ഭേദഗതിയാണ് ഉണ്ടാവേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു. 

image


ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയില്‍ ആദ്യത്തെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 356, കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്നതായിരുന്നു വിഷയം. അധികാരം വികേന്ദ്രീകരിക്കുമ്പോഴാണ് ഇന്ത്യ അസാധാരണമായ ഊര്‍ജവും ശക്തിയും പ്രകടിപ്പിക്കുന്നതെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നതായി സ്പീക്കര്‍ പറഞ്ഞു. ഇന്ത്യയുടെ ഫെഡറലിസം യാന്ത്രികമായ ഒന്നല്ല. സാംസ്‌കാരിക ബഹുസ്വരതയാണെന്നും സ്പീക്കര്‍ പറഞ്ഞു. 356-ാം വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങളാണ് ഏറെയുമെന്ന് അധ്യക്ഷത വഹിച്ച കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. 1957-ലെ സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. മുന്‍ എം.പി ഡോ.സെബാസ്റ്റിയന്‍ പോള്‍ വിഷയം അവതരിപ്പിച്ചു. അഡ്വ.എ.സമ്പത്ത് എം.പി, കെ.എം.മാണി എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.പ്രകാശ്ബാബു എന്നിവര്‍ സംസാരിച്ചു. ഡോ.എന്‍.കെ.ജയകുമാര്‍ മോഡറേറ്ററായിരുന്നു. മുന്നണി രാഷ്ട്രീയം എന്ന വിഷയത്തിലുള്ള സെമിനാര്‍ സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരിക്കും. കേരള സര്‍വകലാശാല മുന്‍ പിവിസി ഡോ.ജെ.പ്രഭാഷ് വിഷയാവതരണം നടത്തും. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ എന്നിവര്‍ പങ്കെടുക്കും. കെ.ടി.ഡി.സി മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് മോഡറേറ്ററായിരിക്കും.