ചെറുപ്പത്തില്‍ ലൈംഗിക ചൂഷണത്തിനിരയായതായുള്ള ബര്‍ക്കാ ദത്തിന്റെ വെളിപ്പെടുത്തലിന് സാമൂഹ്യ മാധ്യമങ്ങള്‍ നല്‍കിയ മറുപടി

0

കുട്ടിക്കാലത്ത് തനിക്കനുഭവിക്കേണ്ടി വന്ന പീഡനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും മനസ്സു തുറന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തക്ക് നേടിരേണ്ടി വന്നത് തിക്തമായ അനുഭവങ്ങളായിരുന്നു. എട്ട് വയസ്സുള്ളപ്പോള്‍ ഒരു അകന്ന ബന്ധുവായ പുരുഷനില്‍ നിന്നാണ് ബര്‍ക്കക്ക് പീഡനം അനുഭവിക്കേണ്ടി വന്നത്. ഇതിന്റെ മുറിവ് മനസ്സില്‍ നിന്നും മായ്ക്കാന്‍ ബര്‍ക്കക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു. തന്റെ ഓര്‍മക്കുറിപ്പുകളുമായി ആദ്യം പുറത്തിറക്കിയ ദിസ് അണ്‍ക്വയ്റ്റ് ലാന്‍ഡ്: സ്റ്റോറീസ് ഫ്രം ഇന്ത്യാസ് ഫോള്‍ട്ട് ലൈന്‍സ്'എന്ന പുസ്തകത്തിലാണ് ഇതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ ബര്‍ക്ക തീരുമാനിച്ചത്. പുതിയ തലമുറക്കായി സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള ധൈര്യം അവര്‍ കാട്ടുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ നടന്ന ലോക സമ്മേളനത്തില്‍ തന്റെ ഈ അനുഭവത്തെക്കുറിച്ച് ബര്‍ക്ക സംസാരിച്ചു. തനിക്കിപ്പോള്‍ 44 വയസ്സുണ്ടെന്നും എന്നാല്‍ ഈ സംഭവങ്ങളെല്ലാം ഇന്നലെ നടന്നതുപോലെ തനിക്കു തോന്നുന്നുവെന്നും വീണ്ടും എട്ടുവയസ്സുകാരിയായി താന്‍ മാറിയെന്നും അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പറയുമ്പോഴെല്ലാം തന്നെ ഉപദ്രവിച്ച മനുഷ്യന്റെ മുഖം മനസില്‍ തെളിയാറുണ്ട്. തന്റെ അനുഭവം പങ്കുവെക്കുന്നതിലൂടെ ഇത്തരം സംഭവങ്ങളെ ചെറുക്കാനുള്ള കരുത്ത് മറ്റുള്ളവരില്‍ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവുമുണ്ട്. ചെറുപ്പത്തില്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകുന്നവര്‍ അത് മറക്കാന്‍ ശ്രമിക്കുകയും ജീവിതം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുമാണ് ശ്രമിക്കേണ്ടത്.

തനിക്കുണ്ടായ അനുഭവം പരസ്യപ്പെടുത്താന്‍ ധൈര്യം കാണിച്ച ബര്‍ക്കയെ പ്രശംസിച്ചവരും കുറ്റപ്പെടുത്തിയവരും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും വിഷയം ചര്‍ച്ചയായി. പലപ്പോഴും സ്ത്രീകള്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെ സ്ത്രീകളെ കുറ്റം പറയുന്നവര്‍ സമൂഹത്തില്‍ ധാരാളമാണ്.

സോഷ്യല്‍ മീഡിയകളില്‍ ബര്‍ക്കക്കെതിരെ ധാരാളം കമന്റുകളും പരിഹാസങ്ങളുമാണ് ഉണ്ടായത്. ഒരു പാവപ്പെട്ട മനുഷ്യന്‍ ബര്‍ക്ക ദത്തിനാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഒരു മൂന്നാം ലിംഗക്കാരിയെപ്പോലെ തോന്നിപ്പിക്കുന്ന ബര്‍ക്കയെ എങ്ങനെയാണ് പീഡിപ്പിക്കാനാകുക എന്നാണ് ഒരു കമന്റില്‍ പറഞ്ഞിട്ടുള്ളത്. മറ്റൊന്നില്‍ എട്ടാം വയസ്സില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ബര്‍ക്ക പിന്നീട് പണത്തിന് വേണ്ടിയും കരീറില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനുമായി ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴങ്ങിയെന്നും എല്ലാ സ്ത്രീകളും നല്ലവരല്ല, എന്നാല്‍ എല്ലാ പുരുഷന്‍മാരും ചീത്തയുമല്ല എന്നും പറയുന്നു.

സ്ത്രീവിരുദ്ധരും സ്ത്രീകളെ ശക്തമായി വിമര്‍ശിക്കുന്നവരും സ്ത്രീകളുടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കും. പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് പ്രധാനകാരണം സ്ത്രീകള്‍ തന്നെയാണെന്നാണ് ഇത്തരക്കാരുടെ വാദം. സ്ത്രീകളുടെ വേഷവിധാനവും അവളുടെ നോട്ടവും ചേഷ്ടകളും ആണ് പീഡനനങ്ങളുണ്ടാകാന്‍ കാരണമെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുക.

പ്രശസ്തിക്കും സഹതാപത്തിനും വേണ്ടിയാണ് ബര്‍ക്ക ചെറുപ്പകാലത്ത് നടന്നതായി പറയുന്ന ഒരു പീഡനകഥയുമായി എത്തിയിരിക്കുന്നതെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഫെമിനിസ്റ്റുകളില്‍ പലര്‍ക്കും ഇത്തരത്തില്‍ ചെറുപ്പകാലത്ത് പീഡന അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ടാണെന്ന് റോഷന്‍ ജോസഫ് ബ്രഗാന്‍സ് കമന്റിലൂടെ ചോദിക്കുന്നു. ഇത്തരം കെട്ടുകഥകള്‍ അവസാനിപ്പക്കണമെന്നും റോഷന്‍ പറയുന്നു. ബര്‍ക്ക ദത്ത് ഒരു വിവാദ കഥാപാത്രമായി മാറി. ടെലിവിഷന്‍ ഷോകളില്‍പോലും ആ രീതിയില്‍ അവരെ ചിത്രീകരിക്കാന്‍ ആരംഭിച്ചു.

ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കെതിരെ ഇത്തരത്തില്‍ സംസാരിക്കില്ലെന്നായിരുന്നു സഹില്‍ ഷറിഫ്ദിന്‍ എന്ന മറ്റൊരാളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. വിരൂപികളായ സ്ത്രീകളാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ കള്ളം പറയുന്നത്. കാണാന്‍ വിരൂപിയും പുരുഷന്‍മാരെപ്പോലെ തൊന്നിക്കുന്ന ശരീരപ്രകൃതവുമുള്ളതിനാലാണ് ബര്‍ക്ക ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ബര്‍ക്കയുടെ തുറന്നുപറച്ചില്‍ ഒടുവില്‍ ദേശത്തേയും ഹിന്ദു മതത്തെ തന്നെ അപമാനിക്കുന്ന ഒന്നായി ചിത്രീകരിക്കപ്പെട്ടു.