ഊര്‍ജ്ജ രംഗത്ത് ഉപഭോക്താവ് ഉത്പാദകനാകാതെ മുന്നോട്ട് പോകാനാകില്ല-മന്ത്രി കടകം പള്ളി സുരേന്ദ്രന്‍  

0

ഊര്‍ജ്ജ രംഗത്ത് ഉപഭോക്താവ് ഉത്പാദകനാകാതെ മുന്നോട്ട് പോകാനാകില്ലെന്ന് വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍-കേരള സംഘടിപ്പിച്ച അന്താരാഷ്ട്രാ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഊര്‍ജ്ജോത്പാദക രംഗത്ത് പേരുകേട്ട കേരളത്തിന്റെ സ്ഥിതി മാറിക്കഴിഞ്ഞു.വൈദ്യുതി മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളേയോ സ്ഥാപനങ്ങളെയോ ആശ്രയിച്ചു കഴിയുകയാണ് കേരളം. 70 ശതമാനം വൈദ്യുതിയും പുറത്തു നിന്നും വാങ്ങുന്ന കേരളത്തിന് പുതിയ കേന്ദ്ര വൈദ്യുതി നയവും തിരിച്ചടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ നയം ഗുണകരമല്ലെന്ന് കേരളം അറിയിച്ചിട്ടുണ്ടെങ്കിലും അതു തിരുത്താന്‍ കേന്ദ്രം തയാറാകുമെന്ന പ്രതീക്ഷ കേരളത്തിനില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ഇന്നത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം കേരളീയര്‍ക്ക് തന്നെയായി മാറിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വലുപ്പ - ചെറുപ്പ വ്യതാസമില്ലാതെ ഇന്ന് രാജ്യം നേരിടുന്ന കാലാവസ്ഥാ മാറ്റം കൃഷിയെ ബാധിക്കുന്നതു വഴി ഭക്ഷ്യ മേഖലയെയും ജനജീവിതത്തെയും തകര്‍ക്കുകയാണ്. ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ പ്രശ്‌നമായി കാലാവസ്ഥാ വ്യതിയാനം മാറുമ്പോള്‍ ഭക്ഷ്യ, വൈദ്യുതി മേഖലയില്‍ പ്രത്യാഘാതങ്ങള്‍ വര്‍ധിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വേഗത്തില്‍ ഇല്ലാതാകുന്നതും മലിനീകരണം വരുത്തുന്നതുമായ കല്‍ക്കരി, പ്രകൃതി വാതകം, എണ്ണ മുതലായ മാര്‍ഗങ്ങളെയാണ് ഇന്നും ഊര്‍ജ്ജ ഉദ്പാദനത്തിനായി രാജ്യത്ത് പലയിടങ്ങളിലും ഉപയോഗിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകാത്ത വിധത്തില്‍ പുതിയ ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തി ഉപയോഗിക്കണം.സൂര്യരശ്മി, കാറ്റ് മുതലായ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തി വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങളെ തരണം ചെയ്യണമെന്നതാണ് ശാസ്ത്രമേഖലയില്‍ നിന്നുള്ള വിദഗ്ധ അഭിപ്രായം.അത് സര്‍ക്കാര്‍ ഗൗരവമായി കാണും.മറ്റ് പല ഊര്‍ജ്ജ സ്രോതസ് സാധ്യകള്‍ക്കും കേരളം ശ്രമിക്കണം. കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ച് പുതിയ നയം രൂപീകരിക്കണം.പുതിയ ഊര്‍ജ്ജ നയത്തിന്റെ കാതലാണ് ഉപഭോക്താവ് ഉത്പാദകനാവുകയെന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഏതു സമ്പ്രദായം ഉപയോഗപ്പെടുത്തി ഊര്‍ജ്ജം ഉത്പാദിപ്പിക്കാമെന്ന ഗവേഷണം, പഠനം,നിര്‍ദേശങ്ങള്‍ എന്നിവ രൂപപ്പെടണം.നിരന്തര പരീക്ഷണം വഴി ഓരോ പ്രദേശത്തിനും അനുയോജ്യമായ ഊര്‍ജ്ജ സ്രോതസും ഉപകരണങ്ങളും കണ്ടെത്തി വീടുകളും പൊതു സ്ഥലങ്ങളും എത്തരത്തില്‍ ഊര്‍ജ്ജം നല്‍കി സംരക്ഷിക്കാമെന്ന് ആലോചിക്കണം. ജനങ്ങള്‍ പുതിയ സംവിധാനങ്ങളോട് പൊരുത്തപ്പെടാനുള്ള ഭരണ സംവിധാനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും നടപ്പാക്കണം.ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എങ്ങിനെ ഇതിനായി ധനസമാഹരണം നടത്താം എന്ന കാര്യം കൂടി ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഏതാനും വര്‍ങ്ങള്‍ക്കുള്ളില്‍ ജനകീയ സ്രോതസുകള്‍ വഴി ഒരുലക്ഷത്തി എഴുപത്തയ്യായിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയില്‍ നടക്കുന്നത്. വിദ്യാര്‍ഥികളും യുവ എഞ്ചിനീയര്‍മാരുമുള്‍പ്പെടെ ശ്രമിച്ചാല്‍ മാത്രമേ പരമ്പരാഗത മേഖലയില്‍ നിന്നും വിഭിന്നമായി മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുന്ന വൈദ്യുതി മേഖലയെ തളര്‍ച്ചയില്‍ നിന്നും മുന്നോട്ട് നയിക്കാന്‍ കഴിയുകയുള്ളു. ഊര്‍ജ്ജ രംഗത്തെ വിപ്ലവം നന്നാകണമെങ്കില്‍ മേഖല കൈകാര്യം ചെയ്യാനറിയുന്നവര്‍ വേണം.എഞ്ചിനീയര്‍മാര്‍, സാഹ്‌കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ജനങ്ങളെ ബോധവാന്‍മാരാക്കി ഊര്‍ജ്ജ രംഗത്തെക്ക് കൊണ്ടുവരാന്‍ കഴിയണം. വിദ്യാര്‍ഥികള്‍ക്കാണ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ കൂടുതല്‍ കഴിയുന്നത്. ഇതിന് ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ ഗവേഷണം നടക്കണമെന്നും മന്ത്രി പറഞ്ഞു.

ജനതാല്‍പര്യവിരുദ്ധമായ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ല. ജനഹിതമനുസരിച്ചു മാത്രമേ ചെറുതും വലുതുമായ ഊര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുകയുള്ളു .ഇല്ലാത്ത ആതിരപള്ളിയെക്കുറിച്ച് ചിലര്‍ ജനങ്ങളില്‍ ഉത്കണ്ഠ പരത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സെന്റര്‍ ഫോര്‍ എന്‍വയേണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റ് ചെയര്‍മാന്‍ പ്രഫ.വി.കെ.ദാമോധരന്‍ അധ്യക്ഷനായിരുന്നു.പവര്‍ ഇന്ത്യ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അശോക് കുമാര്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍-കേരളാ ഡയറക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന്‍, ജെ.സി.ഐ.സി മുന്‍ പ്രസിഡന്റ് ഡോ.എസ്.രത്‌നകുമാരന്‍, പ്രഫ.ചെം.വി.നായര്‍, ഫൈസല്‍ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.