പുസ്തകങ്ങളുമായുള്ള രമേശിന്റെ സൗഹൃദം ആരംഭിച്ചിട്ട് നാല് പതിറ്റാണ്ട്

0


15 വയസ്സുമുതല്‍ രമേശിന്റെ കടയില്‍ നിന്നും പുസ്തകം വാങ്ങിയിരുന്നവര്‍ ഇന്ന് റിട്ടയര്‍മെന്റ് കാലമായിട്ടും രമേശിനെ തേടിയെത്തുന്നു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞാലും പുസ്തകം വാങ്ങണമെങ്കില്‍ അത് രമേശിന്റെ പക്കല്‍ നിന്നാകണമെന്ന് നിര്‍ബന്ധമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. രമേശന്റ റോഡരികിലെ പുസ്തക വില്‍പ്പന നാല് പതിറ്റാണ്ട് പിന്നിടുന്നു. കാലം ഡിജിറ്റല്‍ ലോകത്തിനു വഴിമാറിയിട്ടും അക്ഷരപ്രേമികള്‍ക്കുമുന്നില്‍ പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും വിസ്മയലോകം തുറന്നിടുകയാണ് രമേശ് കുമാര്‍ എന്ന 48 കാരന്‍.

അനുദിനം നിരവധി പുസ്തകങ്ങളും ആനുകാലികങ്ങളും വിറ്റുപോകുന്നുണ്ടെങ്കിലും പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ളൊരു കടയോ, ഒരു കണ്ണാടിയലമാരയോ, ബോര്‍ഡുപോലുമോ രമേശ് കുമാറിന്റെ പുസ്തക വില്‍പ്പനകേന്ദ്രത്തിലില്ല. ഉടമ പേരിടാന്‍ തയാറായില്ലെങ്കിലും തലസ്ഥാനത്തെ പുസ്തക പ്രേമികള്‍ റോഡരികിലെ പുസ്തകക്കടക്ക് ഒരു പേരും നല്‍കി. 'സ്റ്റാച്യു ബുക്സ്റ്റാള്‍' എന്ന അറിവ് പുരയുടെ ഉടമസ്ഥനായി. സ്റ്റാച്യു ജംഗ്ഷനില്‍ നിന്ന് ജനറല്‍ ആസ്പത്രിയിലേക്ക് പോകുന്ന പാതയോരത്താണ് സ്റ്റാച്യു ബുക്സ്റ്റാള്‍. കടകക്കു മുന്നിലുള്ള ബസ് സ്റ്റോപ്പിലെത്തുന്നവരും വെറുതെ നില്‍ക്കുമ്പോള്‍ രമേശിന്റെ കടയിലേക്കൊന്ന് എത്തി നോക്കും. ഇത് രമേശിന് കച്ചവടത്തിന് വഴിയൊരുക്കും.

പുസ്തകങ്ങളെക്കാള്‍ ആനുകാലികങ്ങളാണ് ശേഖരത്തിലുള്ളത്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏത് മേഖലയിലുള്ളവര്‍ക്കും ആശ്രയിക്കാവുന്ന ആനുകാലികങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികള്‍ക്കായുള്ള കളിക്കുടുക്ക, മാജിക് സ്ലേറ്റ് എന്നിവയില്‍ തുടങ്ങി സിവില്‍ സര്‍വീസ് ടൈംസ് വരെ ഈ ബുക്ക് സ്റ്റാളിലുണ്ട്. കടയില്ലാത്തതിനാല്‍ അടച്ചിടലോ അവധിയോ ഒന്നും സ്റ്റാച്യു ബുക്ക് സ്റ്റാളിനില്ല. മലയാളം, ഇംഗ്ലീഷ് ,തമിഴ് ഭാഷകളിലെ ആനുകാലികങ്ങളും രാഷ്ട്രീയ പുസ്തകങ്ങളും സാഹിത്യകൃതികളുമെല്ലാം അക്ഷര പ്രേമികള്‍ക്കായി ഇവിടെയുണ്ട്. മലയാളിയുടെ വായന മരിക്കില്ലെന്ന വിശ്വാസമാണ് തന്റെ ഈ ഓപ്പണ്‍ കടയിലെ തിരക്ക് തെളിയിക്കുന്നതെന്ന് രമേശന്‍ പറയുന്നു.

പത്താം ക്ലാസ് വരെ പഠിച്ച രമേശ് കുമാര്‍ പിതാവ് നടത്തി വന്നിരുന്ന പുസ്തക വില്‍പ്പന ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തിലെ അപരിചിതത്വം മൂലം ആദ്യമൊക്കെ തോന്നിയെങ്കിലും പതിയെ പുസ്തകങ്ങളോടും പുസ്തകപ്രേമികളോടും ഇഷ്ടം ഉടലെടുത്തു. ക്രമേണ തലസ്ഥാനത്തെ പുസ്ത പ്രേമികളുടെ സ്വന്തം രമേഷേട്ടനായി മാറുകയായിരുന്നു രമേഷ് കുമാര്‍. തന്റെ കയ്യില്‍ ഇല്ലാത്ത പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ആവശ്യക്കാരനെത്തിച്ചു കൊടുക്കാനും ഇദ്ദേഹം റെഡി. അക്ഷരങ്ങളുടെ വ്യാപാരം ഡിജിറ്റല്‍ ലോകം ഏറ്റെടുത്തപ്പോള്‍ ഓണ്‍ലൈന്‍ അക്ഷരവ്യാപാരത്തിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാനാകുമോയെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും തിരക്ക് വര്‍ധിച്ചതോടെ അത് മാറിയെന്ന് രമേശന്‍ പറയുന്നു.