കേരള ചരിത്രത്തിലാദ്യമായി മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു

കേരള ചരിത്രത്തിലാദ്യമായി മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു

Tuesday May 24, 2016,

2 min Read


കേരള ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ കോളജ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേദിയായി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്. സ്വകാര്യ മേഖലയില്‍ ഏകദേശം 30 ലക്ഷത്തോളം ചെലവുവരുന്ന കരള്‍മാറ്റ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടന്നത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയ ആരംഭിച്ചത്. സങ്കീര്‍ണതയനുസരിച്ച് 6 മുതല്‍ 12 മണിക്കൂര്‍ വരെയെടുക്കുന്നതാണ് ശസ്ത്രക്രിയ.

image


കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും കഴിഞ്ഞ വര്‍ഷം തന്നെ സജ്ജമാക്കിയിരുന്നു. രോഗിയുമായി ചേര്‍ച്ചയുള്ള കരള്‍ ലഭിക്കാത്തതാണ് കരള്‍മാറ്റ ശസ്ത്രക്രിയ വൈകാന്‍ കാരണം.

മസ്തിഷ്‌ക മരണം സംഭവിച്ച പാറശാല, പരശുവയ്ക്കല്‍, മലഞ്ചിത്ത് പുത്തല്‍ വീട്ടില്‍ മോഹന്‍രാജിന്റെ മകന്‍ ധനീഷ് മോഹന്റെ കരളാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പെരുമാതുറ സ്വദേശി ബഷീറിന് (60) മാറ്റിവച്ചത്. ധനീഷ് മോഹന്റെ രണ്ട് വൃക്കകളും ദാനം ചെയ്തു.

കൂലിപ്പണിക്കാരനായ മോഹന്‍രാജിന്റേയും വിജയകുമാരിയുടേയും രണ്ടുമക്കളില്‍ ഇളയമകനാണ് ധനീഷ് മോഹന്‍. സഹോദരി ധന്യ മോഹന്‍ (21). എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഓട്ടോ വര്‍ക്‌ഷോപ്പില്‍ ജോലിയ്ക്കായി പോയത്. കൊച്ചച്ഛനായ അനിയുടെ സഹായത്താല്‍ പാലക്കാട് ജെ.സി.ബി. ഓപ്പറേറ്റര്‍ പഠിക്കാനായി പോയി. എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ജയിച്ച് ലൈസന്‍സ് എടുക്കാന്‍ ഇരിക്കവേയാണ് അപകടം സംഭവിച്ചത്.

image


മേയ് ഇരുപതാം തീയതി വൈകുന്നേരം 4.30ന് പരശുവയ്ക്കല്‍ തെക്കന്‍കര ക്ഷേത്രത്തിന് സമീപത്തുണ്ടായ അപകടത്തിലാണ് ധനീഷിന് ഗുരുതരമായ പരിക്കേറ്റത്. കൂട്ടുകാരനോടൊപ്പം ബൈക്കിന്റെ പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ധനീഷ് സമീപത്തുണ്ടായിരുന്ന പോസ്റ്റില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പാറശാല താലൂക്കാശുപത്രിയില്‍ ധനീഷിനെ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ധനീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ധനീഷിന് തീവ്ര പരിചരണം നല്‍കിയെങ്കിലും തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു.

മരണാന്തര അവയവദാന സാധ്യതകളെപ്പറ്റി മൃതസഞ്ജീവനിയിലെ ഉദ്യോഗസ്ഥര്‍ ധനീഷിന്റെ ബന്ധുക്കളോട് സംസാരിച്ചു. അടിയുറച്ച ദൈവ വിശ്വാസികളായ ഇവര്‍ 'സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍'' എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ച് തങ്ങളുടെ മകന്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് പറഞ്ഞ് അച്ഛന്‍ മോഹന്‍രാജ്, സഹോദരിയുടെ ഭര്‍ത്താവ് ജോണി, കൊച്ചച്ഛന്‍ അനി എന്നിവര്‍ അവയവദാനത്തിനുള്ള സമ്മതം അറിയിച്ചു. തുടര്‍ന്ന് അനസ്തീഷ്യ വിഭാഗം ഡോക്ടര്‍ അനില്‍ സത്യദാസിന്റെ നേതൃത്വത്തില്‍ ദാദാവിനെ ശാസ്ത്രീയമായൊരുക്കി.

image


മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചു. തുടര്‍ന്ന് ധനീഷ് മോഹന്റെ അവയവങ്ങളുമായി ചേര്‍ച്ചയുള്ളവരെ കണ്ടെത്തി അവര്‍ക്ക് അവയവമെത്തിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍മാരായ അനീഷ് പി.വി., വിനോദ് കുമാര്‍ എസ്.എല്‍, വിശാഖ് വി., ശരണ്യ എസ്. എന്നിവരടങ്ങുന്ന സംഘം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. സിന്ധു എന്നിവരുടെ നേതൃത്വത്തിലും കിംസ് ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലുമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച മൃതദേഹം സ്വദേശമായ പാറശാലയില്‍ കൊണ്ടുപോകും.