'ഓപ്പറേഷന്‍ ഒളിമ്പിയ' ഫെന്‍സിംഗ് സെന്ററിലേക്കുള്ള തിരഞ്ഞെടുപ്പ് 

0

2020-2024-2028 ഒളിമ്പിക്‌സ് മത്സരങ്ങളില്‍ കേരളീയരായ കായിക താരങ്ങളെ മെഡല്‍ നേടുന്നതിന് സജ്ജരാക്കാനായി കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലും കേരള സര്‍ക്കാരും സംയുക്തമായി ആവിഷ്‌ക്കരിച്ചിട്ടുള്ള 'ഓപ്പറേഷന്‍ ഒളിമ്പിയ' പദ്ധതിയിലേക്ക് ഫെന്‍സിംഗ് താരങ്ങളെ തെരഞ്ഞെടുക്കുന്നതിന്  തലശ്ശേരി സായ് സെന്ററില്‍ തെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയിലെയും, വിദേശത്തെയും മികച്ച ഫെന്‍സിംഗ് പരിശീലകരില്‍ നിന്നും പരിശീലനം ലഭ്യമാക്കും. 

മികച്ച താമസം, ഭക്ഷണം വിദ്യാഭ്യാസം, ദേശീയ-അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യം എന്നിവയും ലഭിക്കും. 10 നും 14 നും മദ്ധ്യേ പ്രായമുള്ളവര്‍, 14 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 10-14 വിഭാഗത്തില്‍ തുടക്കക്കാര്‍ക്കും പങ്കെടുക്കാം. 14 വയസിനു മുകളിലുള്ള വിഭാഗക്കാരുടെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ ഇന്റര്‍നാഷണല്‍ ഫെന്‍സിംഗ് ഫെഡറേഷന്‍(FIE) അംഗീകരിച്ചിട്ടുള്ള അന്തര്‍ദ്ദേശീയ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവരോ, പങ്കെടുത്തിട്ടുള്ളവരോ, ദേശീയ വ്യക്തിഗത മത്സരങ്ങളില്‍ മെഡല്‍ നേടിയിട്ടുള്ളവരോ., ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ 4 മുതല്‍ 8 വരെ റാങ്കില്‍ ഉള്‍പ്പെട്ടവരോ, ദേശീയ ടീം ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവരോ, .ദേശീയ തലത്തില്‍ പങ്കെടുത്തിട്ടുള്ളവരോ, സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയവരോ ആയിരിക്കണം. യോഗ്യതയുള്ളവരും, തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവരുമായ ഫെന്‍സിംഗ് താരങ്ങള്‍ വയസുതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സംസ്ഥാന-ദേശീയ അന്തര്‍ദ്ദേശീയ തലത്തിലുള്ള ഫെന്‍സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ കളിയുപകരണങ്ങള്‍ എന്നിവ സഹിതം  തലശ്ശേരി സായ് സെന്ററില്‍ എത്തണമെന്ന് കേരള ഫെന്‍സിംഗ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.