മലയാളിയുടെ അഭിമാനമായി ശ്രീലേഖ ഐ പി എസ്

0

ഉന്നത പദവിയിലേക്ക് എത്തുമ്പോള്‍ രണ്ടു തരത്തിലേക്ക് വ്യക്തികള്‍ മാറാം; ചിലര്‍ ചുറ്റുമുള്ളതു കണ്ടില്ലെന്ന് നടിക്കും, ചിലര്‍ അതില്‍ ഇറങ്ങി ഇടപെടും. ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ പെട്ട ഓഫീസറാണ് ആര്‍ ശ്രീലേഖ ഐ പി എസ്. കേരളത്തിലെ ആദ്യത്തെ വനിത ഐ പി എസ് ഓഫീസര്‍, സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ആഹോരാത്രം പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥ, സമൂഹ നന്‍മക്കായി തന്റെ ഔദ്യോഗിക ജീവിതം ഉഴിഞ്ഞു വെച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ, പ്രശസ്ത എഴുത്തുകാരി അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ്  എ ഡി ജി പി ശ്രീലേഖ ഐ പി എസിന്.

1960 ഡിസംബറില്‍ പ്രൊഫസറായ എന്‍.വേലായുധന്റെയും രാധമ്മയുടെയും നാലു മക്കളില്‍ മൂന്നാമതായി ജനനം. വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച ശ്രീലേഖയുടെ 16-ാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അതിനുശേഷം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ജീവിതം. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ പഠനം പൂര്‍ത്തി ആക്കി. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ പാട്ട്, നാടകം, കലകളിലും എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയിലും സജീവമായിരുന്നു. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി അതിനുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദം, ഇഗ്നോവില്‍ നിന്ന് എംബിഎ ബിരുദം എന്നിവ നേടി. വിദ്യാധിരാജ കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. അതില്‍ നിന്ന് രാജി വച്ചതിനു ശേഷം റിസര്‍വ്വ് ബാങ്കില്‍ ഓഫീസറായി ജോലി ചെയ്യവേ ആണ് സിവില്‍ സര്‍വ്വീസ് പരീക്ഷയെ നേരിടുന്നത്. 1987 ല്‍ 26-ാമത്തെ വയസ്സില്‍ അവര്‍ കേരളത്തിലെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസര്‍ ആയി.

ഐഎഎസ് പ്രതീക്ഷിച്ച് പരീക്ഷ എഴുതി പക്ഷേ ഐപിഎസ് ഓഫീസറായി നിയമനം. അങ്ങനെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറായി കേരളത്തില്‍ നിയമനം.ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ ആദ്യകാലഘട്ടത്തില്‍ തനിക്ക് ഒട്ടനവധി പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം പ്രതിബന്ധങ്ങളെ നേരിട്ട് മുന്നോട്ട് കുതിക്കാനുള്ള കരുത്താണ് ശ്രീലേഖയെന്ന ഐ പി എസ് ഉദ്യോഗസ്ഥയെ ഔദ്യോഗിക ജീവിതത്തില്‍ വിജയിയാക്കിയത്.

പോലീസ് സേവനത്തിനിടെ മൂന്ന് ജില്ലകളില്‍ പോലീസ് ഡിസ്ട്രിക്ക് സൂപ്രണ്ട് ആയി ജോലി ചെയ്തു. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐയില്‍ എസ് പിയായും ഡി ഐ ജി ആയും നാലു വര്‍ഷത്തെ സേവനം. തുടര്‍ന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി എറണാകുളം റേഞ്ചില്‍ നിയമനം. 2005 ല്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി നിയമനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമനം ലഭിച്ചതു മുതല്‍ ആ മേഖലയില്‍ ശ്രദ്ധ പിടിച്ചു പറ്റി. താന്‍ ചുമതലയേറ്റതിനു ശേഷം 2014 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 2013ല്‍ റോഡപകട നിരക്ക് വളരയേറെ കുറക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ റെക്കോര്‍ഡ് നേട്ടമായിരുന്നു അത്. നികുതികളില്‍ നിന്നും പെനാല്‍ട്ടിയില്‍ നിന്നുമുള്ള വരുമാനം അവരുടെ കാലത്ത് വളരെയേറെ ഉണ്ടാക്കാന്‍ കഴിഞ്ഞത് സത്യസന്ധമായ അവരുടെ ഔദ്യോഗിക ജീവിതത്തിലെ പൊന്‍തിളക്കമാണ്.

എന്തും നേരിടാനും തെറ്റിനെ ചൂണ്ടികാട്ടി അതിനെതിരെ പ്രതികരിക്കാനുമുള്ള കഴിവ് ചെറുപ്പം മുതല്‍ക്കേ അവര്‍ക്ക് ഉണ്ടായിരുന്നു. തന്റെ പരിധിയില്‍ വരുന്ന കുറ്റ കൃത്യങ്ങള്‍ മാത്രമല്ല  ജനങ്ങളെ ബാധിക്കുന്ന ഏത് പ്രശ്‌നത്തിലും ഇടപെട്ട് അവര്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്നു. ജനനന്‍മ മാത്രമാണ് ശ്രീലേഖ എന്ന പോലീസ് ഉദ്യോഗസ്ഥ ലക്ഷ്യം അതിന് വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഉദ്യോഗസ്ഥ കൂടിയാണവര്‍.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഉണ്ടാക്കിയ നിര്‍ഭയ എന്ന പദ്ധതി ശ്രീലേഖയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഒന്നാണ്. ആ പദ്ധതിയുടെ നോഡല്‍ ഓഫീസറായിരുന്നു ശ്രീലേഖ. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുകയാണ്.  ഓരോ വര്‍ഷവും അവര്‍ക്ക് എതിരായ അതിക്രമങ്ങളും കൂടി വരുന്നു. ഇതിനൊപ്പം സ്തീ സുരക്ഷക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും വേണമെന്നാണ് ശ്രീലേഖയുടെ നിലപാട്. നിര്‍ഭയ പദ്ധതി തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ലെന്ന അഭിപ്രായവും ശ്രീലേഖക്കുണ്ട്. നിര്‍ഭയ പദ്ധതി കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തില്‍ ഒരു ജിഷ ഉണ്ടാകുമായിരുന്നില്ലെന്ന തന്റെ അഭിപ്രായം തുറന്നു പറയുകയും ചെയ്തു ശ്രീലേഖ ഐ പി എസ്. പ്രതികരണശേഷിയില്ലാത്ത സമൂഹത്തിന് മാറ്റം വരണമെങ്കില്‍ സാമൂഹ്യ അവബോധം വളരെ അത്യാവശ്യമാണ്. അതിലൂടെ മാത്രമെ പെണ്‍കുട്ടികളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒന്നായിരുന്നു നിര്‍ഭയ പദ്ധതി. അത് ഒരു പിടി ചാരമാവാതെ പോയാല്‍ കേരള സമൂഹത്തിന് പ്രതീക്ഷകള്‍ ഏറെ നല്‍കുന്നതാണെന്ന വിശ്വാസമാണ് ശ്രീലേഖ വച്ചു പുലര്‍ത്തുന്നത്.

കാക്കി അണിഞ്ഞാല്‍ കര്‍ക്കശക്കാരിയും മുഖം നോക്കാതെ നടപടികള്‍ എടുക്കുന്ന സത്യസന്ധയായ പോലീസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ ഐ പി എസ്. എന്നാല്‍ ഒരു മികച്ച പോലീസ് ഉദ്യോഗസ്ഥ മാത്രമല്ല മികച്ച കലാകാരിയുമാണ് എന്നതിന് തെളിവാണ് അവരുടെ കൃതികള്‍. കുട്ടികള്‍ക്കായി നിരവധി കവിതകള്‍ ശ്രീലേഖയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമൂഹത്തിന്റെ കാഴ്ച്ചപ്പാടും സമൂഹത്തിന്റെ ചെയ്തികളും തന്നെയാണ് എഴുത്തിലെ വിഷയം. എന്ത് എഴുതിയാലും അതില്‍ സമൂഹത്തിന് നല്‍കാനായി ഒരു സന്ദേശം ഉണ്ടാകും. വായിക്കുന്നവരുടെ ഉള്ളിലേക്ക് കടക്കുന്ന ഭാഷ തന്നെയാണ് ശ്രീലേഖയുടെ എഴുത്തിന്റെ ശക്തിയും.

ചെറുപ്പത്തില്‍ തന്നെ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടേണ്ടി വന്ന അനുഭവമാണ് ഔദ്യോഗിക ജീവിതത്തില്‍ പലപ്പോഴും കാര്യങ്ങളെ സധൈര്യം നേരിടാന്‍ പ്രാപ്തയാക്കിയത്. ഒരു സ്ത്രീ എന്ന നിലയില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ പിടിച്ചു നിന്നതും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു സ്ഥാനം ഉണ്ടാകാനായി പ്രയത്‌നിക്കുന്നതും തന്റെ സുദൃഢമായ കാഴ്ച്ചപ്പാടിന്റെ ശക്തിയിലാണ്. ഒരു സ്ത്രീക്ക് മറ്റുള്ള സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഐ ജി ശ്രീലേഖ.

ഏഷ്യയിലെ ആദ്യത്തെ റോഡ് സുരക്ഷ Hackathon ടെക്‌നോ പാര്‍ക്കില്‍ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കിയത് അവരുടെ കൃത്യനിര്‍വ്വഹണ ജീവിതത്തിലെ ഒരു വലിയ വിജയമായിരുന്നു. കോട്ടയം പ്രവീണ്‍ വധക്കേസിലെ ചാര്‍ജ്ജ് ഷീറ്റ് 90 ദിവസം കൊണ്ട് സമര്‍പ്പിച്ച് കുറ്റവാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുവാനും അവര്‍ ധൈര്യം കാണിച്ചു. അത്തരത്തില്‍ ഒട്ടനവധി വിജയങ്ങള്‍ ശ്രീലേഖയുടെ ഒദ്യോഗിക ജീവിതത്തില്‍ പലപ്പോഴും സ്വര്‍ണ്ണ തിളക്കമേറ്റിട്ടുണ്ട്. ഒരു സ്ത്രീ ഏത് നിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയാലും അവര്‍ സമൂഹത്തോട് കുറെ ഏറെ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അത് പൂര്‍ണ്ണ മനസ്സോടെ നടപ്പാക്കുന്ന സത്യസന്ധമായും നടപ്പാക്കുമ്പോഴുമാണ് സമൂഹത്തിന് നീതി ലഭിക്കുന്നത്. അത്തരത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഏറ്റെടുത്ത് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന പോലീസിലെ ഏറ്റവും കരുത്തുറ്റ വനിതകളില്‍ മുന്‍നിരയിലാണ് ശ്രീലേഖ ഐ പി എസ്.

കടപ്പാട്: ധന്യ ശേഖര്‍