വിജയപാതകള്‍ സ്വയം തിരഞ്ഞെടുക്ക് ആറ് വ്യവസായ പ്രമുഖരുടെ പുത്രിമാര്‍

വിജയപാതകള്‍ സ്വയം തിരഞ്ഞെടുക്ക് ആറ് വ്യവസായ പ്രമുഖരുടെ പുത്രിമാര്‍

Wednesday April 06, 2016,

3 min Read


വായില്‍ വെള്ളിക്കറണ്ടിയുമായി ജനിച്ച 21ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ രാജകുമാരിമാരാണവര്‍. പണക്കാരായ മാതാപിതാക്കളും ആവശ്യത്തിലധികം സ്വത്തും അവര്‍ക്കുണ്ട്. എന്നാല്‍ മാതാപിതാക്കളുടെ കീഴില്‍ ജീവിക്കാന്‍ അവര്‍ തയ്യാറല്ല. വലിയ ഡിഗ്രികള്‍ സ്വന്തമാക്കിയ ശേഷം അവരുടെ വിജയപാതകള്‍ അവര്‍ സ്വയം തിരഞ്ഞെടുത്തു കഴിഞ്ഞു.

'സ്വതന്ത്ര'യിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് അനന്യശ്രീ ബിര്‍ള

പ്രമുഖ വ്യവസായിയായ കുമാര്‍ മംഗളം ബിര്‍ളയുടേയും നീരജ ബിര്‍ളയുടേയും മകളാണ് 22കാരിയായ അനന്യശ്രീ ബിര്‍ള. 2013ല്‍ മൈക്രോഫിനാന്‍സിങ്ങ് സ്റ്റാര്‍ട്ട് അപ്പായ സ്വതന്ത്രയ്ക്ക് അവര്‍ തുടക്കം കുറിച്ചു. ആദിത്യ ബിര്‍ളയുടെ 41 ഡോളര്‍ വിലമതിക്കുന്ന സാമ്രാജ്യത്തിലേക്ക് ഇപ്പോള്‍ കടന്നു ചെല്ലേണ്ട എന്നാണ് അനന്യയുടെ തീരുമാനം. മാതാപിതാക്കളും അതിനു വേണ്ടി നിര്‍ബന്ധിക്കുന്നില്ല. ഗ്രാമീണ മേഖലയില്‍ സംരംഭകത്വം വളര്‍ത്തുക എന്നതാണ് സ്വതന്ത്രയുടെ ലക്ഷ്യം. സ്ത്രീകളെയാണ് പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്. അവരെ സ്വയം പര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു.

image


ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എക്കൊണോമിക്‌സ് ആന്റ് മാനേജ്‌മെന്റ് പഠിച്ചിട്ടുണ്ട്. മിസ്സ് വോഗിന്റെ 28 വയസ്സില്‍ താഴെയുള്ള 28 ജീനിയസ്സുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. നല്ലൊരു ടെന്നീസ് കളിക്കാരിയാണ്. ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഈ ബഹുമുഖ പ്രതിഭയ്ക്ക് ശാസ്ത്രീയ സംഗീതത്തിലും താത്പ്പര്യമുണ്ട്. കൂടാതെ സന്തൂര്‍ വായിക്കാറുണ്ട്.

റിലയന്‍സ് സാമ്രാജ്യത്തിലേക്ക് ചുവടു വയ്ക്കാന്‍ തയ്യാറായി ഇഷ അംബാനി

മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകളാണ് ഇഷ അംബാനി. റിലയന്‍സ് ജിജോ ഇന്‍ഫോകോമിന്റെയും റിലയന്‍സ് റീട്ടെയ്ല്‍ വെന്‍ച്വേഴ്‌സിന്റെയും ബോര്‍ഡ് മെമ്പറായാണ് തുടക്കം. യെയ്ല്‍ സര്‍വ്വകലാശാലയില്‍ നിന്ന് സൈക്കോളജിയിലും സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലും ഗ്രാജ്വേഷന്‍ നേടിയിട്ടുണ്ട്. 24കാരിയായ ഇഷ ന്യൂയോര്‍ക്കില്‍ മക്കിന്‍സെയില്‍ ബിസിനസ് അനലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിയാനോ വായിക്കാന്‍ അവര്‍ക്ക് വളരെ ഇഷ്ടമാണ്. ഫോബ്‌സിന്റെ സമ്പന്നരായ അനന്തരാവകാശികളുടെ പട്ടികയില്‍ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു.

വിനോദസഞ്ചാര മേഖലയെ പുതിയ ഉയരങ്ങളില്‍ എത്തിച്ച് ശ്രുതി ഷിബുലാല്‍

ഇന്‍ഫോസിസിന്റെ മുന്‍ സി.ഇ.ഒ ആയ ഷിബലാലിന് ഇന്‍ഫോസിസില്‍ 0.64 ശതമാനം ഓഹരിയാണുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മകളായ ശ്രുതി ഷിബുലാല്‍ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഗൗരവ് മഞ്ചന്ദയാണ് ഈ മുപ്പതുകാരിയുടെ ഭര്‍ത്താവ്. 2005ലാണ് ലോകമെമ്പാടും റിസോര്‍ട്ടുകളുടേയും ഹോട്ടലുകളുടേയും ശൃംഖല തുടങ്ങുക എന്ന ലക്ഷ്യത്തോടെ 'ദി താമര' ആരംഭിച്ചത്.

കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്ന് ഡിഗ്രി സമ്പാദിച്ച ശേഷം കൂര്‍ഗ്ഗിലെ 170 ഏക്കര്‍ വരുന്ന കാപ്പിത്തോട്ടം ഒരു ആഢംബര റിസോര്‍ട്ടാക്കി അവര്‍ മാറ്റി. അങ്ങനെയാണ് 2012ല്‍ ദി താമര കൂര്‍ഗ്ഗ് ആരംഭിച്ചത്. പ്രകൃതിക്ക് ഒരു കോട്ടവും സംഭവിക്കാത്ത തരത്തിനാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഷെറില്‍ സാന്റ്‌ബെര്‍ഗ്ഗിന്റെ വലിയ ആരാധികയാണവര്‍. ഇതിനു പുറമേ ബാംഗ്ലൂരില്‍ ഔരു സര്‍വ്വീസ് അപ്പാര്‍ട്ട്‌മെന്റും, തിരുവനന്തപുരത്ത് ഒരു ബിസിനസ് ഹോട്ടലും, കേരളത്തില്‍ ഒരു റിസോര്‍ട്ടും അവര്‍ക്ക് സ്വന്തമായുണ്ട്. ജാസ്സ് സംഗീതത്തിന്റെ വലിയ ആരാധികയാണ് ശ്രുതി. അഭിജിത്ത് സാഹ എന്ന ഷെഫുമായി ചേര്‍ന്ന് കാപ്പര്‍ബെറി റസ്റ്റോറന്റ്, ഫാവ റെസ്റ്റോറന്റ് എന്നിവ തുടങ്ങിയിരുന്നു.

ജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുകയാണ് നിശബ ഗോദ്രെജ്

നിശ എന്നറിയപ്പെടുന്ന നിശബ ഗോദ്രെജ് ഗോദ്രെജ് കണ്‍സ്യൂമര്‍ പ്രോഡക്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. അനന്തരാവകാശികളുടെ പോരാട്ടത്തില്‍ സ്വന്തം സഹോദരങ്ങളായ താനിയ ദുബേഷിനേയും പിരോജ്ഷ ഗോദ്രെജിനേയും പിന്നിലാക്കി നിശ മുന്നേറുന്നു എന്ന വാര്‍ത്തയുമുണ്ട്. കല്‍പ്പേഷ് മെഹ്തയാണ് അവരുടെ ഭര്‍ത്താവ്. 1897ല്‍ സ്ഥാപിതമായ ഈ കമ്പനിയുടെ ഭാവി തീരുമാനങ്ങളില്‍ നിര്‍ണ്ണായക അഭിപ്രായങ്ങള്‍ എടുക്കാനായി ഇവര്‍ സഹായിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയിരുന്നു. ജോലി സ്ഥലങ്ങളില്‍ സ്ത്രീ സൗഹാര്‍ദപരമായ നയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് അവര്‍ മുന്‍തൂക്കം നല്‍കുന്നു.

കലയും വ്യവസായവുമായി മാനസി കിര്‍ലോസ്‌കര്‍

വ്യവസായ പ്രമുഖരായ ഗീതാഞ്ജലിയുടേയും വിക്രം കിര്‍ലോസ്‌ക്കറിന്റെയും ഏകമകളാണ് 26കാരിയായ മാനസി കിര്‍ലോസ്‌കര്‍. ടോയോറ്റ കിര്‍ലോസ്‌കര്‍ സാമ്രാജ്യത്തിന്റെ അനന്തതാവകാശി എന്ന നിലയില്‍ എന്നെങ്കിലും വ്യവസായത്തിലേക്ക് വരേണ്ടിവരുമെന്ന് മാനസിക്ക് അറിയാമായിരുന്നു. എന്നാല്‍ റോഡ് ഐലന്റ് സ്‌ക്കൂള്‍ ഓഫ് ഡിസൈനില്‍ ചേര്‍ന്ന് കലയോടുള്ള തന്റെ താത്പ്പര്യം വളര്‍ത്തിയെടുത്തു. തന്റെ കുടുംബത്തിന്റെ ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നോക്കി നടത്തുന്നതോടോപ്പം കലയേയും കൊണ്ടുപോകുന്നു. ബാംഗ്ലൂരിലുള്ള ദി ശക്ര വേള്‍ഡ് ഹോസ്പ്പിറ്റലിനാണ് ഇപ്പോള്‍ അവര്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യത്തെ ആരോഗ്യ രംഗത്തെ ഗുണമേ• വര്‍ദ്ധിപ്പിക്കുകയും ശക്രയെ മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്.

ലക്ഷ്മി വേണു; കഴിവുള്ള ഒരു സ്ത്രീവ്യവസായി

സുന്ദരം ക്ലേറ്റന്‍ ലിമിറ്റഡിന്റെ ജോയിന്റ് മാനേജിങ്ങ് ഡയറക്ടറാണ് ലക്ഷ്മി വേണു. ടി.വി.എസ് ഗ്രൂപ്പിനു കീഴിലുള്ള ഒരു കമ്പനിയാണിത്. യെയ്ല്‍സ് സര്‍വ്വകലാശാലയില്‍ നിന്ന് എക്കൊണോമിക്‌സില്‍ ബിരുദവും, വാര്‍വിക്ക് സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനിയറിങ്ങ് മാനേജ്‌മെന്റില്‍ ഡോക്‌ട്രേറ്റും നേടിയിട്ടുണ്ട്. അവര്‍ക്ക് നല്ല നേതൃപാടവമുണ്ട്. അവരുടെ അച്ഛന്‍ വേണു ശ്രീനിവാസന്‍ ടി.വി.എസ് ഗ്രൂപ്പിന്റെ ചെയര്‍മാനും അമ്മ മല്ലിക ശ്രീനിവാസന്‍ ട്രാക്‌റ്റേഴ്‌സ് ആന്റ് ഫാം എക്യുപ്പ്‌മെന്റ് ലിമിറ്റഡിന്റെ ചെയര്‍പേഴ്‌സണുമാണ്. രോഹന്‍ മൂര്‍ത്തിയുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച ശേഷം സുന്ദരം ക്ലേറ്റണിന്റെ ഭാവിയിലേക്ക് ശ്രദ്ധിക്കുകയാണ് ലക്ഷ്മി. അവരുടെ ഇളയ സഹോദരനായ സുദര്‍ശന്‍ ടി.വി.എസ മോട്ടോഴ്‌സിന്റെ ചുമതല ഏറ്റെടുത്തു കഴിഞ്ഞു.

ഇതാണ് പുതിയ കാലഘട്ടത്തിലെ അനന്തരാവകാശികള്‍. ഇപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ഈ രംഗത്തേക്ക് ശക്തമായി കടന്നു വരുന്നു. ചിലര്‍ കുടുംബ വ്യവസായത്തില്‍ നിന്ന് മാറി സ്വന്തമായി ഒരു സ്ഥാനം ഉറപ്പിക്കുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയ്ക്ക് ഇതൊരു ശുഭ ലക്ഷണമാണ്.