ഒളിമ്പിക്‌സ് മെഡലിന് കഴിവുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഏറ്റവും സാധ്യത കേരളത്തിന് :മന്ത്രി തോമസ് ഐസക്

ഒളിമ്പിക്‌സ് മെഡലിന് കഴിവുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഏറ്റവും സാധ്യത കേരളത്തിന് :മന്ത്രി തോമസ് ഐസക്

Tuesday June 27, 2017,

1 min Read

ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ കഴിവുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷവും കൂട്ടയോട്ടവും അവാര്‍ഡ് വിതരണവും കവടിയാര്‍ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍തലം മുതല്‍ കഴിവുള്ളവരെ കണ്ടെത്തി കായികരംഗത്ത് പ്രോത്‌സാഹനം നല്‍കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനായി കായികമേഖലയ്ക്കുള്ള വിഹിതത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

image


 ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പുത്തന്‍ കായികസംസ്‌കാരത്തിന് രൂപം നല്‍കാനും നേട്ടത്തിന്റെ ഉന്നതിയിലെത്താനും കേരളത്തിനാകും. ഒളിമ്പിക് ദിനാഘോഷം ഇത്തരം ശ്രമങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനും വര്‍ഗീയതയ്ക്കുമെതിരായ ഐക്യമുണ്ടാക്കാന്‍ ഒളിമ്പിക് ദിനാഘോഷമുയര്‍ത്തുന്ന സന്ദേശം സഹായകമാകട്ടെയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ ഒളിമ്പ്യന്‍ സുരേഷ്ബാബുവിന്റെ പേരിലുള്ള ഒളിമ്പ്യന്‍ അവാര്‍ഡ് കെ.എം. ബിനുവിനും, കായികരംഗത്തിന് സമഗ്ര സംഭാവന നല്‍കിയ വിദേശ മലയാളിക്കുള്ള പുരസ്‌കാരം മുക്കോട്ട് സെബാസ്റ്റിയനും, മാധ്യമ അവാര്‍ഡുകള്‍ ടി. രാജന്‍ പൊതുവാള്‍ (മാതൃഭൂമി), ജോബി ജോര്‍ജ് (ഏഷ്യാനെറ്റ്), സിന്ധുകുമാര്‍ (മനോരമ ന്യൂസ്), അന്‍സാര്‍ എസ്. രാജ് (കേരളകൗമുദി), ജി. പ്രമോദ് (ദേശാഭിമാനി) എന്നിവര്‍ക്ക് സമ്മാനിച്ചു. മേയര്‍ വി.കെ. പ്രശാന്ത് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഒളിമ്പ്യന്‍ കെ.എം. ബീനാമോള്‍, മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കരമന ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. കായികതാരങ്ങള്‍ക്ക് പുറമേ, റാലിയില്‍ എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ്, റോളര്‍ സ്‌ക്കേറ്റിംഗ്, സൈക്കിളിംഗ് പ്രതിഭകളും അണിചേര്‍ന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ ജില്ലാ ഒളിമ്പിക് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. കൂട്ടയോട്ടത്തിന്റെയും റാലിയുടേയും സമാപനം തുടര്‍ന്ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.