തെങ്ങുകയറ്റക്കാരുടെ ക്ഷാമം; പരിഹാരവുമായി അപ്പച്ചന്‍

0

കേരവൃക്ഷങ്ങളുടെ സ്വന്തം നാടായ കേരളത്തിലെ കേരകര്‍ഷകര്‍ ഇന്ന് ഏറെ ബുദ്ധിമുട്ടുന്നത് തെങ്ങുകയറ്റക്കാരുടെ ക്ഷാമം മൂലമാണ്. പരമ്പരാഗതമായി തണ്ടാന്‍ സമുദായത്തിലുള്ളവരാണ് കേരളത്തില്‍ തെങ്ങില്‍ കയറിയിരുന്നത്. എന്നാല്‍ പുതിയ തലമുറ ഈ ജോലിയില്‍ നിന്ന് അകലം പാലിച്ചതോടെ ഈ മേഖലയിലേക്ക് പുതിയ ആളുകള്‍ എത്തുന്നതും കുറഞ്ഞു. ഇതോടെ കേരകര്‍ഷകര്‍ ബുദ്ധിമുട്ടിലായി. എന്നാലിതിന് ഒരു പരിഹാരവുമായാണ് കണ്ണൂരിലെ ഒരു കര്‍ഷകനായ എം ജെ ജോസ് (അപ്പച്ചന്‍) എത്തിയത്.

ആളില്ലാതെ വന്നപ്പോള്‍ കര്‍ഷകര്‍ തന്നെ തെങ്ങുകയറ്റം ആരംഭിച്ചതാണ് ഇതിന് എളുപ്പമാര്‍ഗം കണ്ടെത്താന്‍ അപ്പച്ചനെ പ്രേരിപ്പിച്ചത്. നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേന്റെ കണ്ടെത്തല്‍ പ്രകാരം അദ്ദേഹത്തിന്റെ യന്ത്രത്തിന് ഒന്നു മുതല്‍ മൂന്ന് മിനിട്ടുകള്‍ കൊണ്ട് 130 അടിയുള്ള തെങ്ങുകയറാന്‍ സാധിക്കും. ഒരു തണ്ടാന് ഒരു തെങ്ങ് കയറാന്‍ സാധാരണയായി നാല് മുതല്‍ അഞ്ച് വരെ മിനിട്ടുകള്‍ എടുക്കുമ്പോഴാണിത്.

വിദ്യാഭ്യാസം ഇല്ലാത്ത അപ്പച്ചന് ചുറ്റുപാടുമുള്ള സാധനങ്ങള്‍ ഉപയോഗിച്ച് പുതിയ വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു. തേങ്ങാപ്പാലും മറ്റ് പഴവര്‍ഗങ്ങളുടെ നീരും എളുപ്പം എടുക്കാന്‍ സാധിക്കുന്ന മറ്റൊരു ഉപകരണവും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. 2006ല്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തതിന് പേറ്റന്റ് ലഭിക്കുകയും നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സര്‍ട്ടിഫൈ ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ക്ക് പുറമെ യു എസ് എ, മെക്‌സിക്കോ, മാലി ദ്വീപ്, ഓസ്‌ട്രേലിയ, തായ്‌ലന്റ് , ബ്രസീല്‍ എന്നിവിടങ്ങളിലേക്കും അയക്കുന്നുണ്ട്. ഉപകാരപ്രദമായി ഇത്തരം കണ്ടുപിടുത്തങ്ങള്‍ തനിക്കു മാത്രമല്ല ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നതിലുള്ള സന്തോഷത്തിലാണ് അപ്പച്ചന്‍ ചേട്ടനും കുടുംബവും.