തിരുവിതാംകൂറിനെ മലബാറിന്റെ രുചിക്കൂട്ട് പഠിപ്പിക്കാന്‍ കുടുംബശ്രീ വനിതകള്‍

0

മലബാറിന്റെയും കൊച്ചിയുടെയും നാടന്‍ രുചികള്‍ക്കൊപ്പം തിരുവിതാംകൂറിന്റെ തനത് രുചിക്കൂട്ടുകളുമായി അനന്തപുരിയെ രുചിയുത്സവത്തില്‍ ആറാടിക്കുകയാണ് ഒരുകൂട്ടം കുടുംബശ്രീയുടെ ഒരുകൂട്ടം വനിതകള്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായി കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പാരമ്പര്യ രുചിക്കൂട്ടുകളാണ് പുത്തരിക്കണ്ടത്ത് നടക്കുന്ന അനന്തപുരി ഫെസ്റ്റിന്റെ അടുക്കളയില്‍ കുടുംബശ്രീ കഫേ അണിനിരത്തുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്.

കൃത്രിമ ചേരുവകളൊന്നും ചേര്‍ക്കാതെ പാരമ്പര്യ കൂട്ടുകള്‍ ചേര്‍ത്താണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഏവര്‍ക്കും കാണാന്‍ പറ്റുന്ന രീതിയിലാണ് പാചകം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുടുംബശ്രീയിലെ 20 യൂനിറ്റുകളില്‍നിന്നായി നൂറ് സ്ത്രീകളാണ് അടുക്കളക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓരോ പ്രദേശത്തേയും പാരമ്പര്യ രുചിക്കൂട്ടുകള്‍ അതത് സ്ഥലങ്ങളിലെ സ്ത്രീകളുടെ കൈപുണ്യത്തില്‍ രുചിച്ചറിയാം. കാലാവസ്ഥക്കനുസരിച്ച് ഭക്ഷണരീതി മാറുന്ന കേരളത്തില്‍ എല്ലാ കാലാവസ്ഥക്കനുസരിച്ചുമുള്ള ഭക്ഷണം മേളയിലൊരുക്കുന്നുണ്ട്.

ഭക്ഷ്യമേള എന്നതിനപ്പുറം ഇതില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയ നിരവധി വനിതകളും ഇക്കൂട്ടത്തിലുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകളാണ് കുടുംബശ്രീ കഫേയില്‍ പ്രവര്‍ത്തിക്കുന്നവര്‍. മേളയില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ലോണുകള്‍ അടച്ച് തീര്‍ക്കുകയും പുതിയ ജീവിതത്തിലേക്ക് കടക്കുകയും ചെയ്ത നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

ഹെര്‍ബല്‍ ചിക്കന്‍ മുതല്‍ മുളയരി വരെ കൊളസ്‌ട്രോളിനെയും പ്രഷറിനെയും ഷുഗറിനെയുമൊന്നും പേടിക്കാതെ ധൈര്യമായി കഴിക്കാവുന്നതാണ് ഇവര്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതെയും ഫ്രീസര്‍ ഉപയോഗിക്കാതെയും പാരമ്പര്യ തനിമയിലാണ് പാചകം.

മലബാറിന്റെ കോഴി നിറച്ചത്, കോഴി ചുട്ടത്, നെയ്പത്തിരി, ഉന്നക്കായ, കായ്‌പോളം, കായ്കൃത, ഇറച്ചിപ്പുട്ട്, ചെമ്മീന്‍പുട്ട്, നെയ്പത്തിരി, മീന്‍ കുടംപുളി പാല്‍ക്കറി, കുമരകത്തിന്റെ താറാവ് കറി, കരിമീന്‍ പൊള്ളിച്ചത്, ഞണ്ട് കറി, കൊഞ്ച്, കക്കയിറച്ചി, തിരുവിതാംകൂറിന്റെ പുഴുക്കുകള്‍, പുട്ട്, അട, കപ്പ കുഴച്ചതും പുഴുങ്ങിയതും, അപ്പം, പലവിധ ദോശകള്‍, എന്നിവക്കൊപ്പം ചേരുന്ന നാടന്‍ മീന്‍കറി, അടക്കമുള്ള കറികളും കൂടിയാകുമ്പോള്‍ നാവില്‍ കപ്പലോടും. പട്ടം കോഴിക്കറി, കപ്പ ബിരിയാണി, എട്ടട, തൃശൂരിന്റെ തട്ടില്‍കുട്ടി ദോശ , പാലക്കാടിന്റെ രാമശ്ശേരി ഇഡലി, തലശ്ശേരിയുടെ സ്വന്തം ദം ബിരിയാണി, വെജിറ്റബിള്‍ കോഴിക്കാല്‍, കോതമംഗലത്തിന്റെ പിടിയും കോഴിക്കറിയും എന്നിങ്ങനെ വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇവര്‍ തയ്യാറാക്കുന്നു.

പായസമെന്ന് കേള്‍ക്കുമ്പോള്‍തന്നെ വെള്ളമിറക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ വെറും പായസമല്ല, പയസങ്ങളിലെ വൈവിധ്യങ്ങളുമായി പായസമേള തന്നെയാണ് കുടുംബശ്രീ കഫേ ഒരുക്കുന്നത്. പഞ്ചനക്ഷത്ര പായസം, ചക്ക പായസം, പഴം പായസം, പൈനാപ്പിള്‍ പായസം, മത്തങ്ങ പായസം എന്നിവയാണ് പായസ ചെമ്പുകളില്‍ നിറയുക. വറുതിക്കാലങ്ങളില്‍ വയനാട്ടിലെ ആദിവാസികള്‍ ഉപയോഗിക്കുന്ന മുളയരികൊണ്ടുള്ള പായസമാണ് മേളയിലെ താരം .