പരിചയസമ്പന്നരായ നടന്മാര്‍ സിനിമക്ക് ആവശ്യമോ: ജയരാജ്

0

പരിചയ സമ്പന്നരായ സിനിമാ നടന്മാര്‍ സിനിമകള്‍ക്ക് ആവശ്യമാണോയെന്നത് സിനിമാ ലോകം ചര്‍ച്ച ചെയ്യണമെന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ ജയരായ്. ഇരുപതാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ടാഗോര്‍ തിയറ്ററില്‍ നടന്ന് മീറ്റ് ദ ദയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യധാരാ സിനിമാ നടന്‍മാരേക്കാള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള കഥാപാത്രങ്ങളായിരിക്കും ഒരു നല്ല സിനിമക്ക് ഗുണം ചെയ്യുകയെന്ന് തന്റെ പുതിയ ചിത്രമായ ഒറ്റാലിലെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ മലയാള സിനിമാ സംവിധായകരായ വികെ പ്രകാശ്, പി.എസ്.മനു, കസാക്കിസ്ഥാനില്‍ നിന്നുള്ള ഗോപ്പം എന്ന സിനിമയുടെ മുഖ്യവേഷം ചെയ്ത ഐക്കണ്‍ കാലിക്കോ എന്നിവര്‍ പങ്കെടുത്തു.

താന്‍ പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും വെച്ച് സിനിമ ചെയ്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും പരിചയസമ്പന്നരായ നടന്മാരില്‍ നിന്നും പച്ചയായ കഥാപാത്രങ്ങളെ സൃഷ്ടിക്കുക വെല്ലുവിളിയാണ്. അതേ സമയം യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമുള്ളവരെ കഥാപാത്രങ്ങളാക്കുമ്പോള്‍ മികച്ച ഫലം കിട്ടും. മിക്ക സൂപ്പര്‍ ഹിറ്റ് സിനിമകളിലും അഭിനയിച്ചിരിക്കുന്നതും പുതുമുഖങ്ങളായിരിക്കുമെന്നും ജയരാജ് അഭിപ്രായപ്പെട്ടു.

അതേ സമയം മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കേരളത്തില്‍ നല്ല സിനിമകളെ തകര്‍ക്കുന്ന തിയറ്റര്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പ്രതിനിധി പറഞ്ഞു. മലയാള സിനിമാ രംഗം നേരിടുന്ന പല അനാരോഗ്യകരമായ പ്രവണതകളും ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

ചര്‍ച്ചയില്‍ പങ്കെടുത്ത് സംവിധായകരുടെ സിനിമകള്‍ പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്തവയായിരുന്നു എന്നതും ശ്രദ്ധേയമായി. അതേ സമയം സിനിമക്ക് കലാവാണിജ്യ വ്യത്യാസമില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രശസ്ത സിനിമാ സംവിധായര്‍ വി.കെ പ്രകാശ് അഭിപ്രായപ്പെട്ടു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രമായ നിര്‍ണായകത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.മിക്ക തിയറ്ററുകളിലും ചില സിനിമകള്‍ റിലീസ് ചെയ്ത ദിവസങ്ങളില്‍ തന്നെ പിന്‍വലിക്കുന്ന രീതിയുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ ഇടപെടാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ ചലച്ചിത്രമേളയിലെ ഏറ്റവും കൂടുതല്‍ പങ്കാളിത്തമുള്ള ചര്‍ച്ചയായിരുന്നു ഇന്നത്തേതെന്ന് ചടങ്ങില്‍ നന്ദി പറഞ്ഞ ബാലു കിരിയത്ത് ചൂണ്ടിക്കാട്ടി