സ്റ്റാര്‍ട്ടപ്പ് മാജിക്കുമായി മാജിക് അക്കാദമി

0

മാജിക്കില്‍ അഭിരുചിയുള്ളവര്‍ക്കായ് ലോകത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് മാജിക് തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് മാജിക്ക് അക്കാദമി വിഭാവനം ചെയ്യുന്ന പുതിയ പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് മാജിക്. ലോകത്തെ ആദ്യ മാജിക് തീം പാര്‍ക്കായ കഴക്കൂട്ടത്തുള്ള മാജിക് പ്ലാനറ്റിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. മാജിക് പ്ലാനറ്റില്‍ കൂടുതല്‍ സൗകര്യങ്ങളോടെ മാജിക് പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായുള്ള സംവിധാനത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് മാജിക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാജിക് ഇന്നവേഷന്‍ ഹബ്ബായി ആരംഭിക്കുന്ന പദ്ധതിക്ക് കിന്‍ഫ്രയുടെ സഹകരണവുമുണ്ട്. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് മാജിക് വ്യവസായ മന്ത്രി 16ന് ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥി പ്രതിഭകളുടെ ഗ്രൂപ്പുകള്‍ പ്രദേശത്തെ എം എല്‍ എയുടെ കത്തുമായെത്തിയാല്‍ സ്റ്റാര്‍ട്ട്പ്പ് മാജിക് ഹബില്‍ സൗജന്യമായി പ്രവേശിക്കാം. കുട്ടികളുടെ പുതിയ പുതിയ ആശയങ്ങള്‍ക്കും ജാലവിദ്യാ സൃഷ്ടികള്‍ക്കും ആര്‍ഷകങ്ങളായ സമ്മാനങ്ങളും ക്യാഷ് പ്രൈസുകളും ഒരുക്കിയിട്ടുണ്ട്.

അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന മാജിക് ഇന്‍ക്യുബേറ്ററില്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ അത്യാധുനിക ഉപകരണങ്ങളുടെ സഹായം മാന്ത്രിക പഠനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്ദ്രജാലത്തെ സംബന്ധിക്കുന്ന വിദേശവും സ്വദേശവുമായ അപൂര്‍വങ്ങളായ പുസ്തകങ്ങളുടെ ശേഖരം, ഇബുക്കുകളുടെ ശേഖരം, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, വിശാലമായ മാജിക് വീഡിയോകളുടെ ശേഖരം, വിദഗ്ദരായ ഫാക്കല്‍റ്റികളുടെ സേവനം, ലക്ചര്‍ഡെമോന്‍സ്‌ട്രേഷന്‍ ക്ലാസുകളേടുക്കുന്നതിനുള്ള സംവിധാനം, മാജിക്കിന്റെ വിവിധ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന അതി പ്രശസ്തരായ മാന്ത്രികരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

ഐ ടി മേഖലയുമായി ബന്ധപ്പെടുത്തി പുതിയ സാങ്കേതികവിദ്യയിലൂടെ നൂതനമായ ഇന്ദ്രജാലങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ഇന്‍ക്യുബേഷന്‍ സെന്ററായാണ് ഈ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് പദ്ധതി പ്രവര്‍ത്തിക്കുക. ക്രിയാത്മകമായി ചിന്തിക്കുന്ന പുതിയ തലമുറക്ക് മുന്നില്‍ തുറക്കുന്ന പുത്തന്‍ അവസരമാണ് സ്റ്റാര്‍ട്ടപ്പ് മാജിക് പദ്ധതി. വിദ്യാര്‍ഥികള്‍ അവരുടെ റിസര്‍ച്ചിലൂടെ കണ്ടെത്തുന്ന മാജിക് ആപ്ലിക്കേഷന്‍ മാജിക്ക് അക്കാദമി ഏറ്റെടുക്കുകയും അതിനായി അവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്യും. ഭാവനയാണ് ബുദ്ധിയേക്കാള്‍ വലുതെന്ന ഐന്‍സ്റ്റൈന്റിന്റെ സിദ്ധാന്തത്തിലൂന്നിയാണ് സ്റ്റാര്‍ട്ടപ്പ് മാജിക് പ്രവര്‍ത്തിക്കുന്നത്. കുട്ടികളില്‍ സര്‍ഗശേഷി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മാജിക് അക്കാദമി സ്റ്റാര്‍ട്ടപ്പ് മാജിക്കിന് തുടക്കമിട്ടത്.

 മാജിക് ഇന്നവേഷന്‍ ഹബിലെ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെക്ഷന്‍, വീഡിയോ സെക്ഷന്‍, ഓണ്‍ലൈന്‍ ലൈബ്രറി സെക്ഷന്‍ എന്നിവ ഇതിന് അനുഗുണമായാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികളുടെ ഭാവന ഉണര്‍ത്തുന്നതു വഴി പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുകയും ഇന്ദ്രജാല ലോകത്ത് പുതിയ വാതായനങ്ങള്‍ തുറക്കുകയും ചെയ്യുക എന്ന ലക്ഷ്യമിട്ടാണ് സ്റ്റാര്‍ട്ടപ്പ് മാജിക് തുടക്കം കുറിക്കുന്നത്. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഉദ്ഘാടനത്തിന് ശേഷം മാജിക്കല്‍ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ നിര്‍വ്വഹിക്കും. കിന്‍ഫ്ര ആന്‍ഡ് കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ബീന അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജി സുധാകരന്‍, മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല തുടങ്ങിയവര്‍ പങ്കെടുക്കും.