സോഫ്റ്റ് പദ്ധതിക്ക് തുടക്കമായി 

0

സോഫ്റ്റ് പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് പൊതുജനത്തെ സജ്ജരാക്കുന്നതിനുള്ള സേവ് ഔവര്‍ ഫെലോ ട്രാവലര്‍(സോഫ്റ്റ്) പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒരുവര്‍ഷത്തിനകം ഇതിനായി പരിപാടികള്‍ ആവിഷ്‌കരിക്കും. 

എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയത്തില്‍ ട്രാഫിക് ബോധവത്കരണത്തിനായുള്ള സ്മാര്‍ട്ട് ട്രാഫിക് കഌസ് റൂം ആരംഭിക്കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിന് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും സോഫ്റ്റ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മികച്ച വോളണ്ടിയര്‍ക്കും പുരസ്‌കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിരത്തുകള്‍ അപകടരഹിതമാക്കാന്‍ നടപ്പാക്കിവരുന്ന ശുഭയാത്രയുടെ കീഴില്‍ വിഭാവനം ചെയ്യപ്പെട്ട സോഫ്റ്റ് പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ടാഗോര്‍ തിയറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദൈവത്തിന്റെ സ്വന്തം നാട് അപകടമരണങ്ങളുടെ സ്വന്തം നാടായി മാറരുതെന്ന സന്ദേശം സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ജീവിതമെന്ന മഹാസത്യത്തിന് റീസെറ്റ് ബട്ടണുകളില്ല എന്നോര്‍ക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ശുഭയാത്ര പദ്ധതിയുടെ ഗുഡ് വില്‍ അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ആയുര്‍ദൈര്‍ഘ്യത്തിന്റെയും ആരോഗ്യത്തിന്റെയും കണക്കുകളില്‍ ഏറെ മുന്നിലുള്ള കേരളത്തില്‍ ഒരുപക്ഷെ റോഡപകടങ്ങളാവും ഏറ്റവുമധികം മരണകാരണമാവുന്നതെന്നും ഇതിനെതിരെയുള്ള ബോധവത്കരണം പോലീസിന്റെ മാത്രം ചുമതലയാവരുതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ കീഴിലുള്ള വോളണ്ടിയര്‍മാര്‍ക്കുള്ള ബാഡ്ജ് വിതരണത്തിന്റെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. പദ്ധതിയുടെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ലഘുചിത്രത്തിന്റെ സി.ഡി മന്ത്രി എ.കെ.ശശീന്ദ്രന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. വിനോദത്തിലൂടെ ഗതാഗത നിയമങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ത്രീഡി അനിമേറ്റഡ് വീഡിയോ ഗെയിം മേയര്‍ വി.കെ പ്രശാന്തും കുട്ടികള്‍ക്കായി തയ്യാറാക്കിയ ആക്ടിവിറ്റി ബുക്ക് എഡിജിപി ബി.സന്ധ്യ നാട്പാക് ഡയറക്ടര്‍ ഡോ.ബി.ജി.ശ്രീദേവിക്ക് കൈമാറിയും പ്രകാശനം ചെയ്തു. സ്മാര്‍ട്ട് കഌസ് റൂമിന്റെ താക്കോല്‍ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന് കൈമാറി. ശുഭയാത്ര പദ്ധതിയുടെ വിജയത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും പോലീസ് ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡോ.കെ.മാര്‍ത്താണ്ഡന്‍ പിള്ള, ട്രാഫിക് ഐ.ജി മനോജ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു. രാവിലെ പട്ടം ഗേള്‍സ് സ്‌കൂളില്‍ സ്മാര്‍ട്ട് ട്രാഫിക് കഌസ് റൂമിന്റെ ഉദ്ഘാടനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. ട്രാഫിക് ഐ.ജി മനോജ് എബ്രഹാം, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സോഫ്റ്റ് പദ്ധതിയുടെ കീഴില്‍ പോലീസ് തിരുവനന്തപുരം സിറ്റി, റൂറല്‍ ജില്ലകളിലെ 26 സര്‍ക്കിളുകളില്‍നിന്ന് തിരഞ്ഞെടുത്ത 1200 വോളണ്ടിയര്‍മാര്‍ക്ക് പ്രഥമ ശുശ്രൂഷ, ട്രോമാ കെയര്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കിക്കഴിഞ്ഞു. ശുഭയാത്രയുടെ പ്രചാരണാര്‍ത്ഥം ശുഭയാത്ര2017 പേരിലുള്ള ട്രാഫിക് ബോധവത്കരണ എക്‌സിബിഷന്‍ ഇന്ന് (ജനുവരി 24) ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍ തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 28 വരെയാണ് പ്രദര്‍ശനം.