ഇതാകണമെടാ...പോലീസ്

ഇതാകണമെടാ...പോലീസ്

Monday December 21, 2015,

2 min Read

കാക്കിക്കുള്ളിലെ കലാകാരനെന്നത് നാം കേട്ടു പരിചയിച്ച ഒരു പ്രയോഗമാണ്. എന്നാല്‍ ഇവിടെയിതാ കലാഭിരുചിക്കൊപ്പം കാക്കിക്കുള്ളില്‍ കര്‍ഷകന്റെ മനസുമായി ഒരു പോലീസ് ഓഫീസര്‍. പേര് ജി. സുനില്‍കുമാര്‍. നിലവില്‍, നിലക്കല്‍ പോലീസ് സ്‌റ്റേഷന്‍ എസ് ഐയാണ് ഇദ്ദേഹം. നീതിനിര്‍വഹണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഓഫീസറായി പേരെടുത്ത സുനില്‍കുമാറിന് കൃഷി സ്വന്തം കാഴ്ച്ചപ്പാടിന്റെ ഭാഗമാണ്. സമൂഹത്തിലെ ക്രമസമാധാനം സ്വന്തം ജോലിയുടെ ഭാഗമാണെങ്കില്‍, കൃഷി എന്നത് സുനില്‍കുമാറിന്റെ മനസിന്റെ ഭാഗമാണ്.

image


കൂടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തമാശയായി പറയും, തരിശു ഭൂമി കണ്ടാല്‍ സ്വമേധയാ നടപടിയെടുക്കുന്ന സ്വഭാവമാണ് സുനില്‍കുമാറിനെന്ന്. ഇതു വരെ ജോലി ചെയ്തിടങ്ങളിലെല്ലാം സ്വന്തം ഓഫീസ് വളപ്പിലെ തരിശു ഭൂമിയില്‍ കൃഷിയിറക്കി പൊന്നു വിളയിച്ച അനുഭവമാണ് സുനില്‍കുമാറിനുള്ളത്. താന്‍ ജോലി ചെയ്യുന്ന പോലീസ്റ്റേഷന്‍ മതില്‍ കെട്ടിനുള്ളില്‍ തരിശ് ഭൂമി കണ്ടാല്‍ ഉടന്‍ നല്ലയിനം വിത്ത് സംഘടിപ്പിച്ച് ക്യഷി ഇറക്കും.

image


പച്ചക്കറി മാത്രമല്ല മറിച്ച് എല്ലാത്തരം കൃഷിയോടും സുനില്‍കുമാറിന് താത്പര്യമാണ്. അതു വരെ പോലീസ് സ്‌റ്റേഷനിലേക്ക് നോക്കാന്‍ മടിച്ചിരുന്ന ജനം സുനില്‍കുമാര്‍ ചാര്‍ജ്ജെടുത്ത് മാസങ്ങള്‍ കഴിയുമ്പോള്‍ പോലീസ് സ്‌റ്റേഷനിലേക്ക് ആകാംഷയോടെ നോക്കും. കാരണം, സ്‌റ്റേഷന്‍ മതിലിന് വെളിയിലേക്ക് കുലച്ചു നില്‍ക്കുന്ന ഉഗ്രന്‍ വാഴക്കുല കണ്ടാല്‍ ആര്‍ക്കും നോക്കാതിരിക്കാനാവില്ലല്ലോ. 

image


പച്ചക്കറി മാത്രമല്ല, കിഴങ്ങ് വര്‍ഗങ്ങളും സ്റ്റേഷനില്‍ യഥേഷ്ടം വിളയുന്നു. പയര്‍, വെണ്ട, വഴുതന, പാവയ്ക്ക, ചീര എന്നിവക്കു പുറമേ കപ്പ, ചേമ്പ്, കാച്ചില്‍ മുതലായ കിഴങ്ങു വര്‍ഗങ്ങളും സ്റ്റേഷനില്‍ സുരക്ഷിതം.

image


താന്‍ ജോലി ചെയ്ത പോലീസ് സ്റ്റേഷനുകളില്‍ എല്ലാം പച്ചക്കറി തോട്ടം നട്ടുപിടുപ്പിച്ച് നൂറുമേനി കൊയ്ത ചരിത്രമാണ് സുനില്‍കുമാറിനുള്ളത്. സ്വന്തം സ്റ്റേഷനില്‍ വിളയുന്ന പച്ചക്കറികള്‍ സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തി വിളവെടുക്കുക എന്നതാണ് സുനില്‍കുമാറിന്റെ നയം. സ്റ്റേഷനിലെ വിളവെടുപ്പ് ജനപങ്കാളിത്തത്തോടെ നടത്തുക എന്നതാണ് സുനില്‍കുമാറിന് താത്പര്യം. 

ഇതു മാത്രമല്ല മറ്റു പല സാമൂഹ്യ സേവനങ്ങള്‍ക്കും മുന്നില്‍ തന്നെയാണ് സുനില്‍കുമാര്‍. ശബരിമലയില്‍ പോകുന്ന അയ്യപ്പന്‍മാര്‍ക്ക് നിലക്കല്‍ പോലിസ് സ്റ്റേഷനില്‍ പോയി ധൈരമായി മൂന്ന് നേരവും ഭക്ഷണം കഴിക്കാം. എന്തു സഹായത്തിനും നിലക്കല്‍ സ്‌റ്റേഷനില്‍ എസ് ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഒരു പറ്റം പോലീസുകാര്‍ സദാ സജ്ജരാണ്.

image


കര്‍ഷകന്‍ മാത്രമല്ല ഒരു നടനും കവിയും കൂടിയാണ് സുനില്‍കുമാര്‍. ഇതിനകം സിനിമയില്‍ നിരവധി പോലീസ് വേഷങ്ങള്‍ ഇദ്ദേഹം ചെയ്യ്തു കഴിഞ്ഞു. ഹീറോ, മാസ്‌റ്റേഴ്‌സ്, പ്രഭുവിന്റെ മക്കള്‍ എന്നിവയില്‍ ശ്രദ്ധേയമായ പോലീസ് വേഷമാണ് സുനില്‍ അവതരിപിച്ചത്. 

image


സിനിമയില്‍ അഭിനയിച്ചതു കൊണ്ട് ലഭിക്കാന്‍ അര്‍ഹതയുള്ള പ്രമോഷന്‍ കൂടി നഷ്ടമായെങ്കിലും സുനില്‍കുമാര്‍ തന്റെ കര്‍മ്മമേഖലയില്‍ തൃപ്തനാണ്. ഔദ്യോഗികമായ ചില പ്രശ്‌നങ്ങള്‍ കാരണം സുനില്‍ അഭിനയത്തോട് താല്‍ക്കാലികമായി വിട പറഞ്ഞിരിക്കുമ്പോഴും കവിതയെ കയ്യൊഴിയാന്‍ സുനില്‍കുമാര്‍ തയ്യാറായിട്ടില്ല. അടുത്തു തന്നെ ഇദ്ദേഹത്തിന്റെ കവിതാസമാഹാരവും നമുക്ക് പ്രതീക്ഷിക്കാം. 

image


നിയമവിധേയമായി മുഖം നോക്കാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും അര്‍ഹമായ സ്ഥാനങ്ങള്‍ വൈകിയാകും ലഭിക്കുക. സ്ഥാനമാനങ്ങള്‍ക്കുപരി ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്കുവേണ്ടി, പ്രകൃതിക്കുവേണ്ടി നിലകൊള്ളുന്ന നല്ല ഉദ്യോഗസ്ഥന്‍ എന്ന സല്‍പ്പേരാണ് സുനില്‍കുമാറിനെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നത്. 

image


സമൂഹത്തോട് തൊട്ടു നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഉടന്‍ പ്രതികരിക്കുക എന്നതാണ് പോലീസിന്റെ ഉത്തരവാദിത്തം. ഔദ്യോഗിക കടമകള്‍ക്ക് വീഴ്ച വരാതെ ഏതൊരാള്‍ക്കും ഇതെല്ലാം ചെയ്യാനാകുമെന്നാണ് തന്റെ അനുഭവമെന്ന് പറയുമ്പോള്‍ അത് മറ്റുള്ളവര്‍ക്കു കൂടി ഒരു പ്രചോദനമാകുന്നു.