മാക്‌സ് ചന്ദ്ര; ഇന്ത്യന്‍ മണ്ണിലെ ജര്‍മ്മന്‍ കാലടികള്‍

മാക്‌സ് ചന്ദ്ര; ഇന്ത്യന്‍ മണ്ണിലെ ജര്‍മ്മന്‍ കാലടികള്‍

Saturday October 17, 2015,

2 min Read

ഇന്ത്യയുടെ ചന്ദ്രയാനേക്കുറിച്ച് പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം എന്നാല്‍ കാല്‍നടയായി ഇന്ത്യന്‍ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഒരു ചന്ദ്രയുടെ യാത്രകളെക്കുറിച്ച്‌ നിങ്ങള്‍ക്കറിയാമോ? ഇത് ചന്ദ്രയുടെ കഥയാണ്‌ . മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്ത് 20,000 കിലോമീറ്റര്‍ ദൂരം താണ്ടിയ മാക്‌സ് ചന്ദ്രയുടെ ജീവിതകഥ.

image


ചരിത്രം തിരുത്തിക്കുറിക്കാനോ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനോ വേണ്ടിയായിരുന്നില്ല ചന്ദ്രയുടെ ഈ നടത്തം. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ ജനതയെ അവരുടെ അവസ്ഥയില്‍ നിന്ന് അല്‍പമെങ്കിലും കൈപിടിച്ചുയര്‍ത്തുക എന്നതിന് വേണ്ടി മാത്രമാണ് ഈ യാത്ര. ചന്ദ്ര ആരാണെന്ന് ഇനി പറയാം. അസാധാരണമായ പേരാണെങ്കിലും തികച്ചും സാധാരണക്കാരനായ ഒരാളാണ് ചന്ദ്ര. അമ്മ ഇന്ത്യാക്കാരി, ബാംഗ്ലൂര്‍ സ്വദേശിനി. അച്ഛന്‍ ജര്‍മന്‍കാരന്‍. ജര്‍മനിയിലായിരുന്നു ചന്ദ്രയുടെ ജനനം. പഠിച്ചതും വളര്‍ന്നതുമെല്ലാം യു കെയില്‍. 2005ല്‍ ആണ് ചന്ദ്ര ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. 15 വര്‍ഷം ലണ്ടനില്‍ ജോലി ചെയ്ത ശേഷം അവിചാരിതമായാണ് അമ്മയുടെ നാടായ ഇന്ത്യയിലേക്കെത്തിയത്. എന്നാല്‍ ഇന്ത്യയില്‍നിന്ന് തിരിച്ചുള്ള ചന്ദ്രയുടെ യാത്ര ചില തീരുമാനങ്ങളോടെയായിരുന്നു. ലണ്ടനില്‍ തിരിച്ചെത്തിയ ചന്ദ്ര തന്റെ ജോലി രാജിവെച്ചശേഷം ഇന്ത്യയിലേക്ക് തിരിച്ചുവന്നു. ഇവിടെ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചായിരുന്നു വരവ്.

image


ഗോവയിലെത്തിയ ചന്ദ്ര അവിടെ താമസമാക്കി. അപ്പോഴും തനിക്ക് ഏറെക്കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന ചിന്തയായിരുന്നു മനസില്‍. ഇന്ത്യയുടെ യതാര്‍ത്ഥ പാരമ്പര്യവും സംസ്‌കാരവും നേരിട്ട് മനസിലാക്കണമെന്നായി പിന്നീടുള്ള ചിന്ത. അവിടന്നാണ് ചന്ദ്രയുടെ യാത്ര തുടങ്ങുന്നത്. ഗോവയില്‍ നിന്ന് ചെന്നൈയിലേക്കായിരുന്നു ചന്ദ്രയുടെ ആദ്യ യാത്ര. തന്റെ പാരമ്പര്യം ഇന്ത്യയില്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചന്ദ്ര. 1875 കിലോമീറ്ററാണ് നടന്നത്. കര്‍ണാടകം, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ഇവിടങ്ങളിലെ ജനങ്ങളുടെ ജീവിതാ സാഹചര്യങ്ങളും സാമൂഹികാവസ്ഥയുമെല്ലാം ചന്ദ്രക്ക് മനസിലാക്കി കൊടുത്തു. 70 ദിവസംകൊണ്ടാണ് ചന്ദ്ര ഈ യാത്ര പൂര്‍ത്തിയാക്കിയത്. യാത്രക്കിടയില്‍ വണ്‍ സ്റ്റെപ്പ് അറ്റ് എ ടൈം എന്ന പേരില്‍ ഒരു ഉദാര സംഘടനക്കും ചന്ദ്ര രൂപം നല്‍കി.

ഇന്ത്യയിലെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍കരണം നല്‍കുക, ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന രൂപീകരിച്ചത്. ഒരിക്കലും തനിക്ക് ജന ശ്രദ്ധപിടിച്ചുപറ്റാന്‍ വേണ്ടിയായിരുന്നില്ല ചന്ദ്രയുടെ ശ്രമം. ഇന്ത്യയിലെ ജനങ്ങളുടെ ഉന്നമനത്തിന് തനിക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്തു നല്‍കുക എന്നത് മാത്രമായിരുന്നു ചന്ദ്ര ലക്ഷ്യമിട്ടിരുന്നത്.

image


ഓരോ യാത്രക്ക് ശേഷവും ചന്ദ്ര രണ്ട് മാസം വിശ്രമിക്കും. ഈ സമയം പുതിയ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും അടുത്ത യാത്ര ആസൂത്രണം ചെയ്യലുമാണ് നടക്കുന്നത്. ആദ്യത്തെ യാത്രക്കു ശേഷം ഗോവയിലും കര്‍ണാടകയിലും കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം വിവിധ പ്രോജക്ടുകളാണ് ചന്ദ്ര നടത്തിയത്.കര്‍ണാടകയിലെ കര്‍വാറില്‍ ബധിര മൂക വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ തുടങ്ങുന്നതിന് അദ്ദേഹം സഹായിച്ചു. സ്‌കൂളിലേക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നല്‍കിയാണ് സഹായിച്ചത്. നോര്‍ത്ത് ഗോവയില്‍ പരമ്പരാഗതമായി അവര്‍ ചെയ്ത് വരുന്ന തകര്‍ച്ചയുടെ വക്കിലായിരുന്ന നെയ്ത്ത് വ്യവസായത്തെ പുനരുജ്ജീവിപ്പിച്ചു. ബാംഗ്ലൂരിലെ ഒരു ഓര്‍ഫനേജിന് ആവശ്യമായ കിടക്കകള്‍ വാങ്ങി നല്‍കി. താനെയില്‍ സൈക്ലോണില്‍ നാശനഷ്ടങ്ങളുണ്ടായ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ അവര്‍ക്ക് അഭയം നല്‍കി. തമിഴ്‌നാടില്‍ ടൗണ്‍ഷിപ്പ് സാധ്യമാക്കി. കേരളത്തിലെ യുവാക്കള്‍ക്കായി വിവിധ കലാപരിപാടികള്‍ കൊണ്ടുവന്നു. യാത്രകളിലെല്ലാം താന്‍ ഒറ്റക്കാണെങ്കിലും അതത് സ്ഥലത്തെ ആളുകളുമായി ചേര്‍ന്നാണ് പദ്ധതികള്‍ നടത്തുന്നത്.

image


തന്റെ മൂന്നാമത്തെ നടത്തത്തില്‍ ഗോവയില്‍നിന്ന് ഡല്‍ഹി വരെയായിരുന്നു ചന്ദ്രയുടെ യാത്ര. മഹാരാഷ്ട്ര. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളെല്ലാം താണ്ടി നൂറ് ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കിയത്. 2500 കിലോമീറ്ററായിരുന്നു ഈ യാത്ര. ഓരോ യാത്രകള്‍ക്ക് മുമ്പെയും തന്‍ മനസിലെടുക്കുന്ന തീരുമാനങ്ങളാണ് നടത്തയ്ക്കുള്ള തന്റെ ഊര്‍ജ്ജമെന്ന ചന്ദ്രയുടെ സാക്ഷ്യപ്പെടുത്തല്‍ അംഗീകരിക്കാതെ വയ്യ. ഓരോ യാത്രയിലും താന്‍ സഞ്ചരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തെങ്കിലും പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയാണ് ചന്ദ്രയുടെ മടക്കം. ഈ പ്രോജക്ടുകളെയെല്ലാം പരസ്പരം ബന്ധിപ്പിക്കാനാണ് അടുത്ത ശ്രമം. ചന്ദ്രയുടെ ഓരോ യാത്രകളിലുമുള്ള താമസത്തിനും ഭക്ഷണത്തിനും ഉള്‍പ്പെടെ എല്ലാ ചെലവുകളും ചന്ദ്ര സ്വന്തമായി വഹിക്കുകയാണ് ചെയ്യുന്നത്.