അന്യം നില്‍ക്കുന്ന വേദിക് മെറ്റല്‍ ആര്‍ട്‌സിന് കൈത്താങ്ങായി ശിവകുമാര്‍

0

വേദിക് മെറ്റല്‍ ആര്‍ട്‌സിന്റെ ദൃശ്യവിസ്മയമൊരുക്കി കാണികളെ അത്ഭുതപ്പെടുത്തുകയാണ് തിരുവനന്തപുരം തിരുമല സ്വദേശി ശിവകുമാര്‍. ചെമ്പ്, പിച്ചള, വെള്ളി എന്നീ ലോഹങ്ങളിലാണ് ശില്പങ്ങള്‍ തീര്‍ത്തിരിക്കുന്നത്. വീട് അലങ്കരിക്കാന്‍ അനുയോജ്യമായ വിധത്തിലുള്ള ശില്പങ്ങളുടെ വന്‍ ശേഖരമാണ് ശിവകുമാറിന്റെ കരവിരുതില്‍ വിരിഞ്ഞിട്ടുള്ളത്.

കാമധേനുവും കല്‍പ വൃക്ഷവും എന്ന ശില്‍പത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചെമ്പ്, വെള്ളി, പിച്ചള എന്നീ ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ശില്പം പൂര്‍ത്തിയാക്കാന്‍ ഒമ്പത് മാസം വേണ്ടിവന്നു. ഏകദേശം നാല് ലക്ഷം രൂപയോളം ഈ ശില്പത്തിന് ചെലവായി. ഇത് കൂടാതെ യേശു ക്രിസ്തു, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, മാതാ അമൃതാനന്ദമയി എന്നിവയുടെ ശില്പങ്ങളും ശ്രദ്ധേയമാണ്.

തിരുമല അരയല്ലൂര്‍ ചെറുവിളാകത്ത് വീട്ടില്‍ ശിവകുമാറിന് ചെറുപ്പം മുതല്‍ ശില്പകലയിലുള്ള വാസനയാണ് ഈ തൊഴിലിലേക്ക് തിരിയാന്‍ കാരണമായത്. ഭാവനയില്‍ വിരിയുന്ന ശില്പങ്ങളെല്ലാം എത്ര ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലും ശിവകുമാര്‍ വാശിയോടെ ചെയ്ത് തീര്‍ക്കും.

ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇലകളും പൂക്കളും കൗതുകം ജനിപ്പിക്കുന്നവയാണ്. അതാത് ലോഹങ്ങളുടെ വര്‍ണത്തിന്റെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മാണ രീതി. വൈദിക അറിവും ശില്പ നിര്‍മാണത്തില്‍ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ വേദിക് ആര്‍ട്‌സ് ശില്പങ്ങള്‍ നിര്‍മിക്കുന്ന ഏക വ്യക്തി താന്‍ മാത്രമാണെന്ന് ശിവകുമാര്‍ അവകാശപ്പെടുന്നു. പിതാവ് രംഗനാഥനാചാരിയില്‍ നിന്നും നിന്നും പകര്‍ന്നു കിട്ടിയ അറിവ് വലിയ അനുഗ്രഹമായാണ് ശിവകുമാര്‍ കാണുന്നത്. ചെറുപ്പം മുതല്‍ തന്നെ അച്ഛന്റെ ജോലിയില്‍ താത്പര്യം കാട്ടിയിരുന്ന ശിവകുമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വേദിക് ആര്‍ട്‌സ് പഠിക്കാന്‍ തീരുമാനിച്ചത്.

ഈ കല അന്യം നിന്ന് പോകാതെ കൂടുതല്‍ പേര്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് ശിവകുമാറിന്റെ ആഗ്രഹം. തിരുവനന്തപുരത്ത് ജ്വല്ലറി ഷോപ്പ് നടത്തുകയാണ് ശിവകുമാര്‍. ഭാര്യ ഗംഗയും തന്റെ ശില്പകലയില്‍ സഹായിക്കാറുണ്ടെന്ന് ശിവകുമാര്‍ പറയുന്നു. മകള്‍ ആരതി തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ്, മറ്റൊരു മകള്‍ നീലിമ ബിരുദ വിദ്യാര്‍ഥിനിയാണ്.