പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയില്‍ മെഡിക്കല്‍കോളേജിന് വീണ്ടും മികച്ച വിജയം

പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയില്‍ മെഡിക്കല്‍കോളേജിന് വീണ്ടും മികച്ച വിജയം

Wednesday January 11, 2017,

1 min Read

കേരള ആരോഗ്യ സര്‍വകലാശാല ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ അവസാനവര്‍ഷ പെര്‍ഫ്യൂഷന്‍ ടെക്‌നോളജി ഡിഗ്രി പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് മികച്ച നേട്ടം കൈവരിച്ചു. ദിവ്യ എം.സി. ഒന്നാം സ്ഥാനവും അന്‍സു മാത്യു രണ്ടാം സ്ഥാനവും ലക്ഷ്മി പ്രിയ എല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷവും ഈ പരീക്ഷയില്‍ മെഡിക്കല്‍ കോളേജ് മികച്ച നേട്ടം കൈവരിച്ചിരുന്നു.

image


കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ബി.എസ്.സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി കോഴ്‌സ് തുടങ്ങിയത് ഇവിടെയാണ്. പ്ലസ് ടൂവിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന 6 പേര്‍ക്കാണ് ഈ കോഴ്‌സില്‍ അഡ്മിഷന്‍ ലഭിക്കുക.

പ്രയാസമേറിയ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്നത് ഹാര്‍ട്ട് ലംഗ് മെഷീന്റെ സഹായത്തോടെയാണ്. ശസ്ത്രക്രിയ സമയത്ത് രോഗിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം നടക്കുന്നത് ഈ യന്ത്രം വഴിയാണ്. ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ശസ്ത്രക്രിയക്കാവശ്യമായ രീതിയില്‍ ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം ക്രമീകരിക്കേണ്ടതും പെര്‍ഫ്യൂഷണിസ്റ്റുകളുടെ ജോലിയാണ്. ഇക്‌മോ (ECMO), ഐ.എ.ബി.പി., അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവയിലും ഇവരുടെ സേവനം അത്യന്താപേക്ഷിതമാണ്. ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ അധ്യാപകരുടെ കീഴിലാണ് ഈ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടിയത്.