ഉപഭോക്താവ് രാജാവാണെന്ന് മനസിലാക്കി ട്രൂസെമാന്റിക്

0

ഒരു ബിസിനസിന്റെ വിജയം അതിന്റെ ഉപഭോക്താക്കളുമായുള്ള ആഴത്തിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില ബ്രാന്‍ഡുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഉപഭോക്താക്കള്‍ ശക്തമായി പ്രകടിപ്പിക്കുന്നു. ഇത് കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നു. ഈ തിരിച്ചറിവില്‍ നിന്നാണ് 'ട്രൂസെമാന്റിക്' എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ തുടക്കം. ഇതുവഴി കമ്പനികള്‍ക്ക് അവരുടെ ഉത്പ്പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ നേരിട്ട് അറിയാന്‍ സാധിക്കും. കല്ല്യാണ്‍ മണ്യമാണ് ഇതിന്റെ സ്ഥാപകനും സി.ഇ.ഒയും. ഇത് യുവര്‍ സ്റ്റോറിയുടെ ടെക്ക് 30 2015ല്‍ ഉള്‍പ്പെടുന്ന സ്റ്റാര്‍ട്ട് അപ്പാണ്.

ഉത്പ്പന്നം

'ട്രൂസെമാന്റിക്' ഉപഭോക്താക്കളില്‍ നിന്ന് അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിക്കുന്ന ഒരു ഉത്പ്പന്നമാണ്. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ആപ്പ് സ്റ്റോര്‍, ഫീഡ്ബാക്ക് ഇമെയില്‍, എസ്.എം.എസ്, സപ്പോര്‍ട്ട് സെന്ററുകള്‍, റിവ്യൂ സൈറ്റുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് ഇത് ലഭിക്കുക. ഈ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും അത് ജീവനക്കാരില്‍ കൃത്യസമയത്ത് എത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് ഉത്പ്പന്നങ്ങളുടെ ഘടനയില്‍ വളരെ പെട്ടെന്ന് മാറ്റങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിക്കും.

വിവരങ്ങളുടെ ആഴം മനസ്സിലാക്കിയ ശേഷം 10 മിനിട്ടു മുതല്‍ 2 ദിവസത്തെ സമയത്തിനുള്ളില്‍ വേണ്ട മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയും. ഉത്പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഉപഭോക്താക്കളെ നേരിട്ട് വെബ്‌സൈറ്റ്, മൊബൈല്‍, എസ്.എം.എസ്, ഇമെയില്‍ എന്നിവ വഴി സമീപിക്കാനും 'ട്രൂസെമാന്റിക്' സഹായിക്കുന്നു.

ട്രൂസെമാന്റിക്കിലേക്കുള്ള വഴി

വലിയ ബിസിനസുകാരുടെ വിജയകഥകള്‍ അച്ഛനില്‍ നിന്ന് കേട്ടാണ് കല്ല്യാണ്‍ വളര്‍ന്നത്. കൂടാതെ മഹാന്‍മാരുടെ നേട്ടങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ വളരെ മുമ്പ് തന്നെ ഒരു വ്യവസായിയുടെ വിത്ത് പാകിയിരുന്നു. അങ്ങനെ അദ്ദേഹം ഇന്നോവ ഹെല്‍ത്ത് സിസ്റ്റംസ് ആരംഭിച്ചു. 2002ല്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ ഉടനെയാണ് ഇത് തുടങ്ങിയത്. ടെലിമെഡിസിന്‍ സോഫ്റ്റ് വെയര്‍ ലഭ്യമാക്കുന്ന ഒരു ഹെല്‍ത്ത് കെയര്‍ കമ്പനിയാണിത്. അദ്ദേഹത്തിന്റെ 36ാം വയസ്സിലെ നാലാമത്തെ സംരംഭമാണ് 'ട്രൂസെമാന്റിക്'. 'ഇന്ത്യറോക്ക്‌സ്.കോം', 'മോജോസ്ട്രീറ്റ്' എന്നിവയായിരുന്നു മറ്റു സംരംഭങ്ങള്‍.

തന്റെ നേരത്തേയുള്ള രണ്ട് സ്റ്റാര്‍ട്ട് അപ്പുകളിലും ഉണ്ടായിരുന്ന ഒരു നല്ല ടീമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് കല്ല്യാണ്‍ പറയുന്നു. 'കമ്പനിയിലെ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവര്‍ എന്റെ കൂടെ നിന്നു. കമ്പനിയുടെ ലക്ഷ്യത്തില്‍ എത്തിച്ചേരാനായി അവര്‍ ഒരുപാട് കഷ്ടപ്പെട്ടു.'

അദ്ദേഹത്തിന്റെ സംരംഭത്തിലേക്കുള്ള ആദ്യ ചുവടുകളില്‍ നിന്ന് ഇപ്പോള്‍ സ്ഥിതി വളരെ വ്യത്യസ്തമാണ. 'പണ്ട് സ്റ്റാര്‍ട്ട് അപ്പുകളെക്കുറിച്ച് ഒരേയൊരു കാഴ്ച്ചപ്പാട് മാത്രമേ ഉണ്ടായിരുന്നുള്ളു. തോല്‍വി മാത്രമാണ് അതില്‍ നിന്ന് ലഭിക്കുക എന്ന കാഴ്ച്ചപ്പാട്. ഇന്ന് ഈ സ്ഥിതിയ്ക്ക് നല്ല മാറ്റം വന്നിട്ടുണ്ട്. മാധ്യമങ്ങള്‍, നിക്ഷേപകര്‍ എന്നിവയുടെ കുറവ് ഇന്ന് പാടേ മാറിക്കഴിഞ്ഞു.'

ഭാവി

2015 ഏപ്രിലാണ് 'ട്രൂസെമാന്റിക്' ആരംഭിച്ചത്. അന്നു മുതല്‍ ഇത് ശക്തി പ്രാപിച്ച് വരികയാണ്. ഓണ്‍ലൈന്‍ കൊമേഴ്‌സിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവരുടെ ഉത്പ്പന്നത്തിന്റെ നിലയുറപ്പിക്കാനായി പരിശ്രമിക്കുന്നു. ഇപ്പോള്‍ 8 ഉപഭോക്താക്കള്‍ അവര്‍ക്കുണ്ട്. 2015 മാര്‍ച്ചോടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനാണ്അവര്‍ ശ്രമിക്കുന്നത്.

ഗാസ് കമ്പനികളുടെ ഭാവിയെക്കുറിച്ച് കല്ല്യാണ്‍ ഇങ്ങനെ പറയുന്നു ; 'ഇന്ത്യയില്‍ നിന്ന് ആഗോള തലത്തില്‍ ഒരു സാസ് കമ്പനി തുടങ്ങാനുള്ള നല്ല സമയമാണിത്. ഒരു കമ്പനിക്ക് സുസ്ഥിര വളര്‍ച്ച സമ്മാനിക്കുന്ന ഏതൊരു ഉത്പ്പന്നത്തിനും ആഗോള തലത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. എന്ന് ഞാന്‍ വിശ്വസിക്കുന്നു'.

യുവര്‍ സ്റ്റോറിയുടെ പക്ഷം

ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞാല്‍ സി.ഇ.ഒമാര്‍ക്കും എക്‌സിക്ക്യൂട്ടീവുകള്‍ക്കും വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും.

'വെബ് എംഗേജ്','ക്ലൗഡ് ചെറി' ; ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന 'മെഡാല്ലിയ', 'മാരിട്ക്‌സ് സി എക്‌സ്' എന്നിവരുമായി മത്സരിച്ച് മുന്‍നിരയില്‍ എത്താന്‍ ഒരുപാട് പ്രയത്‌നിക്കേണ്ടി വരും.

മത്സരം കൂടി വരികയാണ്. അതുകൊണ്ടു തന്നെ നിലവിലുള്ള ഉപഭോക്താക്കളെ നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഉപഭോക്താക്കളുടെ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. ലഭിക്കുന്ന നല്ല വിവരങ്ങളുടേയും ശക്തമായ അപഗ്രഥനത്തിന്റേയും മേന്‍മയില്‍ നല്ല വ്യവസായം കെട്ടിപ്പടുക്കാനാകുമെന്നാണ് കല്യാണിന്റെ വിശ്വാസം.