പാമ്പെവിടെയുണ്ടോ 'വാവ'യുണ്ട് അവിടെ

പാമ്പെവിടെയുണ്ടോ 'വാവ'യുണ്ട് അവിടെ

Saturday January 09, 2016,

3 min Read

വിജയങ്ങള്‍ ലോകത്തില്‍ പലവിധമുണ്ട്.. ഓരോ വിജയങ്ങളും വ്യത്യസ്തമായിരിക്കുകയും ചെയ്യും.. ചിലര്‍ ബിസിനസ് ചെയ്ത്, മറ്റു ചിലര്‍ കളിച്ച്, ചിലര്‍ പഠിച്ച് വിജയങ്ങള്‍ സ്വന്തമാക്കുന്നു, പക്ഷേ പാമ്പിനെ പിടിച്ച് വിജയിച്ചയാള്‍ ഈ ഭൂമിമലയാളത്തില്‍ ഒരേ ഒരു ആളെയുള്ളു. അയാളാണ് വാവസുരേഷ്...പാമ്പിനെ പിടിച്ച് വാവ സുരേഷ് കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കിയൊന്നുമില്ല..പക്ഷേ ആജന്മശത്രുവിനെ പോലെ കരുതുന്ന പാമ്പിനെ മുന്നില്‍ കണ്ടാല്‍ ഏതൊരു മലയാളിയും ഓര്‍ക്കുക മരണത്തെയല്ല പകരം വാവ സുരേഷ് എന്ന പാമ്പുകളുടെ തോഴനെയാണ്. ഇതാണ്, ഇതുമാത്രമാണ് ഈ മനുഷ്യന്റെ വിജയം. ഒരു പാമ്പുപിടുത്തക്കാരനുവേണ്ടി മലയാളികള്‍ ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിക്കുന്നു.ഫ്‌ലക്‌സ് ബോര്‍ഡുകള്‍, അടിക്കുന്നു, ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, പിണങ്ങിപ്പോകുമ്പോള്‍ സ്‌നേഹത്തോടെ തിരികെ വിളിക്കുന്നു, കേവലം പാമ്പു പിടുത്തക്കാരനില്‍ നിന്നും വാവ സുരേഷ് എന്ന മനുഷ്യന്‍ മലയാളികളുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായ കഥ ആര്‍ക്കും പ്രചോദനമാണ്... ആ കഥയിലേക്ക്....

image


ശ്രീകാര്യത്താണ് വാവസുരേഷിന്റെ വീട്. തന്റെ 12ാമത്തെ വയസുമുതലാണ് വാവ സുരേഷും പാമ്പുകളുമായുള്ള ബന്ധം ആദ്യമായി തുടങ്ങുന്നത്. ശ്രീകാര്യം പാമ്പുകള്‍ ധാരാളമുള്ള പ്രദേശമാണ്. ഒരിക്കല്‍ വാവസുരേഷ് സ്‌കൂളില്‍ പോകുന്ന വഴി ഒരു പാമ്പിനെ കണ്ടു. വടികൊണ്ട് അതിനെ ഒന്നു തട്ടിനോക്കിയപ്പോള്‍ പാമ്പ് എഴുന്നേറ്റു നിന്നു, വാവ സുരേഷ് ഈ പാമ്പിനെ പിടിച്ചു കയ്യിലുണ്ടായിരുന്ന കുപ്പിയില്‍ അടച്ചു സ്‌കൂളില്‍ കൊണ്ടുപോയി. വൈകുന്നേരം ഭദ്രമായി പാമ്പിനെ വീട്ടിലെത്തിക്കുകയും ചെയ്തു. 'കുട്ടി' വാവയുടെ പാമ്പുപിടുത്തം വീട്ടില്‍ പ്രശ്‌നമായി. എങ്കിലും വാവ സധൈര്യം പാമ്പ് പിടുത്തവുമായി മുന്നോട്ട് പോയി. പിന്നീട് സ്‌കൂളില്‍ പോകുന്ന വഴിക്ക് നീര്‍ക്കോലിയെ കണ്ടാല്‍ പോലും വാവ വെറുതെ വിടില്ല. 

image


പാമ്പുകളോടൊപ്പം അന്നു തുടങ്ങിയ ജൈത്രയാത്ര 27 വര്‍ഷമായി ഇന്നും തുടരുന്നു. ഇക്കാലത്തിനിടയ്ക്ക് വാവ 42000 ത്തോളം പാമ്പുകളെ പിടിച്ചുകാണും. അതില്‍ 30000ല്‍ അധികവും മൂര്‍ഖന്‍മാരാണ്. ഇതില്‍ 300 പ്രാവശ്യമെങ്കിലും വാവയ്ക്ക് പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. ഇതില്‍ രണ്ടോമുന്നോ പ്രാവശ്യം മാത്രമെ വാവയ്ക്ക് വെന്റിലേറ്ററില്‍ കിടക്കേണ്ടിവന്നിട്ടുള്ളു. ശരീരത്തില്‍ പാമ്പുവിഷത്തെ പ്രതിരോധിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് വിഷമേല്‍ക്കാത്തതെന്നു വാവ സുരേഷ് പറയുന്നു.

image


മരണത്തെ മുഖാമുഖം കണ്ടിട്ടും എന്തുകൊണ്ടും പാമ്പു പിടുത്തം തുടരുന്നു എന്നു ചോദിച്ചാല്‍ വാവ സുരേഷിന് കൃത്യമായ മറുപടിയുണ്ട്. പാമ്പ് പിടുത്തതിലൂടെ വളരെ മൂല്യമുള്ള ഒരു ജോലിയാണ് താന്‍ ചെയ്യുന്നതെന്നും, ജനവാസകേന്ദ്രത്തില്‍ എത്തുന്ന ഒരു പാമ്പിനെ പിടികൂടുമ്പോള്‍, പാമ്പിനെ സംരക്ഷിക്കാനും ഒപ്പം മനുഷ്യനെ സംരക്ഷിക്കാനും അതൊടൊപ്പം പ്രകൃതിയെ സംരക്ഷിക്കാനും കഴിയുന്നുവെന്നും, പാമ്പ് ഒരുപാട് ഗുണങ്ങളുള്ള ഔഷധമാണെന്നും ഒപ്പം പ്രോട്ടീന്റെ കലവറയാണെന്നും വാവ സുരേഷ് പറയുന്നു.

image


സംഭവം പാമ്പിനെ പിടിക്കലാണെങ്കിലും വാവയ്ക്ക് വിമര്‍ശകരും ധാരാളമുണ്ട്. ശാസ്ത്രീയമായ രീതിയില്ലല്ല വാവസുരേഷ് പാമ്പുപിടിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം. പക്ഷേ അപ്പോള്‍ പാമ്പിനെ പിടികൂടാനെ പാടില്ലെന്നാണ് വാവ സുരേഷ് പറയുന്ന മറുപടി. ഉപകരണങ്ങള്‍ ഉപയോഗിച്ച് പാമ്പിനെ പിടിച്ചാല്‍ അവ ചത്തുപോകും. സ്റ്റിക്ക് പോലുള്ളവ ഉപയോഗിക്കുമ്പോള്‍ പാമ്പുകളുടെ ശരീരത്തില്‍ ക്ഷതമുണ്ടാകുന്നു, അതുകൊണ്ട് തന്നെ വാവസുരേഷ് തന്റെ സുരക്ഷയെക്കാളുപരി പാമ്പുകളുടെ സുരക്ഷയ്ക്കായി ശാസ്ത്രീയതകളെ മറക്കുന്നു.

image


ഒരു സ്ഥലത്ത് പാമ്പുണ്ടെന്നു കേട്ടാല്‍ അവിടെയെത്തി പിടികൂടുന്നതോടെ വാവ സുരേഷിന്റെ ജോലി കഴിഞ്ഞെന്നുകരുതിയെങ്കില്‍ തെറ്റി. കുട്ടികളക്കം,വാവയുടെ പാമ്പുപിടുത്തം കാണാനെത്തുന്നവരുടെ മുന്നില്‍ ചെറിയൊരു പ്രദര്‍ശനം കാഴ്ച്ചവെച്ചേ വാവ മടങ്ങാറുള്ളു. ഇതിലൂടെ കുട്ടികള്‍ അക്കമുള്ളവരുടെ പേടിയകറ്റി അതിലൂടെ പാമ്പിന് സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. പേടിമാറിയാല്‍ നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊല്ലുകയോ കല്ലെറിയുകയോ ചെയ്യില്ലല്ലോ. പാമ്പുകടിച്ചാല്‍ മരിക്കില്ലേ എന്നു വാവ സുരേഷിനോട് ചോദിച്ചാല്‍ ഉടനെ വരും മറുപടി എന്താ ബസ് ഇടിച്ചാലും മരിക്കില്ലേ.? വാവ സുരേഷിന്റെ മുന്നില്‍വു പാമ്പുകളെപ്പറ്റി വല്ല കുറ്റവും പറഞ്ഞാല്‍ മനുഷ്യവര്‍ഗത്തിന്റെ കുറവുകള്‍ എടുത്തുപറഞ്ഞു വാവ അതിനെ നേരിടും, അത്രയ്ക്കുണ്ട് ഈ യുവാവും പാമ്പുകളും തമ്മിലുള്ള ആത്മബന്ധം. ലോകത്തില്‍ ഒരുപക്ഷേ സ്വന്തമായി ഫെയ്‌സ്ബുക്ക് പേജുള്ള ഏക പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ് ആയിരിക്കാം.

image


വനം വകുപ്പുപോലും പാമ്പിനെകണ്ടാല്‍ ആദ്യം വിളിക്കുന്നത് വാവ സുരേക്ഷിനെയാണ്. പക്ഷേ സര്‍ക്കാരില്‍ നിന്നോ ബന്ധപ്പെട്ടവരില്‍ നിന്നോ കാര്യമായ സഹായമൊന്നും ലഭിച്ചില്ല. നാട്ടുകാരാണ് വാവ സുരേഷിന്റെ ഏക ആശ്രയം. ആദ്യമൊക്കെ തീര്‍ത്തും സൗജന്യമായിട്ടായിരുന്നു പാമ്പുപിടുത്തം.10,12 ജില്ലകളില്‍ ഓടിനടന്നു പാമ്പിനെ പിടിക്കുന്ന വാവയ്ക്ക് ചിലര്‍ കാശുകൊടുക്കും ചിലര്‍ ഒന്നും കൊടുക്കില്ല. വല്ലപ്പോഴും തേടിയെത്തുന്ന അവാര്‍ഡുകളും, പാമ്പുകളുമായി ബന്ധപ്പെട്ടെടുക്കുന്ന ബോധവത്ക്കരണക്ലാസുമൊക്കെയാണ് ഉപജീവനമാര്‍ഗം. അച്ഛനും അമ്മയും, അനിയത്തിയും രണ്ട് ചേട്ടന്‍മാരും അങ്ങുന്നതാണ് വാവസുരേഷിന്റെ കുടുംബം.

image


ഒരിക്കല്‍ പാമ്പുപിടുത്തം അവസാനിപ്പിക്കാന്‍ വാവസുരേഷ് തീരുമാനിച്ചതാണ്. വാവ പാമ്പിന്‍വിഷമെടുത്തു വില്‍ക്കുന്നുവെന്നായിരുന്നു ആരോപണം. പക്ഷേ നാട്ടുകാരുടെ സമ്മര്‍ദ്ദം മൂലം വാവ സുരേഷ് വീണ്ടും തിരിച്ചെത്തി. തന്നെ വിശ്വസിക്കുന്ന സ്‌നേഹിക്കുന്ന നാട്ടുകാരുടെ ജീവനാണ് തനിക്ക് വലുത്. പാമ്പ് ഒരിക്കലും ആക്രമിക്കില്ല. അങ്ങോട്ടുപദ്രവിച്ചാല്‍ മാത്രമെ അതും ഉപദ്രവിക്കു, പാമ്പ് മരുന്നാണ്, പ്രകൃതിയില്‍ അവിഭാജ്യ ഘടകമാണ്, അവ സംരക്ഷിക്കപ്പെടണം ഒപ്പം മനുഷ്യനും. പത്രങ്ങളിലും മറ്റും തന്റെ നമ്പര്‍ വന്നതുകണ്ടാണ് ആളുകള്‍ തന്നെ വിളിക്കുന്നത്. തന്നെ വിശ്വസിച്ച് വിളിക്കുന്നവരെ എന്തുവിലകൊടുത്തും താന്‍ രക്ഷിക്കും. നാട്ടുകാരുടെ സ്‌നേഹവും വിശ്വാസവും തനിക്കുള്ളപ്പോള്‍ വിവാദങ്ങള്‍ ഒന്നും ഒരു പ്രശ്‌നമല്ലെന്നു വാവ സുരേഷ് പറയുന്നു.

image


പാമ്പ് കടിയേറ്റാന്‍ എന്തു ചെയ്യണമെന്ന് പാമ്പുകളെക്കുറിച്ച് ധാരാളം പഠനം നടത്തിയ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ഭയപ്പെടാതിരിക്കുക, ഭയന്നുപോയാല്‍ ബീപ്പി കൂടി ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകും, പാമ്പ് കടിച്ചതിനു മുകള്‍ ഭാഗത്ത് വച്ച് തുണിയൊ മറ്റൊ വച്ചുകെട്ടുക, എന്നാല്‍ കയര്‍ പോലുള്ളവ വച്ച് കെട്ടുകയും അരുത്, രക്തയോട്ടം പൂര്‍ണമായും തടയാതെ വേണം കെട്ടാന്‍. വല്ലാതെ മുറുക്കിക്കെട്ടിയാല്‍ അപകടം ഉണ്ടാകാം. കടിച്ച ഭാഗത്ത് ബ്ലെയ്‌ഡോ കത്തിയോ ഉപയോഗിച്ച് മുറിവുണ്ടാക്കാം. കടിയേറ്റഭാഗം നെഞ്ചിനു മുകളിലേക്ക് ഉയര്‍ത്തരുത്, കടിയേറ്റ വ്യക്തി നടക്കുകയും ഇരിക്കുകയും അരുത്.

image


വാവസുരേഷിന്റെ കൈകളില്‍ പാമ്പ് കടിയേറ്റതിന്റെ നിരവധി പാടുകള്‍ കാണാം, പക്ഷേ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും വാവ സുരേഷ് നമുക്കൊപ്പമുണ്ട്.. മനുഷ്യരുടെ രക്ഷകനായി പാമ്പുകളുടെ തോഴനായി. മണിമന്ദിരങ്ങള്‍ പടുത്തുയര്‍ത്തിയതും ബാങ്ക് ബാലന്‍സ് കൂട്ടിയതുമൊന്നുമല്ല വാവ സുരേഷ് എന്ന വ്യക്തിയുടെ വിജയം. ഒരു സമൂഹത്തിന്റെ അവിഭാജ്യഘടകമായി മാറിയതാണ്...ഒരു ഇഴജന്തുവിന് തന്റെ ജീവനെക്കാള്‍ ജീവിതത്തെക്കാള്‍, വില നല്‍കിയതാണ്‌