നൃത്തത്തില്‍ വിസ്മയം തീര്‍ത്ത് രേഖ രാജു

നൃത്തത്തില്‍ വിസ്മയം തീര്‍ത്ത് രേഖ രാജു

Monday December 14, 2015,

2 min Read

നൃത്ത്യ വിഭുഷന്‍, നൃത്ത്യ വിലാസിനി, നൃത്ത്യ രഞ്ജിനി, യുവ കലാഭാരതി, അഭിനവ ഭാരതി, നാട്യവേദ, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നൃത്ത്യകൗമുദി എന്നിങ്ങനെ ഈ നര്‍ത്തകിയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളുടെ കണക്കെടുത്താല്‍ തീരാത്തവിധം നീളുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികള്‍ അവര്‍ നൃത്തത്തൊടൊപ്പം യാത്രചെയ്തു. കല്പാത്തിയില്‍ നിന്നും നൃത്തത്തിലൂടെ സഞ്ചരിച്ച് വിദൂരങ്ങള്‍ താണ്ടിയ ഡോക്ടര്‍ രേഖ രാജുവിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

image


കാറ്റില്‍ പോലും നൃത്തവും സംഗീതവും മണക്കുന്ന കല്‍പ്പാത്തിയിലെ മണ്ണിലാണ് രേഖയുടെ പാദം ആദ്യമായി സ്പര്‍ശിക്കുന്നത്. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ ജയലക്ഷ്മി രാഘവന്റേയും ബിസിനസുകാരനായ രാജുവിന്റേയും ഏകമകളായ രേഖയ്ക്ക് തന്റെ കുട്ടിക്കാലത്ത് താല്‍പ്പര്യം സംഗീതത്തോടായിരുന്നു. കാതിനിമ്പം പകര്‍ന്ന അമ്മയുടെ താരാട്ട് പാട്ടുകള്‍ അതിനെ ആരോഹണത്തിലെത്തിച്ചു. നൃത്തത്തോടും സംഗീതത്തോടും ഒരേപോലെ ഇഷ്ടം കൂടിയിരുന്ന അമ്മ ജയലക്ഷ്മിക്ക് പക്ഷേ അത് പഠിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല.പക്ഷേ മകള്‍ക്ക് അങ്ങനെ ഒരവസ്ഥ ഉണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ഇതിനിടയില്‍ കുട്ടിക്കാലത്ത് ഐടി നഗരമായ ബാംഗ്ലൂരിലേക്കു പറിച്ചു നടപ്പെട്ടുവെങ്കിലും അവര്‍ തന്റെ കലാസപര്യയുടെ തുടക്കം കുറിച്ചത് അവിടെയായിരുന്നു. പാട്ടിനോടുള്ള താത്പര്യം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് അതിനെ നൃത്തം മറികടന്നു. അമ്മയുടെ വിരലില്‍ തൂങ്ങിയാണ് മൂന്നര വയസ്സുകാരിയായ രേഖ തന്റെ ചുവടുകള്‍ ഉറപ്പിക്കാന്‍ ഗുരുവായ പത്മിനി രാമചന്ദ്രന്റെ അരികിലെത്തുന്നത്. നൃത്തം പഠിക്കാനെത്തിയ രേഖ തീരെ ചെറിയ കുട്ടിയായതിനാല്‍ ഗുരു ഒന്നും പഠിപ്പിച്ചില്ല. മുതിര്‍ന്ന കുട്ടികള്‍ നൃത്തം ചെയ്യുന്നത് നോക്കിയിരുന്ന രേഖയുടെ ഉള്ളിലെ നര്‍ത്തകി പ്രതിബന്ധങ്ങളില്‍ തോറ്റു പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. തന്നെയും നൃത്തം പഠിപ്പിക്കണമെന്ന നിര്‍ബന്ധവുമായി ആ മൂന്നര വയസ്സുകാരി ഗുരുവിന്റെ പിന്നാലെ കൂടി. അങ്ങനെ നമസ്‌കാരം എന്ന ഒറ്റ സ്റ്റെപ് പഠിപ്പിച്ച ഗുരു അത് വീട്ടില്‍ പോയി പരിശീലിച്ചു വരാന്‍ പറഞ്ഞു. അങ്ങനെയാണ് തുടക്കം. നാലര വയസ്സിലാണ് അവരുടെ ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സ്. 45 മിനിറ്റുള്ള ഭരതനാട്യം അന്നാ വേദിയില്‍ രേഖ അവതരിപ്പിച്ചു. ബംഗ്ലൂരില്‍ തന്നെയായിരുന്നു അരങ്ങേറ്റം, 18ാമത്തെ വയസ്സില്‍. പിന്നീട് ചുവടുകളില്‍ നിന്നും ചുവടുകളിലേക്ക് ഒഴുകുന്നതുപോലെ വേദികളില്‍ നിന്നും വേദികളിലേക്ക്.

image


'സ്‌കൂളിലും മറ്റും പ്രോഗ്രാമുകള്‍ ചെയ്യുമായിരുന്നുവെങ്കിലും അരങ്ങേറ്റം ഇവിടത്തെപ്പോലെയല്ലായിരുന്നു ബാംഗ്ലൂരില്‍. ഭാവങ്ങളും നവരസങ്ങളും പദങ്ങളും ഒക്കെ ഉള്‍ക്കൊള്ളാറായി എന്ന് ബോധ്യം വരുമ്പോഴേ അവിടെ അരങ്ങേറ്റം നടത്താറുള്ളൂ. ചെറിയ പ്രായത്തില്‍ തോന്നുന്നത് ഒരു പക്ഷേ കോസ്റ്റ്യൂമുകളോടുള്ള കൗതുകമാകാം. എന്നാല്‍ വളരുമ്പോള്‍ തനിക്ക് എന്താണ് ആവശ്യമെന്ന് അയാള്‍ക്ക് മനസ്സിലാവും',

image


ഭരതനാട്യം മാത്രമല്ല മോഹിനിയാട്ടവും കഥക്കും കുച്ചുപ്പുഡിയും ഒഡീസിയുമെല്ലാം രേഖ പഠിച്ചിട്ടുണ്ട്, വേദികളില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അവര്‍ക്ക് പ്രണയം മലയാളത്തനിമയുള്ള മോഹിനിയാട്ടത്തോടാണ്. തുടക്കത്തില്‍ ഭരതനാട്യം പെര്‍ഫോമന്‍സ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണമായും മോഹിനിയാട്ടത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, പഠനവും പരിശീലനവും അതില്‍ മാത്രം. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ മാത്രം ഭരതനാട്യം. കലാമണ്ഡലം ഉഷ നാഥനാണു രേഖയുടെ മോഹിനിയാട്ടത്തിലെ പ്രഥമ ഗുരു. നീണ്ട 12 വര്‍ഷം അവരുടെ കീഴില്‍ പരിശീലനം. പിന്നീട് അത് പ്രശസ്ത നര്‍ത്തകി ഗോപികാ വര്‍മ്മയുടെ ശിക്ഷണത്തില്‍. മോഹിനിയാട്ടത്തോടുള്ള പ്രണയം കാരണം അവര്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും പി എച് ഡി നേടുകയും ചെയ്തു. മാര്‍ഗ്ഗി ആന്‍ഡ് ദേസി ടെക്‌നിക്‌സ് ഇന്‍ ഭരതനാട്യം ആന്‍ഡ് മോഹിനിയാട്ടം എന്ന വിഷയത്തിലായിരുന്നു അവര്‍ റിസര്‍ച്ച് നടത്തിയത്. പ്രശസ്ത കഥകളി കലാകാരന്‍ ചന്തു പണിക്കരുടെ മകന്‍ ജനാര്‍ദ്ദനന്റെ സഹായത്തോടെയാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്.