ജ്വാലയായ് അശ്വതി....

ജ്വാലയായ് അശ്വതി....

Thursday January 14, 2016,

3 min Read

ചിലര്‍ വ്യത്യസ്തരാകുന്നത് അവര്‍ കാണുന്ന സ്വപ്‌നത്തിന്റെ പേരിലാകാം..അങ്ങനെ വ്യത്യസ്തമായ സ്വപ്‌നം കണ്ടു വ്യത്യസ്തയായ ഒരു പെണ്‍കുട്ടിയുണ്ട് തിരുവനന്തപുരത്ത്, അശ്വതി. സാധാരണ പെണ്‍കുട്ടികള്‍ ഉയര്‍ന്ന ജോലി, സുരക്ഷിതമായ ജീവിതം എന്നൊക്കെ സ്വപ്‌നം കാണുമ്പോള്‍ അശ്വതി കാണുന്ന സ്വപ്‌നം പട്ടിണിയില്ലാത്ത തെരുവിനെയാണ്...വെറുതെ സ്വപ്‌നം കാണുകയല്ല ഇവള്‍ ചെയ്യുന്നത് തന്നാലാകുന്നത് ചെയ്യുകയും ചെയ്യുന്നു. അഗതികളെ സഹായിക്കുന്നവര്‍, സാമൂഹ്യ സേവനം നടത്തുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. പക്ഷേ അവരില്‍ നിന്നെല്ലാം അശ്വതി നായര്‍ എന്ന പെണ്‍കുട്ടി വ്യത്യസ്തയാകുന്നു.. ഒരുപാട് സമ്പത്ത് സ്വന്തമാക്കി എന്നാല്‍ ഇനി അല്‍പം സാമൂഹ്യസേവനം ആകാം എന്നു പറഞ്ഞ് ഒരു സുപ്രഭാതത്തില്‍ ഇറങ്ങിത്തിരിച്ചയാളല്ല അശ്വതി. തന്റെ ഇല്ലായ്മയില്‍ നിന്നുമാണ് ഈ പെണ്‍കുട്ടി മറ്റുള്ളവരുടെ വിശപ്പകറ്റുന്നത്.അച്ഛനും അമ്മയും സൗന്ദര്യമില്ലാത്തവരാകുമ്പോള്‍, ബാധ്യതയാകുമ്പോള്‍, രോഗികളാകുമ്പോള്‍ തെരുവില്‍ വലിച്ചെറിയപ്പെടുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന നിരാലംബരുടെ മുന്നിലേക്കാണ് അശ്വതി പൊതിച്ചോറുമായി ചെല്ലുന്നത്.അശ്വതിയുടെ അമ്മ വീട്ടുജോലിക്കു പോയും, അശ്വതിയും അനിയത്തിയും മെഡിക്കല്‍ റെപ്രസന്റേറ്റീവ് ജോലിചെയ്തുമാണ് തെരുവിന്റെ വിശപ്പടക്കാനുള്ള പണം ആദ്യം കണ്ടെത്തിയിരുന്നത്.. എന്നാല്‍ ഇന്ന് അശ്വതിയ്ക്കും, അശ്വതി രൂപം കൊടുത്ത ജ്വാലയ്ക്കും സുമനസുകളുടെ സഹായം കൂട്ടായുണ്ട്..ഇന്ന് അശ്വതിയും ജ്വാലയും ചേര്‍ന്ന് 60ല്‍ അധികം ആളുകള്‍ക്ക് പൊതിച്ചോറ് എത്തിക്കുന്നു.

image


അശ്വതിയെന്ന സാധാരണ പെണ്‍കുട്ടി മറ്റുള്ളവരുടെ വിശപ്പകറ്റുകയെന്ന ഉദ്യമത്തിലേക്ക് എത്തിപ്പെട്ടതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ അശ്വതി അറിയുന്നു തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ശനിയാഴ്ച്ച ദിവസങ്ങളില്‍ ഭക്ഷണം ലഭിക്കാറില്ലെന്ന്. ചെറുപ്പത്തില്‍ വിശപ്പ് എന്താണെന്ന് ധാരാളം അനുഭവിച്ചിട്ടുള്ള അശ്വതിയ്ക്ക് ഇതുകേട്ട് വെറുതെയിരിക്കാനായില്ല, പൊതിച്ചോറുമായി അശ്വതി നേരെ ജനറല്‍ ആശുപത്രിയിലേക്ക്. പക്ഷേ അവിടെ കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയായില്ല. ഡിഎംഒ ഭക്ഷണം വിതരണം ചെയ്യാന്‍ അശ്വതിയെ അനുവദിച്ചില്ല. വയറുനിറയെ ഭക്ഷണം നല്‍കിയിട്ട് ഇവരൊക്കെ മലവിസര്‍ജനം നടത്തിയാല്‍ നീ വന്നു കോരുമോയെന്നായിരുന്നു ഡിഎംഒയുടെ ചോദ്യം. ആശുപത്രിയിലെ പാവങ്ങളായ രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ ഒടുവില്‍ നിയമ പോരാട്ടം വരെ നടത്തേണ്ടിവന്നു അശ്വതിയ്ക്ക്. ആശുപത്രിയിലെ അനുഭവം കൂടുതല്‍ വിശക്കുന്ന വയറുകളിലേക്ക് ആഹാരമെത്തിക്കാന്‍ അശ്വതിയ്ക്ക് ആവേശമാകുകയായിരുന്നു.

image


അമ്മ പൊതിഞ്ഞു നല്‍കിയ ചോറുമായി ആദ്യം തെരുവില്‍ വിശക്കുന്ന വയറുകളേ തേടി അശ്വതി ഇറങ്ങിച്ചെന്നപ്പോള്‍ പലരും തുറിച്ചുനോക്കി, പരിഹസിച്ചു, പക്ഷേ പരിഹാസവും വിമര്‍ശനവും ഒക്കെ വകവെയ്ക്കാതെ അശ്വതി മുന്നോട്ടു തന്നെ നീങ്ങിയപ്പോള്‍ പിന്തുണയ്ക്കാനും ആളുകളെത്തി. ആദ്യം അമ്മയും, അനിയത്തിയും,അശ്വതിയും മാത്രം അടങ്ങിയതായിരുന്നു ജ്വാലയെങ്കില്‍ ഇന്നു ജ്വാലയ്ക്ക് 30തോളം സജീവ പ്രവര്‍ത്തകരുണ്ട്. ഇവരെല്ലാം ചേര്‍ന്നാണ് തലസ്ഥാന നഗരത്തിലെ അഗതികളുടെ വിശപ്പകറ്റുന്നത്, ജ്വാലയില്‍ അംഗങ്ങളാകണമെങ്കില്‍ മെംബര്‍ഷിപ്പ് ഫീസോ, മറ്റു നിബന്ധനകളോ ഒന്നുമില്ല, പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും ജ്വാലയിലെ അംഗങ്ങളാകാം, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന സന്മനുകളുടെ സഹായത്തിലാണ് ജ്വല പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്തുന്നത്. 

image


ജ്വാലയെ സഹായിക്കാനായി ഗള്‍ഫില്‍ പോയവര്‍ പോലുമുണ്ട്. ജ്വാലയ്ക്ക് വേണ്ടി അശ്വതി ഒരു രൂപ പോലും ആരോടും ചോദിച്ച് വാങ്ങിയിട്ടില്ല. ഇങ്ങോട്ടുവന്ന് ചെയ്യുന്ന സഹായം സ്വീകരിക്കുമെന്നു മാത്രം, ജ്വാലയും അശ്വതിയും ഇന്നു കേരളത്തിന് സുപരിചിതയാണെങ്കിലും സര്‍ക്കാരില്‍ നിന്നും ഈ പെണ്‍കുട്ടിയ്ക്ക് ഇതുവരെ ലഭിച്ചത് അവഗണനമാത്രമാണ്. അന്തരിച്ച സ്പീക്കര്‍ ജീ കാര്‍ത്തികേയന്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തി അശ്വതിയ്ക്ക് സാമ്പത്തിക സഹായം നല്‍കി, ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും ജ്വാലയക്ക് കിട്ടിയ ഏക സാമ്പത്തിക സഹായം ഇതുമാത്രമാണ്,

image


ജ്വാലയുടെ നേതൃത്വത്തില്‍ ഒരു റെസ്‌ക്യൂ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്നാല്‍ തെരുവില്‍ നിന്നും ആരേയും നിര്‍ബന്ധിച്ച് പിടിച്ചുകൊണ്ടുവരാനും ജ്വാലയ്ക്ക് ഉദ്ദേശമില്ല, തെരുവിലാണ്, സ്വാതന്ത്ര്യമെങ്കില്‍, അതാണിഷ്ടമെങ്കില്‍ അവിടെ, ഇനി സംരക്ഷണം വേണ്ടവര്‍ക്ക് ജ്വാല സംരക്ഷണം ഒരുക്കുകയും ചെയ്യും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വാലയുടെ റെസ്‌ക്യൂ സെന്ററിന്‌ സ്വന്തമായൊരിടം അതാണ് അശ്വതിയുടെ ഇനിയുള്ള സ്വപ്നം.

image


നാം നിരത്തുകളിലൂടെ നടന്നുപോകുമ്പോള്‍, ചില്ലറത്തുട്ടുകള്‍ക്കായി കൈ നീട്ടുന്നവരെ കാണാം, അവരോട് അനുകമ്പ തോന്നി നാം ഒന്നോ രണ്ടോ രൂപ എറിഞ്ഞ് കൊടുക്കാറും ഉണ്ടാകാം..അതിനപ്പുറത്തേക്ക് എന്തുകൊണ്ട് അശ്വതിയെ പോലെ നമുക്ക് പ്രവര്‍ത്തിക്കാനാകുന്നില്ല എന്നു ചിന്തിച്ചിട്ടുണ്ടോ... തെരുവില്‍ പട്ടിണിക്കോലങ്ങളെക്കാണുമ്പോള്‍ അശ്വതിക്ക് നമ്മളെ പോലെ സഹാനുഭൂതിയും അനുകമ്പയും ഒന്നുമല്ല തോന്നുന്നത്. പ്രതിഷേധമാണ്, വാശിയാണ് അവരെ തെരുവിലെറിഞ്ഞ മക്കളോട്, ഉത്തരവാദിത്വം ഉണ്ടായിട്ടും, അവരെ സംരക്ഷിക്കാത്ത സര്‍ക്കാരിനോട്, അവഗണിക്കുന്ന സമൂഹത്തോട് അങ്ങനെ എല്ലാവരോടും ഉള്ള പ്രതിഷേധം. അതുകൊണ്ട് തന്നെ അശ്വതി നല്‍കുന്ന ഒരോ പിടിച്ചോറും അനുകമ്പയുടേതല്ല പ്രതിഷേധത്തിന്റേതാണ്.

image


ഒരാള്‍ക്കും യാതൊരു ഉപദ്രവും ഇല്ലാതെയാണ് ജ്വാലയുടെയും അശ്വതിയുടെയും പ്രവര്‍ത്തനമെങ്കിലും എതിര്‍ക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും യാതൊരു കുറവുമില്ല, അശ്വതി ചെയ്യുന്ന ചാരിറ്റി ഫെയ്‌സ്ബുക്ക് വഴി പരസ്യം ചെയ്യുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം, ഇങ്ങനെയൊരുവള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നറിയാന്‍, അവള്‍ നമുക്ക് പ്രചോദനവും അഭിമാനവും ആകാന്‍, അതിലുപരി നിത്യവൃത്തിക്കു കഷ്ടപ്പെടുന്നതിനിടയിലും പാവങ്ങളുടെ പട്ടിണിമാറ്റാന്‍ കഷ്ടപ്പെടുന്ന അശ്വതിയെ സഹായിക്കാന്‍ ആയിരങ്ങളെത്തിയതും ഈ സോഷ്യല്‍ മീഡിയ കാരണമാണ് എന്നതും ഒരു വസ്തുതാണ്. ഒരു നിയമ വിദ്യാര്‍ത്ഥിയായ അശ്വതി, പഠനത്തിന്റെയും ജോലിത്തിരക്കിന്റെയും ഇടയില്‍ നിന്നുമാണ് തെരുവില്‍ അലയുന്നവരെ സഹായിക്കാന്‍ സമയം കണ്ടെത്തുന്നത്... അപ്പോഴാണ് ചിലര്‍ യാതൊരു ജോലിയും ഇല്ലാതെ നേരംമ്പോക്കിനെന്നപോലെ അശ്വതിയെ വിമര്‍ശിക്കാനെത്തുന്നത് വിരോധാഭാസമാകുന്നു.

image


വിമര്‍ശനങ്ങളെ, പ്രതിബന്ധങ്ങളെ പുഞ്ചിരിച്ചു തള്ളികൊണ്ട് അശ്വതിയും ജ്വാലയും മുന്നോട്ടു കുതിക്കുകയാണ്, അശ്വതിയെ പലരും തിരുവനന്തപുരത്തിന്റെ മദര്‍തെരേസ എന്നൊക്കെ കളിയാക്കി വിളിക്കാറുണ്ട്.. വിമര്‍ശകരുടെ ആ നാക്ക് പൊന്നാകട്ടെ.. നാളെ പത്രത്താളുകളിലെ അച്ചടിമഷികള്‍ ഈ പെണ്‍കുട്ടിയെ കേരളത്തിന്റെ മദര്‍തെരേസ എന്നുവിശേഷിപ്പിച്ചേക്കാം.. ഇവളെ തേടി ഒരു നോബല്‍സമ്മാനം വന്നെന്നും ഇരിക്കാം...അശ്വതി വളരട്ടെ നന്മകളുടെ ജ്വാലയായി.....