ക്യാന്‍സറിനോട് പോരാടി മനീഷയുടെ തിരിച്ചുവരവ്

ക്യാന്‍സറിനോട് പോരാടി മനീഷയുടെ തിരിച്ചുവരവ്

Wednesday November 18, 2015,

2 min Read

എല്ലാം നഷ്ടപ്പെട്ടെന്ന് കരുതുന്ന അവസ്ഥയില്‍ നിന്നും തിരികെയെത്തുന്ന നായക കഥാപാത്രത്തെപ്പോലെയാണ് ഇന്ന് മനീഷാ കൊയ്‌രാളയെന്ന അഭിനേത്രി. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തിയ മനീഷയോട് തന്റെ അതിജീവനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ 'ക്യാന്‍സറിനപ്പുറത്തും ഒരു ജീവിതമുണ്ട്' എന്നായിരുന്നു മറുപടി. ഒറ്റ വരിയിലെ ഈ മറുപടിയില്‍ ഒരു കലാകാരിയുടെ തിരിച്ചു വരവിന്റെ കനല്‍ കത്തുന്നുണ്ടായിരുന്നു.

image


ലെനിന്‍ രാജേന്ദ്രന്റെ പുതിയചിത്രം ഇടവപ്പാതിയുടെ ഷൂട്ടിംഗിനായി തിരുവനന്തപുരത്തെത്തിയ മനീഷ ക്യാന്‍സര്‍ ബാധക്കു ശേഷമുള്ള തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസു തുറന്നു. ക്യാന്‍സറിനെ അതിജീവിച്ച വ്യക്തി എന്ന വിശേഷത്തെ അതിജീവിക്കുക എന്നതാണ് പ്രയാസമെന്ന് പറഞ്ഞ് മനീഷ ചിരിക്കുമ്പോള്‍ ആ കണ്ണുകളില്‍ ഭാവിയിലെ ജീവിതം തിളങ്ങുന്നു. ക്യാന്‍സര്‍ രോഗത്തോട് പോരാടി തിരികെ വന്നത് ഒരു വലിയ കാര്യമാണെങ്കിലും 'ഒരു കലാകാരി അറിയപ്പെടാനാഗ്രഹിക്കുന്നത് തീര്‍ച്ചയായും ക്യാന്‍സര്‍ രോഗി എന്ന നിലയില്‍ മാത്രമല്ലെന്ന് മനീഷ അടിവരയിടുന്നു. സിനിമയുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മരണത്തിനു തുല്യമായി ക്യാന്‍സറിനെ ചിത്രീകരിക്കുന്നതിനാല്‍ ജനങ്ങളില്‍ ഈ രോഗത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റേതിനേയും പോലെ അതിജീവിക്കാന്‍ കഴിയുന്ന രോഗമാണ് ക്യാന്‍സറുമെന്ന് തിരിച്ചറിയണം' മനീഷ പറഞ്ഞു. സമൂഹത്തിന് ഇത്തരമൊരു മനോഭാവമുണ്ടാകണം. ഇതിനായി സിനിമയോടൊപ്പം ക്യാന്‍സറിനെതിരായ ബോധവല്‍ക്കരണ പരിപാടികളിലും മനീഷ സജീവമാകുകയാണ്. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ ഇതേക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കുന്നുണ്ട്. മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പ് രോഗം തിരിച്ചറിയുന്നതിനു മുന്‍പ് ആരോഗ്യത്തെക്കുറിച്ച് തീരെ ശ്രദ്ധിച്ചിരുന്നില്ലെന്ന് മനീഷ തുറന്നു പറഞ്ഞു. പല ചിത്രങ്ങളിലും പുകവലിക്കാരിയായി അഭിനയിച്ചിട്ടുണ്ട്. ക്യാന്‍സറിനോട് പൊരുതുന്നതിനിടെയാണ് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ബോധമുണ്ടാകുന്നത്. ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാന്‍ ക്യാന്‍സര്‍ വരും വരെ കാത്തിരിക്കേണ്ടതില്ലെന്നും മനീഷ പറഞ്ഞു.

ഇന്ത്യയൊട്ടാകെ അസഹിഷ്ണുതയാണെന്നത് ശരിയല്ല. ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകും. പ്രതിഷേധത്തിന്റെ പേരില്‍ പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കുന്നതിനെക്കുറിച്ചു വ്യക്തമായറിയില്ലെന്നും മനീഷ പറഞ്ഞു. രണ്ടു കാലഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന ഇടവപ്പാതി എന്നചിത്രത്തിന്റെ കഥാപരിസരം കാവ്യാത്മകമാണെന്ന് മനീഷ പറഞ്ഞു. മലയാളത്തില്‍ ഇത്തരം ചിത്രങ്ങള്‍ ധാരാളമായുണ്ടാകുന്നത് പ്രേക്ഷകര്‍ അവയെ സ്വീകരിക്കുന്നതിനാലാകാമെന്നും അവര്‍ പറഞ്ഞു. 37 വര്‍ഷങ്ങളായി കര്‍ണാടകയിലെ ബൈലക്കൂപ്പയില്‍ അഭയാര്‍ത്ഥികളായി താമസിക്കുന്ന ടിബറ്റന്‍ വംശജരുടെ ആന്തരികസംഘര്‍ഷങ്ങളാണ് ഇടവപ്പാതിയുടെ പ്രമേയം.

image


യോദ്ധ എന്ന മലയാളചിത്രത്തില്‍ റിംപോച്ചയായി വേഷമിട്ട സിദ്ധാര്‍ത്ഥ് ലാമയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിദ്ധാര്‍ത്ഥ് എന്ന ടിബറ്റന്‍ വംശജന്റെ വേഷവും ഉപഗുപ്തന്റെ വേഷവും ചെയ്യുന്നത്. വാസവദത്തയായി ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തരഉണ്ണിയും വേഷമിടുന്നു. ചിത്രത്തില്‍ ബൈലക്കൂപ്പയിലെ എസ്റ്റേറ്റ് മാനേജരുടെ ഭാര്യയായും വാസവദത്തയുടെ അമ്മയായുമാണ് മനീഷ കൊയ്‌രാള അഭിനയിക്കുന്നത്. ബൈലക്കൂപ്പ, ഹംപി, കുളുമണാലി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ ജനുവരിയില്‍ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോ. സന്തോഷ് കുമാര്‍, രവിശങ്കര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ച്തിരത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത് മധു അമ്പാട്ടാണ്. ഉത്തരഉണ്ണി, പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.