ആര്യാംബികയാണ് കലോല്‍സവത്തിലെ താരം

 ആര്യാംബികയാണ് കലോല്‍സവത്തിലെ താരം

Sunday January 31, 2016,

2 min Read


''ആയിരമായിരം ആണ്ടുകള്‍ മുന്‍പേ ആദിമ വേദാക്ഷരമായ്......കലയുടെ നൂപുര നാദമുണര്‍ന്നത് കാലം ചെവിയോര്‍ക്കുന്നു.....'' ഈ വരികള്‍ കൗമാരത്തിന്റെ കലാ ഉണര്‍വുകള്‍ക്ക് ഉന്മേഷം പകരുന്നതാണ്. ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ ആദ്യാവരികളാണിവ. വര്‍ഷങ്ങളായി കലോത്സവുമായി അടുത്ത ബന്ധമുണ്ടെങ്കിലും സ്വാഗതഗാനത്തിലൂടെ വീണ്ടും കലോത്സവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കവി എസ് വി ആര്യാംബിക. അധ്യാപികയും കവയിത്രിയുമായ ആര്യാംബികയാണ് ഇത്തവണത്തെ കലോത്സവ സ്വാഗതഗാനം എഴുതിയിരിക്കുന്നത് കലോത്സവങ്ങളില്‍ തിളങ്ങിയിരുന്ന ആര്യാംബിക ഈ വര്‍ഷം അണിയറ പ്രവര്‍ത്തനത്തിലാണ് താരമായത്. 1996ല്‍ കോട്ടയത്ത് നടന്ന കലോത്സവത്തില്‍ കാവ്യകേളിക്ക് ആര്യാംബികക്ക് സമ്മാനം ലഭിച്ചിരുന്നു.

image


സുതാര്യകേരളം പരിപാടിയുടെ ശീര്‍ഷകഗാനം എഴുതിയത് ആര്യംബികയാണ്. ഇതാണ് ഇത്തവണ സ്വാഗതഗാനം എഴുതാന്‍ നിമിത്തമായത്. ഗാനത്തിന്റെ ആശയം ഡി പി ഐ .എം എസ് ജയ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് ഗാനരചനക്ക് പ്രത്യേക തയാറെടുപ്പുകള്‍ ഒന്നും നടത്തിയില്ല. വളരെ വേഗത്തില്‍ ഗാനരചനപൂര്‍ത്തിയാക്കാന്‍ സാധിച്ചു. കര്‍ണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും മാപ്പിളപ്പാട്ടിന്റെ ഇശലുകളുമെല്ലാം കോര്‍ത്തിണക്കിയാണ് ഗാനം രചിച്ചത്. കരിപ്പയറ്റും പാട്ടില്‍ കടന്നുവരുന്നുണ്ട്. അതിനാല്‍ ഇടയ്ക്കിടെ പാട്ടിന് ചടുലത ഉണ്ടാക്കും. 12 മിനിറ്റാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. സ്വാഗതഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രമേശ് നാരായണനും കോറിയോഗ്രാഫിയിലൂടെ വിസ്മയക്കാഴ്ച ഒരുക്കുന്നത് മധുഗോപിനാഥ് സമുദ്രയും വക്കം സജീവും സംഘവുമാണ്. സ്വാഗതഗാനത്തിന്റെയും ദൃശ്യാവിഷ്‌കാരത്തിന്റെയും പരിശീലനം കാണാന്‍ ആര്യാംബിക കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഗാനം അവതരിപ്പിച്ച് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഗാനം കേട്ട് വിദ്യാഭ്യാസ മന്ത്രിയും അഭിനന്ദിച്ചിരുന്നെന്ന് ആര്യാംബിക പറഞ്ഞു.

image


രണ്ട് കവിതാസമാഹാരവും ആര്യംബിക പുറത്തിറക്കിയിട്ടുണ്ട്. 2006ല്‍ പുറത്തിരങ്ങിയ മണ്ണാങ്കട്ടയും കരിലയുമാണ് ആദ്യത്തെ കവിതാസമാഹാരം. 2010ല്‍ രണ്ടാമത്തെ കവിതാസമാഹാരം തോന്നിയപ്പോലെ ഒരു പുഴ പുറത്തിറങ്ങി. അതിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം, കേരളസാഹിത്യഅക്കാദമിയുടെ കനകശ്രീ പുരസ്‌കാരം, വെണ്മണി പുസ്‌കാരം എന്നിവയും മണ്ണാങ്കട്ടയും കരിയിലക്കും സ്വാതി അയ്യപ്പപ്പണിക്കര്‍ പുസ്‌കാരവും ലഭിച്ചിട്ടുണ്ട്. അച്ഛന്റെ ഭാഷാ സ്‌നേഹം തന്നെ വളരെ അധികം സ്വാധിനിച്ചിട്ടുണ്ടെന്ന് ആര്യാംബിക പറഞ്ഞു. എഴുത്തിന് എല്ലാ പ്രോത്സാഹനവും തന്നിരുന്നത് അച്ഛനാണ്. പാലാ പൂവരണി ഗവ. യു പി സ്‌കൂളിലെ സംസ്‌കൃതം അധ്യാപികയാണ് ആര്യാംബിക. എഴുത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഐ ടി ഓഡിറ്ററായ ഭര്‍ത്താവ് ശ്രീദാസും മകന്‍ ശ്രീനന്ദനും കൂട്ടിനുണ്ട്.